Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യമാംസം തിന്നുന്ന കടൽജീവികളുടെ ആക്രമണം; നിലയ്ക്കാത്ത രക്തപ്രവാഹവുമായി കൗമാരക്കാരൻ

Sam Kanizay

ഓസ്ട്രേലിയയിലെ മെൽബൺ നിവാസിയായ സാം കാനിസേ എന്ന 16കാരനാണ് അജ്ഞാത കടൽ ജീവികളുടെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം പതിവു പോലെ ഫുട്ബോൾ കളിച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്ന സാം സമീപത്തുള്ള ബ്രിങ്ടൺ ബീച്ചിൽ ചെളിപുരണ്ട കാൽ വൃത്തിയാക്കാനായി ഇറങ്ങിയിരുന്നു.  പതിവായി സാമും കൂട്ടുകാരും നീന്താനിറങ്ങുന്ന കടലാണിത്. അന്നു വൈകുന്നേരം തണുത്ത കടൽ വെള്ളത്തിൽ കാലിട്ട് കുറേസമയം പാട്ടുകേട്ടിരുന്നു. 

അൽപസമയത്തിനു ശേഷം വെള്ളത്തിൽ നിന്നും കരയിലേക്ക് കയറിയപ്പോഴാണ് കാലിൽ നിന്നും നിർത്താതെ രക്തമൊലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കടൽത്തീരത്തിനു സമീപമുള്ള സ്വന്തം വീട്ടിലെത്തി പിതാവിനോട് പുറത്തേക്കു വരാൻ പറഞ്ഞു. പുറത്തെത്തിയ പിതാവും കുടുംബാംഗങ്ങളും സാമിന്റെ കാലുകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് ഞെട്ടി. കൂടുതൽ വ്യക്തമായി കാലിലേക്കു നോക്കിയപ്പോൾ ആയിരക്കണക്കിനു ചെറുജീവികൾ കുത്തിയതുപോലെയുള്ള പാടുകൾ കണ്ടെത്തി. പെട്ടെന്നു തന്നെ അവർ സാമിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും നിലയ്ക്കാത്ത രക്തപ്രവാഹത്തിന്റെ കാരണം കണ്ടെത്താനായില്ല.വെള്ളത്തിൽ മുങ്ങിയിരുന്ന കാൽ തണുത്തു മരവിച്ചതിനാലാകണം സാം ജീവികളുടെ ആക്രമണം അറിയാതിരുന്നത്.

Sam Kanizay

20 വർഷമായി ബ്രൈറ്റൺ ബീച്ചിനു സമീപത്തായാണ് സാമും കുടുംബം താമസിക്കുന്നത്. ഇതേവരെ ഇങ്ങനെയൊരു ആക്രമണം ഇവിടെയുണ്ടായതായി ആർക്കും അറിവില്ല. കാരണം കണ്ടെത്താനായി സാമിന്റെ പിതാവ് സാം നിന്നിരുന്ന കടൽത്തീരത്തുതന്നെയെത്തി. അവിടെനിന്നും ചെറിയ വലയ്ക്കുള്ളിൽ പച്ചമാംസം മുറിച്ചിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ചു. അൽപ സമയത്തിനു ശേഷം വലപൊക്കിയ സാമിന്റെ പിതാവ് വലയ്ക്കുള്ളിൽ ആയിരക്കണക്കിനു ചെറുജീവികളെ കണ്ടു ഞെട്ടി. 2 മില്ലീമീറ്റർ വരുന്ന സൂക്ഷ്മജീവികളായിരുന്നു ഈ ആക്രമണത്തിനു പിന്നിലെന്ന് അതോടെ വ്യക്തമായി.

സീ ഫ്ലീസ് എന്നറിയപ്പെടുന്ന ചെറിയ കടൽജീവികളാണിവയെന്നും ഇവ പൊതുവേ അക്രമണകാരികളല്ലെന്നുമാണ് സമുദ്രജീവി ഗവേഷകയായ ജനിഫർ വാക്കർ സ്മിത്തിന്റെ അഭിപ്രായം. സാധാരണയായി ഇവ ചത്ത സമുദ്രജീവികളുടെ മാംസമാണ് ഭക്ഷിക്കാറുള്ളത്. സാം കടലിലിറങ്ങി നിന്നതിനു സമീപം ഏതെങ്കിലും ചത്ത സമുദ്രജീവികളുടെ അവശിഷ്ടമോ അല്ലെങ്കിൽ കാലിൽ വ്രണമോ ഉണ്ടായിരുന്നിരിക്കാം അതിനാലാകണം സാം ഇവയുടെ ആക്രമണത്തിന് ഇരയായെതെന്നാണ് സ്മിത്തിന്റെ നിഗമനം.

സാമിന്റെ പരിക്കുകൾ ഭേദമായെന്നും ഉ‌ൻതന്നെ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. കടലിലെ ജീവികളുടെ ആക്രമണം ഭയപ്പെടുത്തിയെങ്കിലും ഇനിയും കടലിൽ ഇറങ്ങാനാണു സാമിന്റെ തീരുമാനം. എന്നാൽ ഒരുപാടുസമയം കടലിലറങ്ങി നിൽക്കുന്നത് ഒഴിവാക്കും.