Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന്നടിയിലെ നിഗൂഢവളയങ്ങൾ അന്യഗ്രഹജീവികളുടേതല്ല; പക്ഷേ ലക്ഷ്യം നശീകരണം

fairy circles

വിശാലമായി പരന്നുകിടക്കുന്ന പുൽമൈതാനങ്ങളിൽ പലപ്പോഴും ഒരു അദ്ഭുത പ്രതിഭാസം നടക്കാറുണ്ട്. പലയിടത്തായി പുല്ലൊന്നും ഇല്ലാതെ വൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണത്. ചെറുതും വലുതുമായി പല വലുപ്പത്തിൽ ചിതറിക്കിടക്കുന്ന വൃത്തങ്ങൾ ആരാണ് നിർമിക്കുന്നതെന്നതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. നമീബിയയിലെ പുൽമൈതാനങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടേറെ ‘നിഗൂഢ വൃത്തങ്ങൾ’ കണ്ടെത്തിയിട്ടുണ്ട്. ചില സൂക്ഷ്മജീവികളുടെ പ്രവർത്തനം കൊണ്ടാണ് ഇവ സംഭവിക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ അന്യഗ്രഹജീവികളുമായി പറക്കുംതളികകൾ വന്നിറങ്ങുമ്പോൾ വൃത്താകൃതിയിൽ പുല്ല് കരിയുന്നതാണെന്നാണ് ഇതുസംബന്ധിച്ച് ചിലരുടെ വിശ്വാസം. അതുകൊണ്ടാണ് അവിടെ പിന്നീട് പുല്ല് വളരാത്തതെന്നും അവർ പറയുന്നു. അതല്ല രണ്ടാം ലോകമഹായുദ്ധ കാലത്തെ വിഷബോംബുകളുടെ സ്വാധീനം കാരണം പുല്ല് വളരാത്തതാണെന്ന് വേറൊരു കൂട്ടർ. 

ശാസ്ത്രജ്ഞരും നിഗൂഢതാസൈദ്ധാന്തികരും തമ്മിലുള്ള തർക്കം ഇങ്ങനെ മുറുകുമ്പോഴാണ് 2008ൽ മറ്റൊന്നു സംഭവിക്കുന്നത്. ഡെന്മാർക്കിൽ തീരത്തോടു ചേർന്ന് കടലിൽ വ്യാപകമായി ‘നിഗൂഢ വൃത്തങ്ങൾ’ പ്രത്യക്ഷപ്പെട്ടതായിരുന്നു അത്! ഭൗമോപരിതലത്തിലെ തങ്ങളുടെ ‘ലാൻഡിങ്’ കേന്ദ്രങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ അന്യഗ്രഹജീവികൾ കടലിന്നടിയിലേക്ക്  മാറിയെന്നായിരുന്നു അതോടെ വാദം ഉയർന്നത്. പക്ഷേ അതിനെയും ഗവേഷകർ ഖണ്ഡിച്ചു. കടലിന്നടിയിൽ സൾഫൈഡിന്റെ അളവ് കൂടിയതിനാൽ പായലുകൾ വൃത്താകൃതിയിൽ നഷ്ടപ്പെട്ടതായിരുന്നു പ്രശ്നം. കാർഷികമാലിന്യങ്ങളും കീടനാശിനിപ്രയോഗവുമെല്ലാമായിരുന്നു സൾഫൈഡിന്റെ അളവ് കൂടാൻ കാരണം. ഇത് കടൽപ്പായലുകൾ വളരുന്ന ചതുപ്പ് പ്രദേശത്ത് ചില പ്രത്യേക ‘പോയിന്റുകളിൽ’ കേന്ദ്രീകരിക്കപ്പെട്ടു. സൾഫൈഡ് നിറഞ്ഞ മണ്ണിലെ പായലുകളെല്ലാം വൃത്താകൃതിയിൽ നശിച്ചു പോയതാണ് അന്യഗ്രഹജീവികളുണ്ടാക്കിയതെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്. പിന്നീട് പലയിടത്തും ഇത്തരം വൃത്തങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഡെന്മാർക്കിൽത്തന്നെ അടുത്തിടെ വീണ്ടും ഇതേ പ്രശ്നമുണ്ടായി. മെഡിറ്ററേനിയന്‍ തീരത്തും ബാൾടിക് കടലിലുമായിരുന്നു വൃത്താകൃതിയിലും ഓവൽ ആകൃതിയിലുമൊക്കെ പ്രത്യേക കാഴ്ച ദൃശ്യമായത്. മുകളിൽ നിന്നു നോക്കുമ്പോൾ വെള്ളത്തിന്നടിയിൽ തിളങ്ങുന്ന പോലെയായിരുന്നു വൃത്തങ്ങളുണ്ടായിരുന്നത്. ഇത് പിന്നെയും സംശയം ഇരട്ടിപ്പിച്ചു. സാറ്റലൈറ്റ് ഇമേജുകളും ശബ്ദതരംഗങ്ങളുപയോഗിച്ചുള്ള പരീക്ഷണങ്ങളുമെല്ലാം വഴി ഒരു കാര്യം വ്യക്തമായി. കടൽപ്പായലുകൾ ഇല്ലാത്ത ഭാഗങ്ങളാണ് ഇവിടെയും വൃത്തങ്ങളായി തോന്നിയത്. പക്ഷേ ഇത്തവണ പായലുകൾ ഇല്ലാതാകാൻ കാരണം സൾഫൈഡ് ആയിരുന്നില്ല. മറിച്ച് പുറത്തു നിന്നുള്ള ചില വിഷസസ്യങ്ങൾ അധിനിവേശം നടത്തിയതായിരുന്നു. ഇവയാകട്ടെ കടന്നു കയറുന്ന പ്രദേശത്തെ ചെടികളെയെല്ലാം നശിപ്പിച്ചു കളയാൻ പ്രാപ്തമായവയും ആയിരുന്നു. അതിനാൽത്തന്നെ ഗവേഷകർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു– സമുദ്രത്തിനടിയിലെ ഇത്തരം ‘നിഗൂഢവൃത്തങ്ങൾ’ ആ പ്രദേശത്തെ സസ്യജാലങ്ങളുടെ നാശത്തെയാണ് സൂചിപ്പിക്കുന്നത്.

