Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ വൻ ഭൂകമ്പം ഉണ്ടാകുമോ? ഭൂകമ്പ സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം

earthquake

‘ഇന്ത്യൻ മഹാസമുദ്രത്തിൽ ഡിസംബർ 31ന് ഒരു വലിയ ഭൂകമ്പം ഉണ്ടാകും, കരുതിയിരിക്കുക’ ഇത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലും സാമൂഹ്യമാധ്യമങ്ങളിലും കറങ്ങി നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇൗ ‘മുന്നറിയിപ്പുകൾ’ ചിരിച്ചു തള്ളുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാകുമോയെന്നും അതോറിറ്റി പരിശോധിക്കുന്നു. ഭൂകമ്പം ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പിച്ചു പറയും? ജനങ്ങളുടെ സംശയങ്ങൾക്ക് അവസാനമില്ല.‘ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും. അതു മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോഴില്ല’–ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

വ്യാജ സന്ദേശങ്ങളുടെ കാലത്ത് ഭൂകമ്പത്തെക്കുറിച്ചും അവ നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ സംവിധാനങ്ങളെക്കുറിച്ചും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ ലൂക്കോസ് കുരിയാക്കോസ് സംസാരിക്കുന്നു..

nepal-earthquake

കേരളത്തില്‍ ഭൂമികുലുക്കം ഉണ്ടാകുമോ? ഉണ്ടാകും, ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. കേരളത്തില്‍ പരമാവധി പ്രതീക്ഷിക്കുന്ന തീവ്രത: 6.5 റിക്ടര്‍ സ്കെയിൽ (ഇത് ഭൂകമ്പമാപിനി ഉപയോഗിച്ച് അളക്കുന്നു). റിക്ടര്‍ അളവുകോല്‍ ഇപ്പോള്‍ കാലഹരണപ്പെട്ടു. നിലവില്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത് മൊമന്റ് മാഗ്നിറ്റ്യൂഡ് അളവുകോല്‍ ആണ്. 

കേരളത്തില്‍ എന്തു തരം നാശനഷ്ടം പ്രതീക്ഷിക്കുന്നു? 6.5 റിക്ടര്‍ അളവുകോല്‍ ഭൂകമ്പം ഉണ്ടായാല്‍ VIIനും VIII ഇടയില്‍ മെര്‍ക്കാലി അളവുകോലില്‍ ഉള്ള നാശനഷ്ടം. ഇത് നാശ നഷ്ടത്തിന്‍റെ തോത് അനുസരിച്ച് നിരീക്ഷണത്തില്‍ നിന്നും നിര്‍ണയിക്കുന്നു (അവലംബം: സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതി, 2016).

ദുരന്ത പ്രതികരണ മേഖലയില്‍ പൊതുവില്‍ മെര്‍ക്കാലി സ്കെയില്‍ പരിഗണിക്കുവാന്‍ ഇഷ്ടപ്പെടുന്നു. ഇതിനു കാരണം ഭൂകമ്പ ശേഷം ദുരന്ത പ്രതികരണത്തിന്, നാശനഷ്ടം കൂടുതല്‍ ഉള്ള മേഖല നിര്‍ണയിക്കുവാന്‍ എളുപ്പം ഈ അളവുകോലാണ് എന്നതാണ്. 

ഭൂകമ്പ നാശനഷ്ടം നിര്‍ണയിക്കുന്നത് ഭൂകമ്പ തീവ്രത മാത്രമല്ല. കെട്ടിടങ്ങളുടെ നിര്‍മാണ നിലവാരം, ഭൂമിയുടെ ചരിവ്, കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് ഉപരിതലത്തില്‍ നിന്നും പാറയുടെ ആഴം, കെട്ടിടം മല മുകളില്‍ ആണോ, ചതുപ്പില്‍ ആണോ, കെട്ടിടത്തിന്‍റെ രൂപം, മേല്‍കൂരയുടെ നിര്‍മാണം, ഇവയെല്ലാം മെര്‍ക്കാലി അളവുകോലില്‍ ഉണ്ടാകാവുന്ന നാശനഷ്ട തോത് നിര്‍ണയിക്കുന്നു.

