Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്ഞാത ജീവികൾ ഡെവൺ തീരം കൈയടക്കി; ഞെട്ടലോടെ പ്രദേശവാസികൾ

 goose barnacles

ക‌ടൽത്തീരത്ത‌ടിഞ്ഞ അപൂർവ വസ്തു കൗതുകമാകുന്നു. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ഡെവണിലാണ് ഈ അപൂർവ വസ്തു തീരത്തടിഞ്ഞത്. മാംസളമായ കുഴലുകളുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണിത്.  കടലിലെ അന്യഗ്രഹ ജീവികൾ ഡെവൺ തീരം കൈയടക്കി എന്ന അടിക്കുറിപ്പോടെയാണ് പ്രദേശവാസികൾ ഈ വസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.യഥാർത്ഥത്തിൽ ഈ വസ്തു എന്താണെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. 

വടക്കൻ ഡെവണിലെ ഹാർട്ട്ലന്റ് അബേയിലെ കടൽത്തീരത്താണ് ഇത് അടിഞ്ഞത്. അവിടെ മാതാപിതാക്കൾക്കൊപ്പം ഒഴിവുദിവസം ആഘോഷിക്കാനെത്തിയ ഫൊട്ടോഗ്രഫറായ ലാറാ ക്ലർക്ക് വാഡിലാണ് ഈ വസ്തുവിനെ ആദ്യം കണ്ടത്. ഉടൻതന്നെ ലാറ അതിന്റെ ചിത്രങ്ങൾ പകർത്തി. ഇതിനു മുൻപ് ഇങ്ങനെയൊരു വസ്തുവിനെ എവിടെയും കണ്ടിട്ടില്ലായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നീണ്ട തടിക്കഷണത്തിലാണ് മാംസളമായ കുഴലുകൾപറ്റിപ്പിടിച്ച് വളർന്നിരിക്കുന്നതെന്ന് മനസിലായത്.

 goose barnacles

ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവ ആഴക്കടലിൽ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഗൂസ് ബർണക്കിൾസ് ആണെന്നു വ്യക്തമായത്. മറ്റെല്ലാ കടൽകക്കകളേയും പോലെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഈ ലാർവകൾ വളരുന്നത്. തണ്ടിലൂടെയാണ് അവയ്ക്കാവശ്യമായ ആഹാരം ലഭിക്കുന്നതും. കടലിനടിയിൽ പാറകളിലും തടിയിലുമായി കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. 

കക്കകൾ ഉൽപാദിപ്പിക്കുന്ന ഈ അപൂർവ പശ ഗവേഷകർക്കേറെ പ്രിയപ്പെട്ട വിഷയമാണ്. ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള രാസസ്തുവാണിത്. ഈ പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്. 

 goose barnacles

കടലിന്റെ അടിത്തട്ടിൽ നിരവധി ഗണത്തിൽ പെട്ട കടൽക്കക്കകൾ ഉണ്ടെങ്കിലും അവയൊന്നും അധികദൂരം സഞ്ചരിക്കാറില്ല. എന്നാൽ വേലിയേറ്റമുണ്ടാകുമ്പോൾ ഗൂസ് ബർണക്കിളിന് സ്ഥാനചലനം സംഭവിക്കാറുണ്ട്. അങ്ങനെ വേലിയേറ്റത്തിനിടയിൽ ഡെവൺ തീരത്തെത്തിയതാകാം ഇതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. നൂറുകണക്കിന് ആളുകളാണ് ഡെവൽ തീരത്തടിഞ്ഞ അപൂർവ വസ്തുവിനെ കാണാനെത്തുന്നത്.

ഇവിടെയെത്തുന്നതിനു പകരം ഗൂസ് ബർണക്കിൾസ് എന്ന കക്കകൾ വല്ല സ്പെയിനിലോ പോർച്ചുഗലിലോ അടിഞ്ഞിരുന്നെങ്കിൽ എപ്പോൾ തീൻമേശയിൽ എത്തിയെന്നു ചോദിച്ചാൽ മതി.കാരണം അവിടുത്തെ രുചികരമായ വിഭവങ്ങളിലൊന്നാണിത്.