Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴയിൽ കേരളം മുങ്ങി; എന്തുകൊണ്ട് മഴ?

rain-palakkad-2 കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിലെ മന്തംപൊട്ടി കോസ്‌വേ വെള്ളത്തിനടിയിലായപ്പോൾ

കനത്ത മഴയിൽ മുങ്ങി കേരളം. പലയിടത്തും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകൾ തകർന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ ‘നിന്നു പെയ്യാൻ’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു കലക്ടർമാർക്കു ജാഗ്രതാനിർദേശം നൽകി.

ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര, പൊന്മുടി, നെയ്യാർ, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടർ തുറന്നു. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തിൽ പുലര്‍ച്ചെ നടന്നു.

Rain-Graphics

ആഢ്യൻപാറ പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ 

നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ. വൈദ്യുതോൽപാദനം തടസ്സപ്പെട്ടു. ചെക്ക് ഡാമിനോടു ചേർന്നു ടണൽ തുടങ്ങുന്ന പ്രദേശത്തേക്കാണു കല്ലും മണ്ണും ഇടിഞ്ഞു വീണത്. ചാലിയാർ പഞ്ചായത്തിൽ കാഞ്ഞിരപ്പുഴയിൽ ആഢ്യൻപാറ വെള്ളച്ചാട്ടത്തിനു സമീപമാണു ചെറുകിട ജലവൈദ്യുതി പദ്ധതി.  

എന്തുകൊണ്ട് മഴ? 

∙ ഒഡീഷയുടെയും കർണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികൾ. ∙ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമർദ പാത്തി. ∙ രണ്ടും ഒരുമിച്ചുവന്നതു പ്രതീക്ഷിച്ചതിലേറെ മഴയ്ക്കു കാരണം.

Rain-Kerala

റെക്കോർഡിട്ട് മഴപ്പെയ്ത്ത്! ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂർ കേരളത്തിൽ പെയ്തിറങ്ങിയത്. 79 മില്ലിമീറ്ററാണു കേരളത്തിലാകെ രേഖപ്പെടുത്തിയ ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചതു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ്. 235 മില്ലിമീറ്റർ.

മഴ ദുരന്ത സാധ്യത; സമഗ്ര മുൻകരുതൽ 

മഴ കൊണ്ടുവന്നേക്കാവുന്ന ദുരന്തങ്ങൾ നേരിടാൻ സമഗ്രമായ മുന്നൊരുക്കങ്ങളുമായി സംസ്ഥാനം. വിവിധ വകുപ്പുകൾ തയാറെടുപ്പുകൾ നടത്തി. ജാഗ്രതാനിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒഡീഷയുടെയും കർണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമർദ പാത്തിയും ഒന്നിച്ചെത്തിയതാണ് കനത്ത മഴയക്കു കാരണം.

മുന്നൊരുക്കങ്ങൾ ഇങ്ങനെ: 

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ തഹസിൽദാർമാരോട് ഇന്നലെ രാത്രിയിലും താലൂക്ക് കൺട്രോൾ റൂമിൽ തുടരാൻ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശം. സംസ്ഥാന ദുരന്തനിവാരണകേന്ദ്രത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേരിട്ടുള്ള മേൽനോട്ടം.

∙ ജനങ്ങളെ ഒഴിപ്പിച്ചു സുരക്ഷിതമായി താമസിപ്പിക്കുവാനുള്ള താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം തഹസിൽദാർമാർ ഏറ്റെടുക്കാൻ നിർദേശം.

∙ കലക്ടർമാർക്ക് ഓരോമണിക്കൂറിലും മഴയുടെ സ്വഭാവവും ദുരന്തസാധ്യതയും വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി നൽകുന്നു.

∙ പാലക്കാട്ടെ അട്ടപ്പാടിയിലേക്കു വിദഗ്ധ മെഡിക്കൽ സംഘത്തെ അയയ്ക്കാൻ മന്ത്രി കെ.കെ.ശൈലജ നിർദേശിച്ചു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കി.

MPM-Rain

∙ പെരിയാറിൽ വെള്ളം ഉയർന്നതിനാൽ വണ്ടിപ്പെരിയാർ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. കോട്ടയത്തുനിന്നു വരുന്ന വാഹനങ്ങൾ കുട്ടിക്കാനത്തുനിന്നു കട്ടപ്പന വഴി തിരിഞ്ഞുപോകാൻ നിർദേശം.

∙ തിരുവനന്തപുരത്തെയും മംഗലാപുരത്തെയും ഡോപ്ലർ റഡാറുകളിൽനിന്നും വിമാനത്താവളങ്ങളിലെ റഡാറുകളിൽനിന്നുമുള്ള വിവരം കാലാവസ്ഥാവകുപ്പും ദുരന്തനിവാരണവകുപ്പും തൽസമയം വിലയിരുത്തുന്നു. കൊച്ചിയിലെ ഡോപ്ലർ റഡാർ രണ്ടുദിവസമായി പ്രവർത്തിക്കുന്നില്ല.

മഴക്കണക്ക് 

Rain Kumarakom

∙ 2013നു ശേഷമുള്ള ഏറ്റവും കനത്ത മഴ ∙ കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറവായിരുന്നു. ∙ സംസ്ഥാനത്തെ 77 മഴമാപിനികളിൽ 33 ഇടത്തും കനത്ത മഴയുടെ സൂചകമായ ഏഴു സെന്റിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി. ∙ കാലവർഷത്തിനുശേഷം ഞായറാഴ്ച വരെ കേരളത്തിനു കിട്ടേണ്ടിയിരുന്നതു 191.81 സെന്റിമീറ്റർ മഴ. കിട്ടിയതു 167.81 സെന്റിമീറ്റർ.

വേണം ജാഗ്രത 

Rain Palakkad

∙ മലയോര മേഖലകളിലേക്കുള്ള യാത്ര വൈകിട്ട് ആറിനും പുലർച്ചെ ആറിനും ഇടയിൽ ഒഴിവാക്കുക ∙ മിന്നൽ പ്രളയത്തിനു സാധ്യത. കുട്ടികൾ വെള്ളക്കെട്ടിലും പാറമടകളിലും പുഴയിലും തോടുകളിലും ഇറങ്ങുന്നതു തടയണം ∙ പുഴയ്ക്കും തോടിനും കുറുകെ കടക്കുവാനും നീന്താനും ശ്രമിക്കരുത് ∙ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്ന വർ രാത്രിയിൽ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറണം. ∙ മത്സ്യബന്ധനത്തിനു പോകുന്നവർക്കു ജാഗ്രത വേണം ∙ വെള്ളപ്പൊക്കം ഉള്ള അവസരത്തിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ∙ പൊൻമുടി ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനു പോകുന്നവർക്കു നിയന്ത്രണം ∙ കോവളത്തും ശംഖുമുഖത്തും ഉൾപ്പെടെ കടൽക്ഷോഭം ശക്തമായ ബീച്ചുകളിൽ വിനോദ സഞ്ചാരികൾ സൂക്ഷിക്കണം‌‌ ∙ ബെംഗളൂരുവിൽ കനത്തമഴ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഇന്നുമുതൽ കനത്ത മഴയ്ക്കു സാധ്യത. അവിടെ താമസിക്കുന്ന മലയാളികളും യാത്രക്കാരും ജാഗ്രത പാലിക്കണം.