earthquake

ഉദാഹരണത്തിന് ഒരേ നിലവാരത്തില്‍, പാറയില്‍ ഉറപ്പിക്കാതെ ഒരേ ഉയരത്തില്‍ നിര്‍മിച്ചിട്ടുള്ള മൂന്നു കെട്ടിടങ്ങള്‍ പരിഗണിക്കാം. ഒന്ന് വയല്‍ നികത്തിയ ഭൂമിയില്‍, മറ്റൊന്ന് ഇടനാട്ടില്‍ ഉറച്ച മണ്ണില്‍, മൂന്നാമത്തേത് മലമുകളില്‍. ഒരേ തീവ്രതയുള്ള, ഒരേ ആഴത്തിലുള്ള, ഈ കെട്ടിടങ്ങളില്‍ നിന്നും തുല്യ ദൂരത്തിലുണ്ടാകുന്ന ഭൂകമ്പത്തില്‍ ഇവയില്‍ ഏറ്റവും പെട്ടെന്നു മറിഞ്ഞു വീഴാവുന്നത് വയല്‍ നികത്തിയ ഭൂമിയില്‍ ഉള്ളതായിരിക്കും. പെട്ടന്ന് പ്രകമ്പനം തിരിച്ചറിയുന്നതും, ഇടിഞ്ഞു വീഴുവാന്‍ സാധ്യതയുള്ളതും മലമുകളില്‍ ഉള്ളതിലായിരിക്കും. ഇടനാട്ടില്‍ ഉറപ്പുള്ള മണ്ണില്‍ ഉള്ള കെട്ടിടം കൂടുതല്‍ പ്രതിരോധ ശേഷി അതു നില്‍ക്കുന്ന സ്ഥലംകൊണ്ട് മാത്രം കൈവരിക്കുന്നു. 

ശ്രദ്ധിക്കേണ്ടത്, കെട്ടിടങ്ങള്‍ ഒരേപോലെ ആയിരിക്കില്ല എല്ലായിടത്തും ഭൂകമ്പത്തോട് പ്രതികരിക്കുന്നത്. ഇവ നില്‍കുന്ന സ്ഥലവും, നിര്‍മാണ ശൈലിയും ഇതിനെ സ്വാധീനിക്കുന്നു. ഭൂജലത്തിന്‍റെ ആഴവും, മണ്ണിന്‍റെ നനവും കെട്ടിടത്തിന്‍റെ അപകട സാധ്യത നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. അതിനാലാണ് ഭൂവിനിയോഗ രീതിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നു പറയുന്നത്.

എഞ്ചിനീയറിംഗ് രംഗം ഇവയെല്ലാം അതിജീവിക്കാവുന്ന തരത്തിലുള്ള, നാശനഷ്ടം തീര്‍ത്തും കുറയ്ക്കാവുന്ന തരത്തിലുള്ള വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ കഴിവു നേടികഴിഞ്ഞു. ഇറ്റലിയിലും, ജപ്പാനിലും അതിനാലാണല്ലോ ഇന്നും മനുഷ്യര്‍ ജീവിച്ചിരിക്കുന്നത്‌. എന്നാല്‍, ഇതിന് ഇന്നുള്ളതിനേക്കാള്‍ കുറച്ച് കൂടുതല്‍ തുക നിര്‍മാണത്തിനായി ചിലവഴിക്കേണ്ടിവന്നേക്കാം. ഭാവിയില്‍ ഈ ചെലവ് കുറയുവാനാണ് സാധ്യത എന്ന് കരുതുന്നു. വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഭൂകമ്പത്തില്‍ ഉണ്ടാകാവുന്ന നാശനഷ്ടം കുറയ്ക്കുവാന്‍ ആവശ്യമായ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യകള്‍ പലതും ലഭ്യമാണ്. ഇതിനായി ഇടുക്കിയിലെ നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്ക് 2012ല്‍ ഒരു പരിശീലന പരിപാടി നടത്തിയിരുന്നു. ഒരു കൈ പുസ്തകം നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കായി തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ട്.

കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ദേശീയതലത്തില്‍ ഭൂകമ്പ പ്രതിരോധ നിര്‍മാണത്തിനായി വിശദമായ പഠനം ഐഐടി റൂര്‍ക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വകുപ്പ് തലവനായിരുന്ന പ്രൊഫ: ആനന്ദ് സ്വരൂപ്‌ ആര്യ എന്ന വിദഗ്ധനെ കൊണ്ട് നടത്തിയിട്ടുണ്ട്. (Know More

∙ കേരളത്തിലെ ഭൂകമ്പ സാധ്യതകൾ

Earthquake

കേരളത്തില്‍ 6.5 റിക്ടര്‍ സ്കെയിൽ ഭൂകമ്പത്തിനുള്ള സാധ്യത എത്രയാണ്? ഇത്തരം ഒരു ഭൂകമ്പം ഉണ്ടാകുവാനുള്ള സാധ്യത, ലഭ്യമായ ഭൂകമ്പങ്ങളുടെ വിവരം അനുസരിച്ചു തുലോം തുച്ഛമാണ്. ആയിരത്തില്‍ ഒന്നിനും താഴെ. മറ്റൊരു രസം ഭൂകമ്പതോത് കുറയുന്നതനുസരിച്ചു ഒരോ ദിവസവും അത്തരം ഒന്ന് ഉണ്ടാകുവാനുള്ള സാധ്യത കൂടി വരുന്നു. റിക്ടര്‍ സ്കെയിലില്‍ ഒന്നിനു താഴെയുള്ള ഭൂമികുലുക്കങ്ങള്‍ ഇപ്പോഴും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പേടിക്കണ്ട, ഇതെല്ലം കണക്കിലെ കളികൾ ആണ്. പക്ഷെ, ഇത് കള്ളം അല്ല. വിവര ലഭ്യത കൂടുന്നതിന് അനുസരിച്ച് ഈ സാധ്യതാ അവലോകനം കൂടുതല്‍ കൂടുതല്‍ സത്യത്തോട് അടുക്കും. അതിനാല്‍ കൂടുതല്‍ വിവരം ശേഖരിക്കുവാന്‍ എല്ലാ ശാസ്‌ത്രജ്ഞരും ശ്രമിക്കുന്നു. 

അമേരിക്കയില്‍ സാന്‍ ആന്ദ്രയാ ഭ്രംശപാളിയെ ചുറ്റി ഒരു വലിയ ഭൂകമ്പം ഉണ്ടാകുവാന്‍ ഉള്ള സാധ്യത കാലങ്ങളായി ഭൂകമ്പ ശാസ്ത്രഞ്ജര്‍ പറഞ്ഞുവരുന്നു. ഇപ്പോള്‍ ഇത്തരം വലിയ ഒന്നിന്‍റെ സാധ്യത പ്രവചിക്കുവാനായി തീരെ ചെറിയ ഭൂമികുലുക്കം വരെ അവര്‍ നിരീക്ഷിച്ചു രേഖപ്പെടുത്തി ഇവ ഉപയോഗിച്ച് ഒരു പ്രവചന സിദ്ധാന്തം വികസിപ്പിച്ച് പരീക്ഷിച്ച് വരുന്നു. 

