Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്രാവിനെ വേട്ടയാടുന്ന മുതലകള്‍, മുതലകളെ വേട്ടയാടുന്ന സ്രാവുകള്‍

Alligator and shark An alligator grabs a small shark in an estuary. Photo: U.S. Fish and Wildlife Service

പലപ്പോഴും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു കാര്യമായിരുന്നു പരസ്പരം വേട്ടയാടുന്ന മുതലകളും സ്രാവുകളും .വ്യത്യസ്ത ജൈവവ്യവസ്ഥയില്‍ ജീവിക്കുന്ന ഇവ ഒരുമിച്ച് ഒരു സ്ഥലത്ത് എത്തിപ്പെടുന്നത് അസാധ്യമാണെങ്കിലും അങ്ങനെ ചിലപ്പോഴെങ്കിലും സംഭവിക്കാമെന്നായിരുന്നു ഗവേഷകരുടെ വാദം. വേട്ടയാടിയ സ്രാവുമായി നീങ്ങുന്ന മുതലയുടെ ചിത്രം പുറത്തു വന്നതോടെ ഗവേഷകരുടെ വാദം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ് . ഇതാദ്യമായാണ് ഇക്കാര്യം തെളിവുകളോടെ രേഖപ്പെടുത്തുന്നത്.

അമേരിക്കയിലെ ന്യൂ കാരൊലിനയിലാണ് സ്രാവിനെ പിടികൂടിയ ശേഷം അതുമായി നീങ്ങുന്ന മുതലയെ കണ്ടെത്തിയത്.  സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന നദീഭാഗത്തു നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഇതോടെയാണ് മുതലകള്‍ ശുദ്ധജലം വിട്ട് കടലിലേക്കെത്താറുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടത്. ഇങ്ങനെ ഇവയെത്തിയാല്‍ സ്രാവുകളും മുതലയും തമ്മിലുള്ള പോരാട്ടം തീര്‍ച്ചയായും സംഭവിക്കാവുന്ന ഒന്നാണ്. വലിപ്പം കുറഞ്ഞ സ്രാവുകളെയാണ് മുതലകള്‍ ആഹാരമാക്കുന്നതെങ്കിൽ സ്രാവുകള്‍ക്ക് മുതലകലുടെ കാര്യത്തില്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവില്‍ മുതലകള്‍ സ്രാവിനെ ഇരയാക്കിയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് അഞ്ചു തവണയാണ്. അതേസമയം സ്രാവുകള്‍ മുതലകളെ തിന്നുന്നത് രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നു തവണയും. ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ തന്നെ ഈ കണ്ടെത്തലുകള്‍ക്ക് അംഗീകാരം ലംഭിച്ചിരുന്നില്ല. ഏതായാലും തെളിവിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്രാവുമായി നീങ്ങുന്ന മുതലയുടെ ചിത്രം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിശപ്പുണ്ടെങ്കില്‍ മുന്നില്‍ വരുന്ന എന്തിനെയും കടിച്ചു കീറി തിന്നാന്‍ മടിക്കാത്തവരാണ് സ്രാവുകളും മുതലകളും. രണ്ടു ജീവികളും വെള്ളത്തിലെ അത്യുഗ്രന്‍ വേട്ടക്കാരുമാണ് . അതുകൊണ്ടു തന്നെ രണ്ടു ജീവികളും ഒരേ ജൈവവ്യവസ്ഥയില്‍ എത്തപ്പെട്ടാല്‍ പരസ്പരം വേട്ടയാടുക സ്വാഭാവികം മാത്രമാണ്.