Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ; ഒന്നര നൂറ്റാണ്ടിനു ശേഷമുള്ള ആകാശവിസ്മയം!

Supermoon

152 വർഷങ്ങൾക്കുശേഷം ആ അത്ഭുതപ്രതിഭാസം, ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂൺ ഇന്നാണ്.ഒന്നര നൂറ്റാണ്ടിനു ശേഷം ആകാശത്ത് അരങ്ങേറുന്ന അദ്ഭുത പ്രതിഭാസത്തെ വരവേൽക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം. ആകാശത്തെ മഹാവിസ്മയങ്ങളില്‍ അത്യപൂർവമായ ഒരു കാഴ്ചയാണിത്. ഇത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുമെന്നതും ഒരു പ്രത്യേകതയാണ്. ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ല. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല ഇനിയൊട്ടു കാണാനും സാധിക്കില്ല..

ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരുമിച്ച് ഇന്നത്തെ സന്ധ്യയിൽ മാനത്തു കാണാം. ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവമാണെന്നു മാത്രം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും.

ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെടും. ആകാശം മേഘാവൃതമാണെങ്കിൽ ഈ അത്ഭുത പ്രതിഭാസം കാണാൻ കഴിയില്ല.

ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് – 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാൽ ഇന്നു വൈകിട്ടു ക്ഷേത്രങ്ങൾ നേരത്തേ നടയടയ്ക്കും.

ഈ ആകാശക്കാഴ്ചയെ ആഘോഷമാക്കാനായി ശാസ്ത്ര സംഘടനകള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ചാന്ദ്രനീരീക്ഷണം അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6.21 മുതല്‍ കേരളത്തില്‍ ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് നിഗമനം. എന്നാല്‍ ചന്ദ്രോദയം നേരത്തെയായതിനാല്‍ ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കാണാനാകില്ല.

കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന ഉയര്‍ന്ന പ്രദേശങ്ങളാണ് ബ്ലൂമൂണിനെ നിരീക്ഷിക്കുന്നതിന് അനുയോജ്യം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുമെങ്കിലും ടെലിസ്കോപ്പ് ഉപയോഗിച്ചാല്‍ ചന്ദ്രനിലെ പര്‍വതങ്ങള്‍, ഗര്‍ത്തങ്ങള്‍, അഗ്നിപര്‍വത പ്രദേശങ്ങള്‍ തുടങ്ങിയവയും കാണാം. തുടക്കത്തില്‍ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലും വലുപ്പത്തിലും ചന്ദ്രനെ കാണാനാകും. രാത്രി 7.37 വരെയാണ് ഈ ദൃശ്യം കാണാനാവുക.

ബ്ലഡ് മൂണ്‍

Supermoon

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂര്‍ണ ചന്ദ്രഗ്രഹണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ ചന്ദ്രന്‍ മറിയുന്ന അവസ്ഥയല്ല. ചന്ദ്രനെ ഓറഞ്ചു  കലര്‍ന്ന ചുവപ്പു നിറത്തില്‍ കാണുന്ന അവസ്ഥയെയാണ്. 

ബ്ലുമൂണ്‍

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും.

സൂപ്പര്‍ മൂണ്‍

സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ശോഭയേറുക. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇത് പൗര്‍ണമിയുടെ സമയത്തു മാത്രമേ ഉണ്ടാവൂ. 

എപ്പോൾ കാണാം

Supermoon

സൂര്യാസ്തമയത്തിനു ശേഷം അധികം വൈകാതെ തന്നെ സൂപ്പര്‍മൂണിനെ കാണാനാവുമെന്ന് ഗവേഷകർ പറയുന്നു. ചക്രവാളത്തില്‍ ചെറുതായിട്ടാണ് ചന്ദ്രന്‍ ഉണ്ടാവുക. എന്നാല്‍ ഭൂമിയില്‍ നിന്നു നോക്കുന്നയാള്‍ക്ക് ചന്ദ്രനെ വലുതായിട്ടായിരിക്കും കാണാനാവുകയെന്ന് നാസയുടെ പ്ലാനറ്ററി ജിയോളജിസ്റ്റ് സാറാ നോബിള്‍ വ്യക്തമാക്കി. ഈ സമയത്ത് കാലാവസ്ഥയിലെ സ്ഥിരത അനുസരിച്ചു മാത്രമേ ചന്ദ്രനെ കൃത്യമായും തിളക്കത്തോടെയും കാണാനാവൂ. 

ഇന്ത്യയില്‍ വൈകിട്ട് 6.20നും 7.30നും ഇടയിലാണ് ഇത് ദൃശ്യമാവുക. നാസയുടെ വെബ്‌സൈറ്റില്‍ തത്സമയം സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാണാൻ സാധിക്കും. ചില വന്‍കരകളില്‍ ഈ പ്രതിഭാസം കൃത്യമായി കാണുന്നതിനു തടസമുണ്ടാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഇതിനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ നാസ സൂപ്പര്‍ ബ്ലഡ് മൂൺ പ്രതിഭാസത്തിന്റെ തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. വെര്‍ച്വല്‍ ടെലസ്‌കോപ് പ്രൊജക്ട് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് നാസ അധികൃതര്‍ പറഞ്ഞു. 

യുഎസിലായിരിക്കും ഇത് ആദ്യം ദ്യശ്യമാവുക. ഇത്തവണത്തെ സൂപ്പര്‍ മൂണ്‍ തിളക്കമേറിയതാവാനാണ് സാധ്യത. നേരത്തെ ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. വളരെയധികം തിളക്കമുള്ളതായിരുന്നു ഇത്. അതുകൊണ്ട് വീണ്ടും ഇതാവര്‍ത്തിക്കാനാണ് സാധ്യതയെന്നും നാസ അധികൃതർ വിശദീകരിച്ചു. ഭൂമിയുടെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍ ചന്ദ്രന് ഇരുണ്ട നിറമാവാന്‍ സാധ്യതയുള്ളതിനാല്‍ ബ്ലഡ് മൂണ്‍ കൂടുതല്‍ ചുവപ്പു നിറത്തിൽ ദൃശ്യമാകാനും സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമാകും, ഭൂചലനത്തിനും സാധ്യത!

Supermoon

ബ്ലഡ്മൂൺ (സൂപ്പർമൂ‍ൺ ) ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും മുന്നറയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. 

ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. 

sea

ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാൻ കൂടുതൽ സാധ്യത. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയുണ്ട്. ഇന്തോനേഷ്യയോടു ചേർന്നു കിടക്കുന്ന ആൻഡമാൻ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്. 

ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി നേരത്തെ നടന്ന ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

Supermoon

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്. 

ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്. 

sea

ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. 

പാക്കിസ്ഥാൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് വിവിധ സ്ഥലങ്ങളിലായി ഏഴോളം ഭൂചലനങ്ങളാണ് ഉണ്ടായത്.