Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുള്ളിപ്പുലിയുടെ പിടിയിൽ നിന്നും കൂട്ടുകാരനെ രക്ഷിച്ച ഏഴു വയസുകാരന്‍

Leopard

ഗുജറാത്തിലെ ഗീർ സോമനാഥ് ജില്ലയിലെ തീരദേശ ഗ്രാമമായ ആരതിയയിലാണ് പുള്ളിപ്പുലിയുടെ വായില്‍ നിന്ന് തന്‍റെ കൂട്ടുകാരനെ ഏഴു വയസുകാരന്‍ രക്ഷിച്ചത്. ജെയ്‌രാജ് ഗോയലാണ് തന്റെ അയല്‍ വാസിയും സുഹൃത്തുമായ നീലേഷിനെ പുള്ളിപ്പുലിയുടെ പിടിയില്‍ നിന്നു മോചിപ്പിച്ചത്. രണ്ടു പേരും വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു സംഭവം.

കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുകയായിരുന്ന പുള്ളിപുലി ചാടിവീണ്  നീലേഷിനെ ആക്രമിക്കുകയായിരുന്നു. നീലേഷിനെ പിടികൂടിയ പുലി കുട്ടിയെ വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ പതറാതെ നിന്ന ജെയ്‌രാജ് പുലിയെ കല്ലെടുത്ത് തിരിച്ചാക്രമിച്ചു. കല്ലേറില്‍ പരിക്കേറ്റതോടെ പുലി കുട്ടിയുടെ മേലുള്ള പിടിവിട്ട് ജെയ്‌യുടെ നേരെ തിരിഞ്ഞു.

ഇതോടെ അടുത്തുണ്ടായിരുന്ന ഇലക്ട്രോണിക് കളിപ്പാട്ടവും ജെയ് പുലിക്കുനേരെ എടുത്തെറിഞ്ഞു. കളിപ്പാട്ടത്തിനുള്ളിലെ അലാം ഉച്ചത്തില്‍ ശബ്ദിക്കാന്‍ തുടങ്ങിയതോടെ പുലി വിരണ്ടു പിന്‍മാറുകയായിരുന്നു. ഇതിനിടെ നീലേഷിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ആളുകളെത്തി. സാരമായി പരിക്കേറ്റില്ലെങ്കിലും കുട്ടിയെ വൈകാതെ ആശുപത്രിയിലെത്തിച്ചു.

Leopard

ജെയ് രാജിന്‍റെ അവസരോചിതമായ ഇടപെടലാണ് നീലേഷിനെ രകഷിച്ചതെന്ന് ഇവർ പഠിക്കുന്ന ആരതിയ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പലായ പ്രതാപ് റാത്തോഡ് പറഞ്ഞു.പുലിയെ പിടികൂടാനായി വിവിധ ഇടങ്ങളിലായി വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജെയ്ക്ക് അഭിനന്ദനങ്ങള്‍ നല്‍ാകാനായി വനം വകുപ്പ് സ്കൂളില്‍ പരിപാടിയും സംഘടപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുള്ളിപ്പുലിയിൽ നിന്നും കൂട്ടുകാരനെ രക്ഷിച്ച ഈ ഏഴുവയസുകാരനാണ് ഇപ്പോൾ ഗ്രാമത്തിലെ താരം.