Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലിന്റെ ‘ലോകം കീഴടക്കി’ കേരളത്തിന്റെ നവര

unni നാരായണനുണ്ണിയും പത്നിയും നവര ഫാമിൽ

കേരളത്തിന്റെ പൈതൃക ഔഷധ വിളയായ നവര നെല്ല് രാജ്യാന്തര അംഗീകാരത്തിലേക്ക്. ലോകത്തിലെ അപൂർവ ഇനം നെല്ലിനങ്ങളെ അവതരിപ്പിക്കുന്ന ‘റൈസ് ഓഫ് ദ് വേൾഡ്’ എന്ന ഡോക്യൂമെന്ററിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് നെല്ലിനങ്ങളിലാണ് നമ്മുടെ നവരയും ഇടം പിടിച്ചത്. ജപ്പാന്റെ പരമ്പാരാഗത ഇനമായ സ്റ്റിക്കി റൈസും തായ്‌ലൻഡിലെ ജാസ്മിനുമാണ് അഭ്രപാളികളിലിടം നേടിയ മറ്റു രണ്ട് നെല്ലിനങ്ങൾ. ഫ്രാൻസിലെ അനൻഡാ പിക്ചേഴ്സ് ഫ്രഞ്ച് ഭാഷയിൽ തയാറാക്കിയ ഡോക്യൂമെന്ററി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. മാർച്ചിൽ ഇത് ഇംഗ്ലീഷിലും പുറത്തിറങ്ങും.

പാലക്കാട് ജില്ലയിലെ ചിറ്റൂർ കറുകമണിക്കളം മാടശേരി പി. നാരായണനുണ്ണിയുടെ ഉണ്ണീസ് ഇക്കോ ഫാമിലെ നവര നെൽകൃഷിയാണ് 54 മിനിറ്റുള്ള ഡോക്യുമെന്ററിയിൽ 17 മിനിറ്റ് നീളുന്ന ഭാഗത്തെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. കോട്ടയത്ത് നടക്കുന്ന ജൈവവൈവിധ്യ മേളയിൽ പങ്കെടുക്കുന്നതിനിടെയാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയ വിവരം സംവിധായകൻ എറിക് ബോകോസ് ഉണ്ണിയെ അറിയിച്ചത്. നൂറ്റാണ്ടുകളായി ആയുർവേദ ചികിൽസയുടെ ഭാഗമായ ഔഷധ ഗുണമുള്ള നവര തികച്ചും ജൈവരീതിയിലാണ് നാരായണനുണ്ണി കൃഷി ചെയ്യുന്നത്. ബൗദ്ധിക സ്വത്തവകാശത്തിൽ ഉൾപ്പെട്ട് കൃഷിക്കാരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ജൈവ കൃഷിയുടെ ഭൂപ്രദേശ സൂചിക റജിസ്റ്റർ ചെയ്ത ആദ്യ നെല്ലിനം കൂടിയാണ് നവര. ഇന്ത്യയിൽ സൂചിക റജസ്ട്രി 2003 ൽ നിലവിൽ വന്നതിന്റെ പിറ്റേ വർഷം തന്നെ നവരയ്ക്ക് അംഗീകാരം കിട്ടി. പാരമ്പര്യ സ്വത്ത് സംരക്ഷണത്തിനുള്ള പുരസ്കാരവും ലഭിച്ച ആദ്യ കർഷകരിലൊരാളുമാണ് നാരായണനുണ്ണി.

നമ്മുടെ പാരമ്പര്യ വിത്തിനങ്ങളിൽ മിക്കവയും അന്യമായെങ്കിലും ഇന്നും കാത്തു സൂക്ഷിക്കുന്ന അപൂർവ ഇനമാണ് നവര. കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ നവര കൃഷി ചെയ്യുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി നൂറേക്കറോളം പാടത്ത് മാത്രമാണ് ഈ അപൂർവ സമ്പത്ത് കൃഷി ചെയ്യുന്നത്. പാലക്കാട്ടെ നവര കൃഷി ശാക്തീകരണത്തിനായി നവര കർഷക സൊസൈറ്റിക്കും ഉണ്ണി നേതൃത്വം നൽകുന്നു. കിഴി, കർക്കടകക്കഞ്ഞി, മരുന്നുകഞ്ഞി തുടങ്ങിയവയ്ക്കാണ് ഔഷധമായി മുഖ്യമായും നവര ഉപയോഗിക്കുന്നത്.

പ്രമേഹമുള്ളവർക്ക് ഏറ്റവുമുത്തമമായ ഭക്ഷണങ്ങളിലൊന്നാണ് നവരച്ചോറ് എന്ന് നാരായണനുണ്ണി സാക്ഷ്യപ്പെടുത്തുന്നു, ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ വ്യക്തികൾ ഇപ്പോൾ അരിക്കായി ഉണ്ണിയെ തേടിയെത്തുന്നുണ്ട്. എങ്കിലും കേരളത്തിൽ ഇനിയും വേണ്ടത്ര ഉപഭോക്താക്കളെ കിട്ടുന്നില്ലെന്നാണ് ഉണ്ണിയുടെ സാക്ഷ്യം. ഉത്പാദന ചെലവേറിയതിനാൽ വിലയും കൂടുതലാണ്. പ്രത്യേക രീതിയിൽ കുത്തിയെടുക്കുന്നതാണ് നല്ല ചുവപ്പു നിറമുള്ള യഥാർഥ നവര. ഇപ്പോൾ കിലോയ്ക്ക് 396 രൂപയ്ക്കാണ് വിൽക്കുന്നത്. നവര പുട്ടുപൊടിയും അവലും ഉൽപ്പന്നങ്ങളായി ഇറക്കുന്നുണ്ട്. ഗൾഫിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഇപ്പോൾ ഉണ്ണിയെ തേടി ഓർഡർ എത്തുന്നുണ്ട്. ഉണ്ണിയുടെ വെബ്സൈറ്റ് : www.navara.in ഇമെയിൽ: unnysfarm@gmail.com