Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് കപ്പലുകളുടെ ശവപ്പറമ്പ്; ആയിരത്തോളം കപ്പൽഛേദങ്ങൾക്കു സാക്ഷിയായ ദ്വീപ്

Magdalen Islands

ബർമുഡ ട്രയാംഗിളിന്റെ കഥ കേൾക്കാത്തവർ കുറവായിരിക്കും. വിമാനങ്ങളും കപ്പലുകളും ‘താനേ’ അപ്രത്യക്ഷമാകുന്ന ബർമുഡ ട്രയാംഗിൾ പോലെ ദുരൂഹതകൾ ചുഴിയിട്ടു ചുറ്റുന്ന മറ്റൊരു സ്ഥലം കൂടി ഭൂമിയിലുണ്ട് – മാഗ്ദെലിൻ ദ്വീപുകൾ. അധികമാർക്കും പരിചിതമല്ലാത്ത ആ സ്ഥലപ്പേരു കേട്ടാൽ ലോകത്തെ മുഴുവൻ നാവികരും ഞെട്ടിവിറയ്ക്കും. മാഗ്ദെലിൻ എങ്ങനെ നാവികരുടെ ദുസ്വപ്നമായി മാറി? ആ രഹസ്യമറിയും മുൻപ് ഇൗകഥകേൾക്കണം.

∙ അത്ഭുതമോ അസംഭവ്യമോ?

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണിതു സംഭവിക്കുന്നത്. കാനഡയ്ക്കു സമീപം ക്യുബെക്കിൽ നിന്നു മരത്തടികളുമായി കപ്പൽ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. ഇതേസമയം ഒരുപാടുദൂരെ അയർലൻഡിൽ നിന്നു ‘മിറക്കിൾ’ എന്നു പേരുള്ള മറ്റൊരു കപ്പൽ കാനഡയിലേക്കും പുറപ്പട്ടു . പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിച്ച ഒരുപറ്റം അഭയാർഥികളായിരുന്നു അതിൽ. ഗാസ്പേ തുറമുഖത്തു നിന്നു പെറിയിലേക്കുള്ള വേറൊരു കപ്പലും ഇതേ സമയം യാത്ര തിരിച്ചിരുന്നു. പരസ്പരം ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത മൂന്നു കപ്പലുകൾ, വ്യത്യസ്തമായ യാത്രാപഥം.  പക്ഷേ, വിധി മറ്റൊന്നായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു കപ്പലുകളും തകർന്നു. അതും ഒരേ സ്ഥലത്തു തന്നെ! കാനഡയ്ക്കു സമീപത്തെ മാഗ്ദെലിൻ ദ്വീപുകളുടെ അരികിൽ.

∙ കപ്പലുകളുടെ പേടിസ്വപ്നം

18,19 നൂറ്റാണ്ടുകൾക്കിടയിൽ മാഗ്ദെലിനു സമീപത്തു കടലിൽ മുങ്ങിയത് ആയിരത്തോളം കപ്പലുകളാണ്. സെന്റ് ലോറൻസ് ഉൾക്കടലിന് ഒത്തനടുവിൽ ചൂണ്ടയുടെ ആകൃതിയിൽ ഒരു ദ്വീപസമൂഹം ഉണ്ടെന്നതു തന്നെ വളരെ കാലത്തോളം പലർക്കും അജ്ഞാതമായിരുന്നു. ഇതിലൂടെ കടന്നു പോവുക ദുഷ്കരം. എപ്പോൾ വേണമെങ്കിലും മാറാവുന്ന പ്രവചനാതീതമായ കാലാവസ്ഥ. ശാന്തമായ കടൽ തൊട്ടടുത്ത നിമിഷം രൗദ്രഭാവം കൈക്കൊള്ളാം.  ദ്വീപസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും കപ്പലുകൾക്കു വെല്ലുവിളിയായിരുന്നു. ശീത കാലമായാൽ മാഗ്ദെലിൻ പൂർണമായും ഒറ്റപ്പെടും. 

ദ്വീപിനു ചുറ്റുമുള്ള വെള്ളം ഐസാവും. വൻകരയിലേക്കും തിരിച്ചുമുള്ള യാത്ര സ്തംഭിക്കും. 19ാം നൂറ്റാണ്ടിന്റെ തുടക്കംവരെ വൻകരയുമായി വാർത്താവിനിമയം പോലും അസാധ്യമായിരുന്നു. അതിനാൽ ഇവിടെ നടക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക വളരെ വൈകിയാണ്. ചിലപ്പോൾ അറിഞ്ഞേയില്ലെന്നും വരാം.

∙ അതിജീവിച്ചവരുടെ ദ്വീപ്

കപ്പലുകൾ തകർന്നടിയുമ്പോൾ അതിൽ നിന്നു രക്ഷപ്പെട്ടവരുണ്ടോ? ഉണ്ട്. ഒന്നല്ല, ആയിരത്തോളം പേർ. മാഗ്ദെലിൻ ദ്വീപിൽ ഇപ്പോഴുള്ള പതിമൂവായിരത്തോളം വരുന്ന ജനസംഖ്യയിൽ 90 ശതമാനവും കപ്പൽദുരന്തവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. കപ്പൽ ദുരന്തങ്ങളിൽ നിന്നു രക്ഷപ്പെട്ടവരോ അവരുടെ മക്കളോ പേരക്കുട്ടികളോ ആണ് മാഗ്ദെലിനോനിലെ ഓരോ പൗരനും. അതു മാത്രമല്ല കൗതുകം. തകർന്നടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ കൊണ്ടാണ് ഇവിടെയുള്ള മിക്ക വീടുകളും കടകളും നിർമിച്ചിരിക്കുന്നത്.