Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

600 വർഷം വരെ നശിക്കാതെ കിടക്കുന്ന ‘പ്രേതവലകൾ'; കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിയുമോ?

Ghost Net

കേരളത്തിലെ കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ പ്രേതവലകളാൽ നശിപ്പിക്കപ്പെടുന്നതായി പഠനറിപ്പോർട്ട്.  കടൽ ജലത്തിൽ നീന്തി നടക്കുന്ന മത്സ്യജാലങ്ങളെക്കാൾ കൂടുതൽ സമുദ്രജീവികൾ കടലിനടിയിലെ പ്രത്യേക ആവാസ വ്യവസ്ഥയിലാണു കഴിയുന്നത്. ഇവിടെ കുമിഞ്ഞുകൂടുന്ന പ്രേതവലകളാണ് ഈ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കുന്നതെന്നു ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കടലിന്റെ അടിത്തട്ടിനെക്കുറിച്ചു പഠനം നടത്തുന്ന ഏക സംഘടനയാണിത്.

സമുദ്രത്തിന്റെ അടിത്തട്ടിലെ ആവാസയിടങ്ങളെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പാരുകൾ എന്നാണു വിളിക്കുന്നത്. ഇന്ന് ഈ പാരുകളിൽ പലതും പ്രേതവലകളുടെ പിടിയിലാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം കടലിനടിയിലെ ജീവികളുടെ ആവാസ വ്യവസ്ഥയിൽ കോട്ടം തട്ടുന്നതായും കണ്ടെത്തി. ആഗോളതലത്തിൽ തന്നെ മത്സ്യക്കുറവിന്റെ പത്തു ശതമാനത്തിനു കാരണം പ്രേതവലകളാണെന്നു വിലയിരുത്തിയിട്ടുണ്ട്. പ്രേതവലകൾ പലതും 600 വർഷം വരെ നശിക്കാതെ കിടക്കുമെന്നത് അപകടത്തിന്റെ ആക്കം പ്രതിഫലിപ്പിക്കുന്നു.  

ഈയിടെ ന്യൂയോർക്കിൽ നടന്ന യുഎൻ ഓഷ്യൻ കോൺഫറൻസിലും ഇക്കാര്യം ചർച്ചയായിരുന്നു.പ്രേതവലകൾമൂലം കടലിനടിയിലെ ജീവജാലങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് രാജ്യത്ത് ചർച്ചകളോ പരിഹാര മാർഗങ്ങളോ ഉണ്ടാകുന്നില്ലെന്നു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കടലിനടിയിലെ ആവാസ വ്യവസ്ഥ തകർക്കുന്ന പ്രേതവലകൾക്കെതിരെ ശക്തമായ പ്രവർത്തനം ഉണ്ടായില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ചീഫ് കോ–ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. 

പ്രേതവല (ഗോസ്റ്റ് നെറ്റ്) എന്നാൽ... 

Ghost Net

പല രീതിയിൽ കടലിനടിയിൽ അകപ്പെടുന്ന വലകൾ ഒന്നുകിൽ പാരുകളെ മൂടി ചുറ്റിക്കിടക്കുകയോ അല്ലെങ്കിൽ കടലൊഴുക്കിനനുസരിച്ച് ഒഴുകിനടക്കുകയോ ചെയ്യുന്നു. കടൽ ജീവജാലങ്ങളിൽ ഭീതി പരത്തി ഇവ അവയുടെ നിശബ്ദ കൊലയാളികളായി മാറുന്നതിനാലാണു   പ്രേതവലകൾ എന്നു വിളിക്കുന്നത്. ഇവ നാലു തരത്തിൽ ഉണ്ടാകാം:

∙ പരിധി ലംഘിച്ച് എത്തുന്ന കൂറ്റൻ ആധുനിക ബോട്ടുകളിൽ പുത്തൻ യന്ത്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാകും. ഇത് ഉപയോഗിച്ചു പാരിടങ്ങൾ കണ്ടെത്തും. അവിടെ കൂടി നിൽക്കുന്ന മത്സ്യങ്ങളെ മുഴുവനായി പിടിക്കാനായി വലയടിക്കും. ചിലപ്പോൾ വല പാരിൽ കുരുങ്ങും. അതോടെ അതുപേക്ഷിച്ച് സംഘം മടങ്ങും. 

∙ മത്സ്യത്തൊഴിലാളികൾ ഒഴുക്കൻ വലകൾ വിട്ടു വിശ്രമിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി കടന്നെത്തുന്ന കപ്പലുകൾ വല മുറിച്ചു കൊണ്ടുപോകും. ഇങ്ങനെ നഷ്ടപ്പെടുന്ന വലകളും കടലിനിടയിൽ തുടരും. 

∙ മത്സ്യത്തൊഴിലാളികൾ വിടുന്ന വലകൾ കടലൊഴുക്കിൽ പാരുകളിൽ എത്തുകയും അവിടെ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.

∙ മത്സ്യത്തൊഴിലാളികൾ വ്യാപകമായി നിലവിൽ ഉപയോഗിച്ചു വരുന്ന കങ്കൂസ് വലകൾ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ മാറ്റേണ്ടി വരുന്നു. പലപ്പോഴും തീരത്ത് ഉപേക്ഷിക്കുന്ന ഇവ തിരയിൽപ്പെട്ട് കടലിനടിയിൽ എത്താറുണ്ട്.

Read More Articles in Environment News