fairy circles

ഡെന്മാർക്കിന്റെ കടലോരത്തും ബലേറിക് ദ്വീപസമൂഹങ്ങളോടു ചേർന്നുമായിരുന്നു ഈ വൃത്തങ്ങൾ ഇത്തവണ രൂപപ്പെട്ടത്. ബലേറിക്കിലെ ഏറ്റവും വലിയ ദ്വീപായ മയോർക്കയ്ക്ക് സമീപവുമുണ്ടായിരുന്നു വൃത്തങ്ങൾ. ഏറെ പേരെത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിതെന്നതും അധികൃതരുടെ ആശങ്ക കൂട്ടുന്നു. കാരണം ദ്വീപസമൂഹങ്ങൾക്ക് ചുറ്റിലും മലിനജലം കൂടുന്നുവെന്നും കാലാവസ്ഥാ വ്യതിയാനം പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയെന്നും ഉള്ളതിന്റെ ആദ്യസൂചനകളാണ് ഈ വൃത്തങ്ങൾ നൽകിയിരിക്കുന്നത്. കടലിന്നടിയിലെ സസ്യജാലങ്ങളുടെ വളർച്ചാപാറ്റേൺ നോക്കിയാണ് അവ എത്രമാത്രം ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് മനസിലാക്കുന്നത്. ഇവിടെ പൊസിഡോണിയ ഓഷ്യാനിക്ക(Posidonia oceanica) എന്ന കടൽപ്പായലുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. 

ഉഷ്ണമേഖലാപ്രദേശങ്ങളിൽ കടലിൽ അധികം ആഴത്തിലല്ലാത്ത ഭാഗത്ത് വളരുന്നവയാണ് ഈ പായലുകൾ. സ്രാവുകളും പലതരം മത്സ്യങ്ങളും കടലാമകളും തുടങ്ങി ജീവിവർഗങ്ങളാൽ സമ്പന്നമാണ് ഇവ വളരുന്നയിടങ്ങൾ. ജീവിക്കാനും ഭക്ഷിക്കാനും ശത്രുക്കളിൽ നിന്ന് ഒളിക്കാനുമെല്ലാം ഇടമൊരുക്കുന്നുവെന്നതാണ് ഈ പായലുകളുടെ പ്രത്യേകത. ശീതമേഖലകളിലും ചിലയിനം പായലുകൾ കാണാറുണ്ട്. ഇവയുടെ നാശമെന്നാൽ അത് കടലിന്നടിയിലെ നിശ്ചിത പ്രദേശത്തെ മുഴുവൻ ആവാസവ്യവസ്ഥയുടെയും തകർച്ചയായാണ് ഗവേഷകർ കാണുന്നത്.കോളനിയായി വളരുന്ന ഇത്തരം പായലുകൾക്കിടയിലേക്ക് പുറമേ നിന്നുള്ള വിഷസസ്യങ്ങൾ എത്തുന്നതോടെ പരാഗണം ഉൾപ്പെടെ താളം തെറ്റുന്നതാണു പ്രശ്നം. കോളനിയിലെ ഒരേയിനം സസ്യങ്ങൾ തമ്മിലുള്ള ‘ആശയവിനിമയ’ത്തെയും ഇവ ബാധിക്കും. മാത്രവുമല്ല, വർഷത്തിൽ ഏതാനും സെന്റിമീറ്റർ മാത്രമാണ് ഇവ വളരുന്നത്. ചെറിയൊരു നാശം സംഭവിച്ചാൽ തന്നെ പൂർണമായ തോതിൽ വീണ്ടുമൊരു ആവാസവ്യവസ്ഥ രൂപപ്പെട്ടു വരണമെങ്കിൽ വർഷങ്ങളെടുക്കും! 

കടലിന്നടിയിൽ കാണാവുന്ന ഭാഗത്തെ ഇത്തരം വൃത്തങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. എന്നാൽ ആഴങ്ങളിൽ സ്ഥിതി ഇതിലും ഭീകരമായിരിക്കുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച കൂടുതൽ പഠനം (Title-Fairy Circle Landscapes Under The Sea) സയൻസ് അഡ്വാൻസസ് ജേണലിലുണ്ട്.