Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർമയെത്തുന്നത് 280 കിലോമീറ്റർ വേഗതയിൽ; യുഎസിനെ കാത്ത് അടുത്ത ദുരന്തം, പരിഭ്രാന്തരായി ജനങ്ങൾ

Hurricane Irma

ടെക്സാസിലും ഫ്ലോറിഡയിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങൾ കരകയറുന്നതിനിടെയിൽ അടുത്ത ദുരന്തവും  അമേരിക്കയെ തേടിയെത്തുന്നു. അറ്റ്ലാന്റിക് കടലിൽ ശക്തി പ്രാപിച്ച ഇർമ കൊടുങ്കാറ്റ് കിഴക്കൻ ഫ്ലോറിഡയിലേക്കെത്തുന്നതായി കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ. ഇതിനു തൊട്ടു പിന്നിലായി ജോസ് കൊടുങ്കാറ്റും രൂപം കൊണ്ടിട്ടുണ്ട്. ജോസ് ചുഴലിക്കാറ്റിനെ കാറ്റഗറി നാലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസിനും പ്യൂട്ടോറിക്കോയിക്കും ജോസ് ചുഴലിക്കാറ്റ് ഭീഷണിയാകില്ലെന്നാണ് കാലാവസസ്ഥാ വിഭാഗത്തിന്റെ നിഗമനം. 

എന്നാൽ അറ്റ്‌ലാന്റിക് സമുദ്രത്തിനു മീതേ രൂപപ്പെട്ടു കരീബിയൻ ദ്വീപുകളിലൂടെ വീശിയടിച്ചു ശക്തിപ്രാപിച്ചുവരുന്ന ഇർമ ചുഴലിക്കാറ്റ് യുഎസിന്റെ തെക്കൻ പ്രദേശങ്ങൾ‌ക്കു ഭീഷണിയാകും. കാറ്റഗറി നമ്പർ അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇർമ കരയിൽ ശക്തമായ നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. ഫ്ലോറിഡയിൽ ഈ ആഴ്ച തന്നെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് സൂചന. 

Hurricane Irma

ഇപ്പോൾ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ഇർമ അപകടകാരിയായ ‘അഞ്ചാം തരം’ ചുഴലിക്കാറ്റാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയോ വ്യാഴാഴ്ച പുലർച്ചയോടെയോ ലീവേഡ് ദ്വീപുകൾ പിന്നിടുന്ന ചുഴലിക്കാറ്റ് കരീബിയയിലെ തന്നെ പ്യൂർട്ടോറിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹേയ്ത്തി, ക്യൂബ, ലീവാർഡ് ഐലന്‍ഡ് തുടങ്ങിയ പ്രദേശങ്ങൾ കടന്നു വാരാന്ത്യത്തോടെ ഫ്ലോറിഡയെ സമീപിക്കുമെന്നാണു കരുതുന്നത്. കനത്ത മഴയും ചുറലിക്കാറ്റും പ്യൂർട്ടോറിക്കോയിലും പരിസരപ്രദേശങ്ങളിലും 14 മണിക്കൂറോളം ആഞ്ഞടിക്കുമെന്നാണ് സൂചന.ഇവിടങ്ങളിലെ ജനങ്ങളെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Hurricane Irma

അടുത്ത ദിവസങ്ങളിൽ കരയിലേക്കെത്തുന്ന കൊടുങ്കാറ്റ് മുഖ്യ ഭീഷണിയാകുക കരീബിയന്‍ രാഷ്ട്രങ്ങൾക്കും അമേരിക്കയ്ക്കുമായിരിക്കും. മണിക്കൂറിൽ 115 മൈൽ വേഗതയിലാണ് അത്‍ലാന്റിക്കിൽ ഇത് സഞ്ചരിക്കുന്നത്. അറ്റ്ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്ക് സമീപത്ത് നിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്ത് നിന്നുണ്ടായ മറ്റ് കൊടുങ്കാറ്റുകളായ ഹ്യുഗോ, ഫ്ലോയ്ഡ്, ഐവാൻ എന്നിവയും തീവ്രത കൊണ്ട് വളരെ മുന്നിലായിരുന്നു. ഇർമ ഭീഷണി നിലനിൽക്കുന്ന ലീവാർഡ്സ് ദ്വീപുകളിൽ ജോസ് ചുഴലിക്കാറ്റും ആഞ്ഞടിക്കുമെന്നാണ് സൂചന. 

പടിഞ്ഞാറോട്ട് സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു. കരീബിയൻ കടലിലെ ലെസ്സർ ആന്റിൽസിലേക്ക് കടക്കുമ്പോഴെക്കും ഇർമയുടെ ശക്തി കാറ്റഗറി നാലിൽ ആയിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. മണിക്കൂറില്‍ 209 മുതൽ 251 വരെ കിലോമീറ്ററാണ് കാറ്റഗറി നാലിലെ കൊടുങ്കാറ്റുകളുടെ വേഗത. ലീവാൻഡ് ദ്വീപുകളിലും ബെർമൂഡയിലുമായിരിക്കും ഇർമ തുടക്കത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുക. ഇവിടെ നിന്നും 2900 കിലോമീറ്റർ അകലെ കിഴക്ക് ദിശയിലാണ് ഇപ്പോൾ കൊടുങ്കാറ്റുള്ളത്.

Hurricane Irma

ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗവൺമെന്ന് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. തീരപ്രദേശങ്ങളിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾക്കായുള്ള നെട്ടോട്ടത്തിലാണു ജനങ്ങൾ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി നൽകിക്കഴിഞ്ഞു. പല സൂപ്പർ മാർക്കറ്റുകളും കാലിയായിക്കഴിഞ്ഞു. പ്രകൃതിക്ഷോഭം മുന്നിൽക്കണ്ട് സുരക്ഷാസേനയേയും വിന്യസിച്ചിട്ടുണ്ട്.

Hurricane Irma