Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തത്തിൽ കുളിച്ച് ‘തീരത്തൊരു മത്സ്യകന്യക’

Denmark's Little Mermaid

വിദൂരതയിലേക്ക് നോക്കി പാറകളിലൊന്നിന്മേൽ നിശബ്ദയായിരിക്കുന്ന ആ കുഞ്ഞുമത്സ്യകന്യക; അവളുടെ ദേഹം നിറയെ ‘ചോര’യാണ്. ആരാണിതിനോട് ഈ ക്രൂരത ചെയ്തത്? ഇക്കാര്യം ചുറ്റുമുള്ളവരോട് ചോദിക്കാൻ പക്ഷേ ഈ മത്സ്യകന്യകയ്ക്ക് ജീവനില്ല! അതേസമയം, ജീവിച്ചിരിക്കുന്ന മനുഷ്യന്റെ പരാക്രമങ്ങളെല്ലാം നൂറിലേറെ വർഷങ്ങളായി ഈ പ്രതിമയോടാണ്. ഇത്തവണ പക്ഷേ ആരുടെ ഭാഗത്ത് നിൽക്കും എന്നു തീരുമാനിക്കാനാകാത്ത വിധമാണ് കാര്യങ്ങൾ. 

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ലോകപ്രശസ്തമായ ‘ലിറ്റിൽ മെർമെയ്ഡ്’ പ്രതിമയാണ് ചുവന്ന പെയിന്റൊഴിച്ച് നശിപ്പിക്കപ്പെട്ടത്. പെയിന്റെല്ലാം മാറ്റി വൃത്തിയാക്കിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു ചെയ്തത് എന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയായിരിക്കുന്നത്. ഇതു ചെയ്തവരെ പിടികൂടിയിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം അവർ പ്രതിമയുടെ സമീപത്ത് തന്നെ ചുവന്ന പെയിന്റിനാൽ എഴുതിയിട്ടിരുന്നു. പൈലറ്റ് തിമിംഗലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ‘ഗ്രിൻഡഡ്രാ’(Grindadrap) ആഘോഷത്തിന് ഡെന്മാർക്ക് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ‘മത്സ്യകന്യകയ്ക്കു’ നേരെയുള്ള ഈ പെയിന്റാക്രമണം. 

ഡെന്മാർക്കിനു കീഴിലുള്ള സ്വയംഭരണദ്വീപാണ് ഫറോ ഐലന്റ്സ്. ഇവിടെ എല്ലാ വേനലിലും നടക്കുന്നതാണ് ഗ്രിൻഡഡ്രാ. ചില പ്രത്യേക വിഭാഗക്കാർ ഏറെ വർഷങ്ങളായി പാലിച്ചു പോരുന്നതാണിത്. അതിനാൽത്തന്നെ സർക്കാരിന്റെ ഉൾപ്പെടെ പിന്തുണയുമുണ്ട്. പക്ഷേ മൃഗസംരക്ഷണ പ്രവർത്തകർ വർഷങ്ങളായി ഇതിനെതിരെ പോരാട്ടത്തിലാണ്; കാരണവുമുണ്ട്. കടലിനെ രക്തപങ്കിലമാക്കുന്ന ആചാരമാണിത്. നോർത്ത് അറ്റ്‌ലാന്റിക്കിൽ തീരത്തോട് ചേർന്ന് കാണപ്പെടുന്നവയാണ് പൈലറ്റ് തിമിംഗലങ്ങൾ. ഇവയെ മാംസത്തിനു വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ഗ്രിൻഡഡ്രായുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ചവർ കടലിലേക്കിറങ്ങും. കയ്യിൽ ചാട്ടുളിയുമായി ചെറുബോട്ടുകളിലാണ് യാത്ര. മുൻപാണെങ്കിൽ എവിടെ നിന്നു വേണമെങ്കിലും ഈ യാത്ര തുടങ്ങാമായിരുന്നു. എന്നാലിന്ന് സർക്കാർ ഇടപെട്ട് ചില പ്രത്യേക തീരമേഖല ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവിടെ നിന്ന് കടലിലേക്ക് നിർദിഷ്ട ദൂരത്തിൽ മാത്രമേ സഞ്ചരിക്കാവൂ; മിക്കവാറും ഒരു നോട്ടിക്കൽ മൈൽ. ആ പരിധിയിൽ ചുറ്റിത്തിരിയുന്ന പൈലറ്റ് തിമിംഗലങ്ങളെ മാത്രമേ കൊല്ലാവൂ എന്നും നിർദേശമുണ്ട്. 

