Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

295 കിലോമീറ്റർ വേഗതയിൽ ഇർമ ഫ്ലോറി‍ഡയിലേക്ക്; കരീബിയൻ ദ്വീപുകളിൽ വൻനാശം

 Hurricane Irma

വ്യാപകനാശം വിതച്ച ഹാർവി ചുഴലിക്കാറ്റിനു പിന്നാലെ കരീബിയൻ മേഖലയിൽ നിന്ന് ഇർമയും യുഎസ് തീരത്തേക്കു നീങ്ങുന്നു. അത്യധികം അപകടകാരിയായ ചുഴലിക്കാറ്റെന്നാണ് യുഎസ് തീരത്തേക്കടുക്കുന്ന ഇർമ ചുഴലിക്കാറ്റിനെ കാലാവസ്ഥാവിഭാഗം വിശേഷിപ്പിക്കുന്നത്. കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ ഇർമ വ്യാപകനാശം വിതച്ചു. എട്ടുപേർ കൊല്ലപ്പെട്ടു. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. മണിക്കൂറിൽ 295 കിലോമീറ്റർ വേഗം പ്രാപിക്കാൻ സാധ്യതയുള്ള ഇർമ നാളെയോ മറ്റന്നാളോ യുഎസ് സംസ്ഥാനമായ ഫ്ലോറി‍ഡയിലെത്തുമെന്നാണു മുന്നറിയിപ്പ്.

പോർട്ടറീക്കോയുടെ കിഴക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോർട്ടുകൾ. രണ്ടു ചെറുദ്വീപുകൾ അടങ്ങുന്ന രാജ്യമായ ബാർബുഡയിൽ പത്തിൽ ഒൻപതു കെട്ടിടങ്ങളും തകർന്നു. ദീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു. 

 Hurricane Irma

അറ്റ്ലാന്‍റിക് സമുദ്രത്തില്‍ രൂപം കൊണ്ട് കരീബിയന്‍ ദ്വീപുകളില്‍ വീശിയടിച്ചു ശക്തി പ്രാപിച്ചുവരുന്ന ഇര്‍മ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടകാരിയായ കൊടുങ്കാറ്റാണ്. സ‍ഞ്ചാരപാതയിൽ കനത്ത നാശം വിതയ്ക്കുന്ന ഇർമ, ഫ്രഞ്ച് അധീനതയിലുള്ള കരീബിയൻ ദ്വീപായ സെന്റ്. മാർട്ടിനിൽ എട്ടു പേരുടെ ജീവനെടുത്തു.

 Hurricane Irma

ഇപ്പോള്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഇര്‍മ കരയില്‍ കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുക. നാളെ ചുഴലിക്കാറ്റ് ഫ്ലോറിഡയെ സമീപിക്കുമെന്നാണ് സൂചന. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിര്‍ദേശമുണ്ട്. യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂർട്ടോറിക്കോ, വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

 Hurricane Irma

അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. 

 Hurricane Irma

ഹാർവി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ നിലവിലെ വേഗത മണിക്കൂറിൽ ഏതാണ്ട് 295 കിലോമീറ്ററാണ്. അറ്റ്ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ ‘അലന്റെ’ വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് യുഎസ് അധികൃതർ. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലതാനും. ടെക്സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണ് മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്. ഹാർവി നിമിത്തം 9,000 വീടുകൾ നിലംപൊത്തിയിരുന്നു. 1,85,000 വീടുകൾക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

STORM-IRMA