Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലയാളി സ്രാവുകളെ വേട്ടയാടുന്ന കൊലയാളി തിമിംഗലങ്ങള്‍

Great White Shark

കടലില്‍ ഏറ്റവും പേടിക്കേണ്ട ജീവികളേതെന്നു ചോദിച്ചാല്‍ എല്ലാവരും ഒരുത്തരമേപറയാൻ സാധ്യതയുള്ളൂ. കൊലയാളി സ്രാവുകള്‍ അഥവാ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്. എന്നാല്‍ ഇങ്ങനെ ഒരുത്തരത്തില്‍ കാര്യങ്ങള്‍ ഒതുക്കാന്‍ കഴിയില്ലെന്നാണു ദക്ഷിണാഫ്രിക്കയിലുണ്ടായ ചില സമീപകാല സംഭവങ്ങള്‍  തെളിയിക്കുന്നത്. മെയ് മാസം മുതല്‍ അഞ്ചു ഗ്രേറ്റ് വൈറ്റ് സ്രാവുകളാണ് വേട്ടയാടി കൊല്ലപ്പെട്ട നിലയില്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തടിഞ്ഞത്. 

എല്ലാ സ്രാവുകളുടെയും ശരീരത്തിലുണ്ടായിരുന്ന മുറിവ് സമാനമായിരുന്നു. കരള്‍ മുതല്‍ കൊമ്പു വരെയുള്ള ഭാഗം തിന്നു തീര്‍ത്ത നിലയിലാരുന്നു സ്രാവുകളുടെ ജഢങ്ങള്‍ കണ്ടെത്തിയത്. ഇതോടയാണ് ഗവേഷകര്‍ സ്രാവുകളുടെ മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. തുടക്കത്തില്‍ വേട്ടക്കാരായിരിക്കാം സ്രാവുകളുടെ കൊലപാതകത്തിനു പിന്നിലെന്നു സംശയിച്ചു. എന്നാല്‍ മാംസത്തിനു വേണ്ടിയോ കൊമ്പിനു വേണ്ടിയോ വേട്ടയാടിയ നിലയിലല്ല സ്രാവുകളുടെ ജഢങ്ങൾ കാണപ്പെട്ടത് . ഇതോടെയാണ് കുറ്റവാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണമാരംഭിച്ചത്.

ഓർക്ക അഥവാ കൊലയാളി തിമിംഗലങ്ങളായിരിക്കാം സ്രാവുകളെ കൊന്നു തിന്നുന്നതിനു പിന്നിലെന്ന് ഇതോടയാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. കൂട്ടത്തോടെ ആക്രമിച്ച് ഇര പിടിക്കുന്നവയാണ് കൊലയാളി തിമിംഗലങ്ങള്‍. കടലിലെ ചെന്നായ്ക്കള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സ്രാവുകള്‍ ചത്തടിഞ്ഞ പ്രദേശത്തിനു സമീപം  കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതും കൊലയാളികളെ സ്ഥിരീകരിക്കാന്‍ സഹായിച്ചു.

സ്രാവുകളുടെ ഏറ്റവും വലിയ പരാധീനത അവയ്ക്ക് നീന്തല്‍ നിര്‍ത്തിയാല്‍ പിന്നെ ശ്വസിക്കാന്‍ കഴിയില്ലെന്നതാണ്. ഇതാണ് വേഗത്തില്‍ സ്രാവുകളെക്കാള്‍ ഏറെ പിന്നിലായ കൊലയാളി തിമിംഗലങ്ങള്‍ക്ക് സഹായകരമാകുന്നതും. കൂട്ടത്തോടെയെത്തി സ്രാവിനെ വളയുന്ന കൊലയാളി തിമിംഗലങ്ങള്‍ അവയെ നീന്താന്‍ കഴിയാത്ത വിധം തടഞ്ഞിടുന്നു. ഇതോടെ സ്രാവ് ശ്വാസം കിട്ടാതെ തളരാന്‍ തുടങ്ങും. ഈ അവസരം മുതലാക്കിയാണ് കൊലയാളി തിമിംഗലങ്ങള്‍ സ്രാവിനെ ഭക്ഷണമാക്കുക.ആറര മീറ്റര്‍ വരെ നീളമുള്ള കൂറ്റന്‍ സ്രാവും തിമിംഗലങ്ങള്‍ കൊന്നു തിന്നവയില്‍ ഉള്‍പ്പെടുന്നു. എട്ടര മീറ്റര്‍ വരെ നീളമാണ് സാധാരണ കൊലയാളി തിമിംഗലങ്ങള്‍ക്ക് ഉണ്ടാകാറുള്ളത്. കൊലയാളി തിമിംഗലങ്ങൾ ഇങ്ങനെതുടങ്ങിയാൽ പാവം സ്രാവുകളെന്തുചെയ്യും?