Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം; കാരണം ഈ ഫോട്ടോ പറയും!

Dead gator Image Credit: Law Enforcement Division - Georgia DNR/ Facebook

രാജ്യാന്തര തലത്തില്‍ പ്രതിവർഷം 29 കോടി ടയറുകൾ ഉപയോഗശൂന്യമാകുന്നുവെന്നാണ് കണക്ക്. അതിൽ 5.5 കോടിയെങ്കിലും ടയറുകൾ കൃത്യമായി റീസൈക്കിൾ ചെയ്യപ്പെടാതെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. അതായത് ഉപയോഗശൂന്യമായ മൊത്തം ടയറുകളിലെ 20 ശതമാനം! മനുഷ്യൻ വലിച്ചെറിയുന്ന ഇവ മനുഷ്യനു തന്നെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. പക്ഷേ വലിച്ചെറിയുന്ന ടയറുകൾ കാരണം ജീവലോകത്തിനുണ്ടാകുന്ന മറ്റു ദോഷങ്ങളെപ്പറ്റി ഓർത്തിട്ടുണ്ടോ? പല മൃഗങ്ങളുടെയും ജീവൻ തന്നെയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അതും അവ പോലും അറിയാതെ. 

അമേരിക്കയിലെ ജോർജിയയിലുണ്ടായ അത്തരമൊരു സംഭവമാണ് പരിസ്ഥിതി സ്നേഹികൾക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ടയറിനുള്ളിൽ പെട്ടു പോയ മുതലയുടെ ചിത്രം പുറത്തുവിട്ടത് ജോർജിയ ഡിപാർട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസസ് ലോ എൻഫോഴ്സ്മെന്റ് വിഭാഗമായിരുന്നു. ചത്തുമലച്ച നിലയിലായിരുന്നു മുതല. അതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റും ചെയ്തു. വേട്ടക്കാരുടെ ശല്യത്തിൽ നിന്ന് ഇവയെ സംരക്ഷിക്കാൻ ഗാർഡുമാർ അക്ഷീണപ്രയത്നം തുടരുന്നതിനിടെയാണു പുതിയ സംഭവം.

ഏകദേശം 12 അടി നീളം വരും മുതലയ്ക്ക്; ഒത്ത രണ്ടു മനുഷ്യന്മാരെ ചേർത്തു വച്ചാലുള്ളത്ര നീളം! ഹാംബർഗ് സ്റ്റേറ്റ് പാർക്കിലെ തടാകത്തോടു ചേർന്നായിരുന്നു ഈ ആൺമുതലയുടെ ശവശരീരം അടിഞ്ഞത്. നീന്തുന്നതിനിടെ എങ്ങനെയോ മുതല ടയറിനകത്തേക്ക് കയറിപ്പോയതാണ് തലയിൽ നിന്ന് ടയർ വയറിനു സമീപത്തേക്കു നീങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത വിധം ടയർ വരിഞ്ഞു മുറുക്കിയതോടെയാണ് മുതലയുടെ മരണമെന്നാണ് കരുതുന്നത്. 

ഇത്തരം സംഭവങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് വനമേഖലകളെ പ്ലാസ്റ്റിക്കും മറ്റും കൊണ്ട് മലിനമാക്കല്ലേയെന്ന് ഫോറസ്റ്റ് വാർഡന്മാർ അഭ്യർഥിക്കുന്നതെന്നും അധികൃതർ പറയുന്നു. ആനയുടെ വയറ്റിൽ പ്ലാസ്റ്റിക്കും കടലാമയുടെ ആമാശയത്തിൽ നാണയങ്ങളുമെല്ലാം എത്തിച്ചേരുന്നതു പോലെ മനുഷ്യന്റെ കൈകൾ തന്നെയാണ് മുതലയുടെയും ‘കൊലപാതക’ത്തിനു പിന്നിൽ. വലിച്ചെറിയുന്ന ടയറിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകു മുട്ടയിട്ട് പെരുകുന്നതിനെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരം ടയറുകൾ പൊടിഞ്ഞ് അതിലെ വിഷപദാർഥങ്ങൾ മണ്ണിലും വെള്ളത്തിലും കലരുന്ന പ്രശ്നവുമുണ്ടെന്നോർക്കണം. ടയർ കത്തിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തെപ്പറ്റി പറയുകയും വേണ്ട. 

ടയർ കൃത്യമായി റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം ലോകവ്യാപകമായി ഉണ്ടെന്നതാണു സത്യം. കാരണം ഉപയോഗശൂന്യമായ ടയർ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും– ബാസ്കറ്റ് ബോള്‍ കോർട്ട് നിർമിക്കാൻ തുടങ്ങി റോഡുകളുടെ ഉപരിതലത്തിൽ വരെ ഇതുപയോഗിക്കുന്നു. അമേരിക്കയിലാകട്ടെ പ്രതിവർഷം 30 കോടി ടയറെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയുടെ റീസൈക്ലിങ് ഒരു വലിയ പ്രശ്നവുമാണ്. പുതിയ സാഹചര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ടയർ വരിഞ്ഞു ‘കൊലപ്പെടുത്തിയ’ മുതലയുടെ ചിത്രവും ആ പ്രചാരണത്തിൽ മുൻപന്തിയിലുണ്ടാകും.