Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുമ്പികൾ ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കും

dragonfly

കാഴ്ചയില്‍ കുഞ്ഞന്‍മാരെങ്കിലും പറക്കുന്ന കാര്യത്തില്‍ പക്ഷികളിലെ വമ്പന്‍മാരെപ്പോലും തോല്‍പ്പിക്കുന്നവരാണ് തുമ്പികളെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പറക്കാനും ചേക്കേറാനും കഴിയുന്നവരാണത്രെ ഈ കുഞ്ഞന്‍മാര്‍. 6,400 മൈല്‍ വരെ പറക്കുന്ന മിടുക്കന്‍മാര്‍ വരെയുണ്ട് ഈ സുന്ദരന്‍ ജീവികളുടെ കൂട്ടത്തില്‍.

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക്, ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അവിടെ നിന്ന് അമേരിക്കയിലേക്ക്. ഇങ്ങനെ ഭൂഖണ്ഡങ്ങള്‍ തോറും കൂട്ടമായി സന്ദര്‍ശനം നടത്തുന്നവരുമുണ്ട് തുമ്പികളുടെ കൂട്ടത്തില്‍. പന്താലാ ഫ്ളെവ്സെന്‍സ് എന്നാണ് ഇവയുടെ പേര്. സമുദ്രോപരിതലത്തിലെ കാറ്റിനനുസരിച്ചാണ് ഇവ പലപ്പോഴും വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് യാത്ര ചെയ്യുക.

വെറുതെ യാത്ര ചെയ്യുക മാത്രമല്ല. വന്‍കരകളിലായാലും ചെറുദ്വീപുകളിലായാലും ശുദ്ധജലം ലഭിക്കുന്ന തടാകങ്ങള്‍ക്കരികില്‍ ഇവ വിശ്രമിക്കും. ഒപ്പം പ്രജനനം നടത്തുകയും ചെയ്യും. ഇങ്ങനെ യാത്ര തുടങ്ങിയ തുമ്പികളുടെ മറ്റരു തലമുറ കൂടി യാത്ര അവസാനിക്കുമ്പോള്‍ സംഘത്തോടൊപ്പം ഉണ്ടാകും.എന്നാല്‍ എല്ലാ തുമ്പികളും തങ്ങളുടെ ലോക പര്യടനം പൂര്‍ത്തിയാക്കുമെന്ന് ഇതിനര്‍ഥമില്ല. നിരവധിപേര്‍ യാത്രക്കിടയില്‍ ജീവന്‍ വെടിയും.

ഏറ്റവുമൊടുവില്‍ നടത്തിയ പഠനത്തില്‍ ജപ്പാനിൽ നിന്ന് ആഫ്രിക്ക വരെ പറക്കുന്ന തുമ്പികളെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ഇത് കണക്കാക്കിയാണ് തുമ്പികള്‍ ആറായിരത്തിലധികം മൈലുകള്‍ വരെ പറക്കുമെന്ന നിഗമനത്തിലെത്തിയത്. ആഫ്രിക്കയിലെ സുഡാനിലാണ് ഇന്ത്യയില്‍ നിന്ന് ഈ തുമ്പികള്‍ പറന്നെത്തുന്നത്. നനവുള്ള കാലാവസ്ഥ അന്വേഷിച്ചാണ് ഇവ സാധാരണയായി യാത്ര ചെയ്യാറ്.