കേരളത്തിലെ നിരീക്ഷണ സംവിധാനം

∙ഇടുക്കി കേന്ദ്രീകരിച്ച് 6 ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ കെഎസ്ഇബിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കൂടി നടത്തുന്നു. ഇവയില്‍ നിന്നും നിരന്തര വിവരസംവേദന സംവിധാനത്തിലൂടെ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഈ വിവരം ലഭ്യമാകുന്നു. ഇതിനാല്‍ ഞങ്ങള്‍ എപ്പോഴും ഭൂമികുലുക്കം കണ്ടുകൊണ്ടിരിക്കുന്നു

earthquake

∙തൃശൂരില്‍ ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിന്‍റെ (നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്–എൻസിഇഎസ്എസ്) ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്

∙കാലാവസ്ഥാ വകുപ്പിന്‍റെ ഒരു ഉപകരണം തിരുവനന്തപുരത്തുണ്ട്

ഇതുകൂടാതെ ദേശീയതലത്തില്‍ ഇന്ത്യൻ സീസ്മിക് ആന്റ് ജിഎൻഎസ്എസ് നെറ്റ്‌വർക്ക് എന്ന നിരീക്ഷണ ശൃംഖലയുണ്ട്. നമ്മുടെ ഉപകരണങ്ങളും ഇതിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ ശൃംഖലയുടെ നടത്തിപ്പ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി എന്ന സ്ഥാപനത്തിനാണ്. ഇവയിലൂടെ വന്നെത്തുന്ന വിവരങ്ങള്‍ നിരന്തരം നോക്കി ഇരിക്കുന്ന ആറ് ഭൂകമ്പ സ്നേഹികള്‍ കേരളത്തില്‍ ഉണ്ട്. ശ്രീകുമാരി കേശവൻ,ജോൺ മത്തായി,അലി(എൻസിഇഎസ്എസ്),അലോഷി പോൾ(കെഎസ്ഇബി),പാർവതി ശശിധരൻ,അനുപമ ഗോപാൽ(സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി).ഇവരെ കൂടാതെ കേരളത്തില്‍ പല ശാസ്‌ത്രജ്ഞരും ഈ പഠനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു.

ഭൂകമ്പമാപിനികള്‍ക്ക് പാറപോട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങളും, വലിയ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങളും അറിയാന്‍ സാധിക്കുന്നു. ഇടുക്കിയില്‍ ഉള്ള ഉപകരണങ്ങള്‍ക്ക് നേപ്പാളില്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ പോലും അറിയാന്‍ സാധിക്കും. പസിഫിക് മേഖലയിലെ വലിയ ഭൂകമ്പങ്ങളും ഇവിടെ തിരിച്ചറിയാം.

എന്നാല്‍, ഏതാണ് പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം, ഏതാണ് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം എന്ന് തിരിച്ചറിയുവാനുള്ള കഴിവ് കാലങ്ങളുടെ പഠനത്തിലൂടെയും നീരിക്ഷണത്തിലൂടെയും മാത്രമേ കൈവരിക്കാന്‍ സാധിക്കൂ. 

ഇന്നത്തെ സംവിധാനത്തില്‍ കമ്പ്യൂട്ടര്‍ തന്നെ തീവ്രത, എവിടെ ഉണ്ടായി, എത്ര ആഴത്തില്‍ എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ അപഗ്രഥിച്ച് ഭൂപടമായി തന്നെ നല്‍കുന്നു. ഈ ശൃംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് പ്രകമ്പന സ്ഥാനത്ത് നിന്നും പ്രകമ്പന തീവ്രത കുറയുന്നതനുസരിച്ചും, നാശനഷ്ട തോതനുസരിച്ചും വിവിധ മേഖലകളായി തിരിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കുവാന്‍ സാധിക്കും. ഇവ ദുരന്ത പ്രതികരണ പ്രവര്‍ത്തങ്ങള്‍ക്ക് വിഭവസമാഹരണത്തിനായി ഉപയോഗിക്കുന്നു. എന്നാലും  ഭൂകമ്പ ശാസ്‌ത്രജ്ഞരുടെ അപഗ്രഥനവും വിശകലനവും അവസാനവാക്കായി ഞങ്ങള്‍ വിശ്വസിക്കുന്നു. കൃത്യം എപ്പോള്‍, ഏതുസ്ഥലത്ത്, എത്ര ആഴത്തില്‍, എത്ര വലിയ ഭൂകമ്പം ഉണ്ടാകും എന്നത് ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു.

