Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമങ്ങളെ കാറ്റിൽ പറത്തുന്ന ഗ്രാവിറ്റി ഹിൽസ്

Gravity Hill

കുന്നിൻ ചെരുവിലൂടെ മുകളിലേക്കു പോകുന്ന കാർ പെട്ടെന്നു നിന്നുപോയാൽ എന്തു സംഭവിക്കും? കാർ താഴോട്ട് പോരും. എന്നാൽ, കാലിഫോർണിയയിലെ കൺഫ്യൂഷൻ ഹില്ലിലോ കാനഡയിലേ മാഗ്നറ്റിക് കുന്നുകളിലേക്കോ വണ്ടിയെടുത്ത് ചെല്ലൂ. കുന്നിന്റെ മുകളിലോട്ടു പോകുന്നതിനിടയിൽ വണ്ടി ന്യൂട്രലിൽ ആക്കുക. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമങ്ങളെ കാറ്റിൽ പറത്തുന്ന അദ്ഭുതപ്രതിഭാസം കാണാം. വണ്ടി താഴേക്കു പോകുന്നതിനു പകരം മുകളിലേക്കു തന്നെ പോകുന്നു!! ഇതെങ്ങനെ സംഭവിക്കും? 

അട്ടിമറിച്ച് ഗ്രാവിറ്റി ഹിൽസ്

‘ഗ്രാവിറ്റി ഹില്ലുകൾ’ അല്ലെങ്കിൽ മാഗ്‍നെറ്റിക് ഹില്ലുകൾ എന്നറിയപ്പെടുന്ന ഇത്തരം സ്ഥലങ്ങൾ ഗുരുത്വാകർഷണ നിയമങ്ങൾക്കു വിപരീതമാണ്. ഉദാഹരണത്തിന് ഏതെങ്കിലും ഗ്രാവിറ്റി ഹില്ലിൽ ചെന്നു നിലത്തൊരു പന്ത് വച്ചു നോക്കൂ– ഉരുണ്ടുരുണ്ട് കുന്നിന്റെ മുകളിലേക്കു പോകുന്നതു കാണാം. നിലത്തു വെള്ളം ഒഴിച്ചു നോക്കൂ– വെള്ളം മുകളിലോട്ട് പോകുന്നതു കാണാം. ശാസ്ത്രത്തിന്റെ പവിത്രമായ നിയമം അപ്പോൾ തെറ്റാണോ? അല്ലെന്നു ശാസ്ത്രലോകം.

മായക്കാഴ്ച!

ഈ പ്രതിഭാസത്തിനു പലവിധ കാരണങ്ങൾ പലപ്പോഴായി ആളുകൾ നിരത്തി. കുന്നിൻമുകളിലുള്ള ഏതോ അദ്ഭുതശക്തി തന്നിലേക്ക് ആകർഷിക്കുന്നതാണു കാരണമെന്നു ചിലർ വിശ്വസിച്ചു. അതോ, മനുഷ്യനെ പറ്റിക്കാനായി ഏതോ ഭൂതം ചെയ്യുന്ന പണിയാണിതെന്നായിരുന്നു മറ്റു ചിലരുടെ വിശ്വാസം. ഗുരുത്വാകർഷണ ബലത്തെക്കാൾ ശക്തമായ കാന്തിക മണ്ഡലം ഇത്തരം കുന്നുകളിലുണ്ടാവണമെന്നായിരുന്നു ഒരു ശാസ്ത്രനിഗമനം. ഇനി അതല്ല, ഭൂമിയുടെ പല സ്ഥലങ്ങളിലും ഗുരുത്വാകർഷണത്തിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുണ്ടാവുമെന്നും അതാണ് ഈ കുന്നുകളുടെ രഹസ്യമെന്നും മറ്റുചിലർ. എന്നാൽ, ഊഹാപോഹങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിൽ ശാസ്ത്രലോകം എത്തിനിൽക്കുന്നത് മറ്റൊരു നിഗമനത്തിലേക്കാണ് – മായക്കാഴ്ച!

