Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയ്ക്കൊരു ഒാർഡിനറി യാത്ര...

natural-beauty ചിത്രം പകർത്തിയത് : ജിമ്മികമ്പല്ലൂർ (ഫയൽ ചിത്രം)

ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയിൽ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടിൽ വളരെ കുറഞ്ഞ ചെലവിൽ ധാരാളം കാഴ്ചകൾ കണ്ടൊരുയാത്ര.

ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയിൽ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോൾ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തിൽ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാൻ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.

7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതിൽക്കൽ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവർക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകൾ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.

alapuzha-morning ചിത്രം പകർത്തിയത് : ജിമ്മികമ്പല്ലൂർ (ഫയൽ ചിത്രം)

ബോട്ടിൽ മീൻപിടിക്കാൻ പോകുന്നവരാണ് കൂടുതൽ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എൻജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുൻപിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊൻതിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളിൽ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികൾ...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകൾ... കണ്ണ്നിറച്ച് കാഴ്ചകൾ. കരയിൽ നിന്നും ആളുകൾ കയറുന്നു ഇറങ്ങുന്നു...

ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജർമൻ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വർഷത്തെ അറിവുകൾ ജർമ്മൻകാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജർമനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കണെ എന്ന പ്രാർത്ഥനയോടെ ഞങ്ങളും...!

Alappuzha-Photo-Jimmy-Kamba ചിത്രം പകർത്തിയത് : ജിമ്മികമ്പല്ലൂർ (ഫയൽ ചിത്രം)

ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവർ മീൻ തേടി ഇറങ്ങി തുടങ്ങി...ടൗണിൽ പോകേണ്ടവർ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീൻ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാൾ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതിൽക്കൽ എത്തുന്ന മീൻകാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാൽ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വർണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയിൽ പകർത്താൻ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികൾ...

ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകൾക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകൾ നിറംമങ്ങാതെ നിൽക്കുന്നു. ആർ ബ്ലോക്കിലെ കപ്പയും മീൻകറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.

കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയിൽ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രൻചിത്രങ്ങൾ പകർത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂൾ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിർഭാഗ്യമോ? ബോട്ടിൽ നിന്നും കരയിലേക്കിറങ്ങുന്നതിനിടയിൽ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലിൽ വീണു...ചില യാത്രകളുടെ ഒാർമകൾക്ക് മധുരം കൂടുതലാണ്!

green-alapuzha ചിത്രം പകർത്തിയത് : ജിമ്മികമ്പല്ലൂർ (ഫയൽ ചിത്രം)

ക്യൂ, എസ്, ടി. കായൽനിലങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറിൽ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായൽ രാജാക്കൻമാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായൽ രാജാക്കൻമാരുടെ ധീരകഥകൾ...ആധുനിക എൻജിനിയറിങ് വിദഗ്ദർപോലും അമ്പരപ്പോടെ നോക്കുന്ന കായൽനില നിർമാണം.

ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാൾ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കൻ. ചിത്തിര (C), റാണി (R), മാർത്താണ്ഡം (M) ബ്ലോക്കുകളിൽ കതിർമണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നൽകി അന്നത്തെ പ്രധാന മന്ത്രി ജവഹർലാൽനെഹ്റു അദേഹത്തെ ആദരിച്ചു.

church മുരിക്കന്റെ പള്ളി

ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നിൽക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാൻ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകൾ വന്നിരുന്നു...

ഭൂനയം പ്രാബല്യത്തിൽ വന്നതോടെ കൃഷിഭൂമികളൊക്കെ സർക്കാർ ഏറ്റെടുത്തു. ഇന്നിപ്പോൾ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സർക്കാർ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കൻ പറഞ്ഞു - സർക്കാർ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോൾ കായലിൽ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തിൽ ആ വാക്കുകൾ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാൻ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.

coconut-trees ചിത്രം പകർത്തിയത് : ജിമ്മികമ്പല്ലൂർ (ഫയൽ ചിത്രം)

രണ്ടുമണിക്കൂർ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോൾ 2.30നുള്ള ബോട്ടിൽ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലിൽ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയിൽ നിന്ന് കാപ്പികുടിച്ചു...എന്നാൽ പിന്നെ അർത്തുങ്കൽ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസിൽ അർത്തുങ്കലേക്ക്...

പള്ളിയിൽ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുർബാന കൂടാൻ ആൾക്കാർ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലിൽ കാലുകൾ പതിപ്പിച്ച് കുറച്ചുനേരം...കടൽ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലിൽ മറന്നുപോയി!. അടുത്ത ബസിൽ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...

തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുൻപേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റിൽ അങ്ങനെ ഇരിക്കുമ്പോൾ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജർമനിക്കാർ...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!

എന്തായാലും അങ്ങോട്ട് പോയതിലും വേഗതയിൽ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയിൽ രാവിലെ മീൻ പിടിക്കാൻ ഒാരോ തുരുത്തിൽ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.

എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാൻ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാർക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...