Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കൊടുംതണുപ്പ് സഹിക്കാനാകുന്നില്ല, കമ്പിളി പുതച്ച് ആനക്കുട്ടികൾ

Myanmar elephants keep warm with giant blankets Image Credit: Save Elephant Foundation

ചൂട് ഒട്ടും സഹിക്കാന്‍ കഴിയാത്തവരാണ് ആനകള്‍. അതുകൊണ്ടു തന്നെ ചെറിയ ചൂടടിച്ചാല്‍ പോലും ദേഹത്തു മണ്ണു വാരിയിടുകയോ വെള്ളം കോരിയൊഴിക്കുകയോ ചെയ്യും. അതേസമയം തണുപ്പ് സഹിക്കാവുന്നതിലും അധികമായാല്‍ പാവം ആനകൾ എന്തു ചെയ്യും. ചൈനയില്‍ നിന്നുള്ള തണുപ്പു കാറ്റ് അപ്രതീക്ഷിതമായാണ് തായ്‌ലൻഡും മ്യാന്‍മറും ലാവോസും ഉള്‍പ്പടെയുള്ള തെക്കുകിഴക്കനേഷ്യയിലേക്കെത്തിയത്. പതിവില്ലാത്ത വിധം അന്തരീക്ഷ താപനില താഴ്ന്നതോടെ മനുഷ്യര്‍ കിട്ടാവുന്ന കമ്പിളിയും തൊപ്പിയുമെല്ലാം ധരിച്ചായി പിന്നെ നടപ്പ്. പക്ഷെ ആനകള്‍ ഏറെയുള്ള ഈ നാടുകളില്‍ അവ തണുപ്പിനെ പ്രതിരോധിക്കാന്‍ എന്തു ചെയ്യും?

Myanmar elephants keep warm with giant blankets Image Credit: Save Elephant Foundation

കാട്ടിലെ ആനകളുടെ കാര്യം വ്യക്തമല്ല. ഒരു പക്ഷേ തണുത്ത കാറ്റു വീശിയ വടക്കന്‍ മേഖലകളില്‍ നിന്ന് അവ തണുപ്പു കുറഞ്ഞ തെക്കന്‍ മേഖലയിലേക്ക് മാറിയിട്ടുണ്ടാകാം. എന്നാല്‍ ഇങ്ങനെ പോകാൻ പറ്റാത്ത നാട്ടിലെ ആനകള്‍ പ്രത്യേകിച്ച് ആനക്കുട്ടികളെല്ലാം പെട്ടു പോയെന്നു തന്നെ പറയാം.എന്നാല്‍ മ്യാന്‍മറിലെ ആനക്കുട്ടികള്‍ക്കുള്ള അനാഥാലയമായ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സാങ്ഡുവനിലെ ക്യാംപില്‍ ആനക്കുട്ടികളെ കൊടും തണുപ്പില്‍ നിന്നു രക്ഷിക്കാന്‍ അധികൃതര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ആനക്കുട്ടികളെയെല്ലാം കമ്പിളിയില്‍ പുതപ്പിച്ചാണ് തണുപ്പിൽ നിന്ന് ഇവർ രക്ഷിച്ചത്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയിലാണ് ഈ ക്യംപ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രദേശത്തെ താപനില ചൈനയില്‍ നിന്നുള്ള കാറ്റെത്തിയതോടെ  ശരാശരി 21 ഡിഗ്രിയില്‍ നിന്ന് 8 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ഇതോടെ ആനക്കുട്ടികളെ കമ്പിളി പുതപ്പിച്ചാണ് തണുപ്പില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തിയത്. വെറുതെ പുതപ്പിച്ചാല്‍ കുട്ടിക്കുറുമ്പന്‍മാരും കറുമ്പികളും അവ വലിച്ചു കളയുമെന്നതിനാല്‍ കയറു കൊണ്ട് ഇവയുടെ ദേഹത്ത് കമ്പിളി പ്പുതപ്പ് കെട്ടി വയ്ക്കുകയായിരുന്നു.

Myanmar elephants keep warm with giant blankets Image Credit: Save Elephant Foundation

 3-4 ഡിഗ്രി സെല്‍ഷ്യസ് തണുപ്പു വരെയെല്ലാം ആനകള്‍ക്ക് സ്വാഭാവികമായി താങ്ങാന്‍ കഴിയും. എന്നാല്‍ ഇത്രയധികം തണുപ്പ് നേരിട്ടു പരിചയമില്ലാത്തവയാണ് തെക്കുകിഴക്കനേഷ്യയിലെ ആനകള്‍. അതിനാല്‍ തന്നെ താപനിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് ആനക്കുട്ടികളുടെ ആരോഗ്യനിലയെ സാരമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇവയെ തണുപ്പില്‍ നിന്നു രക്ഷിക്കാന്‍ കമ്പിളി പുതപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

ആനകളെ മാത്രമല്ല കുട്ടി കാണ്ടാമൃഗങ്ങളേയും ഇങ്ങനെ പൊതിഞ്ഞു സംരക്ഷിക്കുകയാണിവിടെ. കട്ടിയുള്ള തൊലിയുണ്ടെങ്കിലും കടുത്ത തണുപ്പിനെ പെട്ടെന്നു പ്രതിരോധിക്കാനുള്ള കഴിവൊന്നും കാണ്ടാമൃഗങ്ങള്‍ക്കുമില്ല. അതിനാലാണ് കുട്ടി കാണ്ടമൃഗങ്ങളെ കൂടി പുതപ്പിക്കാന്‍ തീരുമാനിച്ചത്. വിവിധ പരിസ്ഥിതി മൃഗസംരക്ഷണ സംഘടനകള്‍ സംഭാവന ചെയ്തതാണ് കട്ടി കൂടിയ ഈ കമ്പിളിപ്പുതപ്പുകൾ‍. മനുഷ്യര്‍ ഉപയോഗിക്കുന്നതിലും നീളവും കട്ടിയും കൂടിയ ഇവ പ്രത്യേകം തയ്യാറാക്കിയതാണ്. ദക്ഷിണാഫ്രിക്കയിലാണ് പെട്ടെന്ന് താപനില താഴുമ്പോള്‍ ആനകളെയും കാണ്ടാമൃഗങ്ങളെയുമെല്ലാം പുതപ്പിക്കാന്‍ കമ്പിളി ഉപയോഗിക്കാന്‍ തുടങ്ങിയത്. മ്യാന്‍മറില്‍ ഉപയോഗിക്കുന്ന കമ്പിളിയും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ചതാണ്.