യഥാർഥമല്ലാത്തതു കാണുന്നതിനാണ് ഓപ്റ്റിക്കൽ ഇല്യൂഷൻ അഥവാ മായക്കാഴ്ച എന്നു പറയുക. കണ്ണുകളും തലച്ചോറും തമ്മിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി കൺമുന്നിലുള്ള സംഭവത്തെ അല്ലെങ്കിൽ വസ്തുവിനെ മനസ്സിലാക്കാൻ നമുക്കു സാധിക്കുന്നു. ഇതിൽ പാകപ്പിഴ സംഭവിക്കുമ്പോഴാണു മായക്കാഴ്ചയുണ്ടാവുക– ഇല്ലാത്തത് ഉള്ളതായി തോന്നും. ചിലപ്പോൾ അമിതമായ പ്രകാശം കാരണമാവാം, ചരിവ്, തിളക്കം എന്നിങ്ങനെ മറ്റു പല കാരണങ്ങൾ കൊണ്ടും ഓപ്റ്റിക്കൽ ഇല്യൂഷൻ സംഭവിക്കാം. ഗ്രാവിറ്റി ഹില്ലുകളെ സംബന്ധിച്ചു ഭൂമിയുടെ ചെരിവും ചക്രവാളവുമാണ് മായക്കാഴ്ചയുണ്ടാക്കുന്നത്.

എന്തുകൊണ്ട് ഈ പ്രതിഭാസം?

പെൻസിൽവേനിയയിലെ ശാസ്ത്രജ്ഞനായ ബ്രോക്ക് വീസ് പറയുന്നു: ‘നിങ്ങൾ കുന്നിന്റെ മുകളിൽ ഭാഗത്തു നിൽക്കുന്നതായി തോന്നും. ജിപിഎസും സർവേ ഉപകരണങ്ങളുമായി ആളന്നു നോക്കും. എതിർവശത്തുള്ള ഭാഗത്തായിരിക്കും ഉയരം കൂടുതൽ. അതായത് നമ്മൾ താഴ്ന്ന പ്രദേശത്തായിരിക്കും നിൽക്കുന്നത്. ന്യൂട്രലിൽ വച്ച കാർ താഴേക്കു തന്നെയാണു പോകുന്നത്. ഓപ്‍റ്റിക്കൽ ഇല്യൂഷൻ കാരണം നമ്മുടെ തലച്ചേറിനു തെറ്റു പറ്റുന്നതാണ്. 

ഇവിടങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിനു സ്വാഭാവികമായ ചെരിവുണ്ടാകും. ചുറ്റുപാട് മുഴുവൻ ചെരിഞ്ഞിരിക്കുന്നതിനാൽ മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കില്ല. മാത്രമല്ല ചെരിവുള്ള പ്രദേശങ്ങളെ തിരിച്ചറിയാനുള്ള പ്രധാനഘടകം ചക്രവാളമാണ്. ഇതിനെ ബന്ധപ്പെടുത്തിയാണു നാം എല്ലാം കാണുന്നത്. ചക്രവാളം ശരിയായ ദിശയിലല്ല കാണപ്പെടുന്നതെങ്കിൽ ഇത്തരം സംശയം തോന്നാം. നേരെ നിൽക്കുന്ന മരം അൽപം ചെരിഞ്ഞതായി തോന്നാം, പുഴ മറുദിശയിലേക്ക് ഒഴുകുന്നതായി കാണാം. ഇത്തരത്തിൽ ഉയർന്ന ഭാഗത്തെ താഴ്ന്നതായും താഴ്ന്ന ഭാഗത്തെ ഉയർന്നതായും തോന്നുന്നതാണു മാഗ്നറ്റിക് ഹില്ലുകളുടെ രഹസ്യം.

 പുത്തൻ അനുഭവം

ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ കുന്നുകളുള്ളത് അമേരിക്കയിലാണ്. ഇന്ത്യയിൽ ലഡാക്കിലും ഗുജറാത്തിലെ അമറേലി, കച്ച് എന്നിവടങ്ങളിലും ഗുരുത്വാകർഷണ കുന്നുകളുണ്ട്. വേറിട്ട അനുഭവം സമ്മാനിക്കുമെന്നതിനാൽ ഇത്തരത്തിലുള്ള മിക്ക കുന്നുകളും ഇന്നു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.