earthquake

ഇപ്പോള്‍ തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ഡോ.എൻ.പൂർണചന്ദ്രറാവു ലോകം അറിയുന്ന ഭൂകമ്പ ശാസ്‌ത്രജ്ഞനാണ്. അദേഹത്തിന്‍റെകൂടി നേതൃത്വത്തില്‍ പൂനെയില്‍, കൊയിനായില്‍ പുതുതായി ബോർഹോൾ ജിയോഫിസിക്സ് റിസർച് ലബോറട്ടറി(ബിജിആർഎൽ)എന്ന ഒരു സ്ഥാപനവും ഉണ്ടായിട്ടുണ്ട്. ഈ സ്ഥാപനം ഭൂകമ്പ പ്രവചന സാങ്കേതിക വിദ്യ വികസിപ്പിക്കുവാന്‍ ഉതകുന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഭൗമശാസ്‌ത്രജ്ഞര്‍ ഉറ്റു നോക്കുന്ന ചില പഠനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ ഉണ്ട് എന്നത് വലിയ നേതൃത്വവും പ്രതീക്ഷയും നല്‍കുന്നു. ഇന്ന് ഇന്ത്യയില്‍ നിന്നും ഏറ്റവും അറിയപ്പെടുന്ന ഭൂകമ്പ ശാസ്‌ത്രജ്ഞരുടെ പട്ടികയില്‍ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ.കുശല രാജേന്ദ്രൻ,ഡോ.സി.പി.രാജേന്ദ്രൻ എന്നീ മലയാളികള്‍ ഉണ്ട്.

earthquake

ഐഐറ്റി റൂര്‍ക്കീയിലും ഭൂകമ്പ പ്രവചന സാങ്കേതിക വിദ്യ വികസിപ്പിക്കുവാന്‍ പോന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. ഇത്തരം ഒരു പ്രവചന സംവിധാനം ഹരിയാനയില്‍ ഒരു ജര്‍മന്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഉപകരണം ഏതാനും നിമിഷങ്ങള്‍ മുന്‍പ് മാത്രമാണു മുന്നറിപ്പു നല്‍കുന്നത് എന്നതിനാല്‍ എല്ലാ ശാസ്‌ത്രജ്ഞരും ഇത് ഒരു മുന്നറിപ്പ് സാങ്കേതിക വിദ്യയായി അംഗീകരിച്ചിട്ടില്ല, ഞങ്ങളും അംഗീകരിച്ചിട്ടില്ല.

പാറപൊട്ടിച്ചാൽ ഭൂകമ്പം ഉണ്ടാകുമോ?

കേരളത്തില്‍ പാറപൊട്ടിക്കല്‍ ഭൂകമ്പസാധ്യത വര്‍ധിപ്പിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. അമേരിക്കയിലും മറ്റും ആഴത്തിലുള്ള എണ്ണ, വാതക ഖനനശൈലിയായ ഫ്രാക്കിഗ് ചെറിയ (1.5 റിക്ടർ അളവുകോല്‍ മുതല്‍ 2.5 റിക്ടർ അളവുകോല്‍ വരെയുള്ള) ഭൂകമ്പങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു എന്നു കരുതപ്പെടുന്നു. 

അണകെട്ടുകളിലെ ജലത്തിന്‍റെ തോത് ഭൂകമ്പസാധ്യത വര്‍ധിപ്പിക്കുന്നുണ്ടോ? 

നിലവില്‍ ‘ഉണ്ട്’ എന്നും ‘ഇല്ല’ എന്നും രണ്ട്  അഭിപ്രായം ഈ വിഷയത്തില്‍ ഉണ്ട്. കൊയിനായിലെ റിസർച് സെന്റർ ഈ വിഷയത്തില്‍ ഒരു വിശദമായപഠനം നടത്തുന്നുണ്ട്. അവസാന ഉത്തരത്തിനായി ഈ പഠനത്തിന്‍റെ ഫലത്തിനായി കാത്തിരിക്കാം.