Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാഴങ്ങളിൽ മറഞ്ഞിരുന്ന അപൂർവ മത്സ്യത്തെ കണ്ടെത്തി; ഇത്രയും കാലം ഈ കൂറ്റൻ മത്സ്യം ശാസ്ത്ര ലോകത്തെ കബളിപ്പിച്ചതെങ്ങനെ?

sunfish A beached hoodwinker sunfish, the new species described by researchers from Murdoch University. Image Credit: Murdoch University

കടലാഴങ്ങളിൽ മറഞ്ഞിരുന്ന അപൂർവ മത്സ്യമായ സൺഫിഷിനെ കണ്ടെത്തി. നീണ്ട നാലു വർഷത്തെ പരിശ്രമത്തിനൊടുവിൽ ഓസ്ട്രേലിയയിലെ മർഡോക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ അപൂർവ മത്സ്യത്തെ കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ  മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക്  14 അടിവരെ നീളവും  10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്. 

കാലങ്ങളായി ശാസ്ത്രലോകത്തില്റെ കണ്ണിൽ പെടാതെ മറഞ്ഞിരിക്കുകയായിരുന്നു ഹുഡ്‌വിങ്കർ സൺഫിഷ് അഥവാ മോലാ ടെക്റ്റാ എന്നു പേരിട്ടിരിക്കുന്ന ഈ മത്സ്യം. എല്ലാവർഷവും നൂറുകണക്കിനു പുതിയ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. എന്നാൽ 130 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്ര വലിയൊരു ജീവിയെ കണ്ടെത്തുന്നത്. മർഡോക് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ മരിയൻ നൈഗാർഡാണ് സൺഫിഷുകളിലെ നാലാമത്തെ വിഭാഗമായ ഹുഡ്‌വിങ്കർ സൺഫിഷിനെ കണ്ടെത്തിയത്. ഇന്തോനേഷ്യയിലെ ബാലിയിൽ കാണപ്പെടാറുള്ള സൺഫിഷിനെക്കുറിച്ചു ഗവേഷണം നടത്താനെത്തിയ മരിയൻ പുതിയൊരു ജീവിവിഭാഗത്തെ തന്നെ കണ്ടെത്തുകയായിരുന്നു.

150തോളം സൺഫിഷുകളുടെ ഡിഎൻഎ സാമ്പിളുകൾ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയിരുന്നു. അതിലൊരെണ്ണം നിലവിലുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം സൺഫിഷിനെ കണ്ടെത്താൻ ഗവേഷക സംഘത്തെ സഹായിച്ചത്. ലോകത്തിന്റെ പല ഭാഗത്തുള്ള മത്സ്യഗവേഷക സംഘത്തോടും മരിയൻ ഹുഡ്‌വിങ്കർ സൺഫിഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. 

ഒടുവിലാണ് ന്യൂസീലാൻഡിലെ ക്രൈസ്റ്റ്ചർച്ച് തീരത്ത് നാലു സൺഫിഷുകൾ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവിരം ലഭിച്ചത്. അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ച് മറഞ്ഞിരുന്ന ഹുഡ്‌വിങ്കർ സൺഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതൽ പഠനത്തിനു വിധേയമാക്കി. വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ സഹായിക്കുന്നവയാണ്.ഈ പ്രത്യേകത തന്നെയാണ് ഇവയെ ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെടാതെ കഴിയാൻ സഹായിച്ചതും. ന്യൂസീലാൻഡ്, ടസ്മാനിയ, സൗത്ത് ഓസ്ട്രേലിയ വിക്ടോറിയ, ന്യൂ സൗത്ത് വേൽസ് , സൗത്ത് ആഫ്രിക്ക, ചിലി എന്നിവിടങ്ങളിലും ഈ വിഭാഗത്തിൽ പെട്ട മീനുകളുള്ളതായി ഗവേഷക സംഘം വ്യക്തമാക്കി.

related stories