Denmark's Little Mermaid

സാധാരണഗതിയിൽ ഗ്രിൻഡഡ്രാ നടക്കുന്ന സമയത്ത് പൈലറ്റ് തിമിംഗലക്കൂട്ടങ്ങൾ തീരത്തോടു ചേർന്നു തന്നെ കാണപ്പെടുക പതിവാണ്. ഇവയെ കൊല്ലാനുള്ള ചാട്ടുളി മൃഗവിദഗ്ധരുടെ മേൽനോട്ടത്തിലാണ് നിർമിക്കുക. ഇവ പ്രയോഗിക്കാനും പ്രത്യേക പരിശീലനമുണ്ട്. ചാട്ടുളി ദേഹത്തു തറച്ചാൽ നട്ടെല്ലിലേക്കു തുളച്ചു കയറും വിധമാണ് പ്രയോഗം. അതോടെ തിമിംഗലങ്ങളുടെ പാതി ബോധം പോകും. പിന്നെ അവയെ തീരത്തേക്ക് ‘ആട്ടിയോടിക്കും’. അതിനോടകം ചാട്ടുളിപ്രയോഗത്തിലൂടെ കടൽ മുഴുവൻ ചോര കലങ്ങിയിട്ടുണ്ടാകും. തീരത്തേക്കടുക്കുന്ന തിമിംഗലങ്ങളെ അറുത്ത് മാംസമെടുത്താണ് ബാക്കി ആഘോഷം. 

തിമിംഗലങ്ങളെ അധികം വേദനിപ്പിക്കാതെ കൊല്ലാവുന്ന എല്ലാ വഴികളും നോക്കിയിട്ടുണ്ടെന്നാണ് ഈ ആഘോഷത്തെ ന്യായീകരിക്കുന്നവരും അധികൃതരും പറയുന്നത്. അതായത് എല്ലാം 10 മിനിറ്റ് കൊണ്ടു തീരുമെന്ന്. പക്ഷേ ഇഞ്ചിഞ്ചായുള്ള ഈ കൊല്ലലിനെ എന്തൊക്കെപ്പറഞ്ഞാലും ന്യായീകരിക്കാനാകില്ലെന്ന് മൃഗസംരക്ഷണ പ്രവർത്തകരും. സീ ഷെപ്പേഡ് ഗ്ലോബൽ എന്ന പാരിസ്ഥിതിക സംഘടന വർഷങ്ങളായി ഈ തിമിംഗലവേട്ടക്കെതിരെ പോരാടുന്നവരാണ്. നിയമത്തിൽ വരെ ഭേദഗതി നടത്തി ഡെന്മാർക്കും ഫറോ ദ്വീപുകാർക്കൊപ്പം നിന്നതോടെയാണ് ‘ലിറ്റിൽ മെർമെയ്ഡി’നു നേരെ ആക്രമണമുണ്ടായത്. 

Denmark's Little Mermaid

വർഷം തോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഈ പ്രതിമയ്ക്കു പക്ഷേ ആക്രമണങ്ങളൊന്നും പുത്തരിയല്ല. 1909ലാണ് പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. ഡാനിഷ് എഴുത്തുകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ലിറ്റിൽ മെർമെയ്ഡ് എന്ന കൃതിയിൽ നിന്നു തന്നെ പ്രചോദനമുൾക്കൊണ്ടാണിത് തയാറാക്കിയത്. ‘കാൾസ്ബെർഗ്’ മദ്യക്കമ്പനി സ്ഥാപകന്റെ മകൻ കാൾ ജേക്കബ്സണാണ് ഇതിനു വേണ്ടി പണം മുടക്കിയത്. 1964ലും 98ലും ഈ മത്സ്യകന്യകയുടെ തല നഷ്ടപ്പെട്ടു. 1984ൽ കൈ ആരോ തല്ലിത്തകർത്തു. 1972ലും 2007ലും ഉൾപ്പെടെ ഈ പ്രതിമ പെയിന്റിനാൽ വികൃതമാക്കപ്പെട്ടിട്ടുമുണ്ട്. പലപ്പോഴും ഇളക്കിമാറ്റി വലിച്ചെറിയപ്പെട്ടിട്ടു പോലുമുണ്ട്. യൂറോപ്യൻ യൂണിയനിൽ അംഗത്വത്തിന് തുർക്കിയുടെ ശ്രമമുണ്ടായപ്പോൾ മത്സ്യകന്യകയെ ബുർഖയണിയിച്ചുമുണ്ടായി പ്രതിഷേധം. ഇനിയും അത്തരം ആക്രമണങ്ങൾ തുടരുമെന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ പെയിന്റാക്രമണവും!