ADVERTISEMENT

തൂവെള്ള നിറത്തിൽ ഒറ്റക്കണ്ണു മാത്രമുള്ള സ്രാവിൻ കുഞ്ഞിനെ കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ. ഇന്തോനേഷ്യയിലാണ് അപൂർവ സംഭവം. മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുരുങ്ങിയ വലിയ സ്രാവിന്റെ വയർ കീറിയപ്പോഴാണ് ഒറ്റക്കണ്ണുള്ള സ്രാവിൻ കുഞ്ഞിനെ കിട്ടിയത്.

അപൂർവ ഇനത്തിൽപ്പെട്ട ആൽബിനോ സ്രാവാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. മാലുകു പ്രവിശ്യയിലെ കടൽത്തീരത്തു നിന്നാണ് ഈ സ്രാവ് ഇവരുടെ വലയിൽ അകപ്പെട്ടത്. വലയിൽ കുടുങ്ങിയ വലിയ സ്രാവിനെ തൊഴിലാളികൾ ബോട്ടിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒക്ടോബർ പത്തിനാണ് അപൂർവ സ്രാവ് മത്സ്യത്തൊഴിലാളികളുടെ പിടിയിലായത്.

വലയിൽ കുടുങ്ങിയ സ്രാവിന്റെ വയറ് കീറിയപ്പോഴാണ് സ്രാവിൻ കുഞ്ഞുങ്ങൾ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്രാവിൻ കുഞ്ഞുങ്ങളെല്ലാം ചത്ത നിലയിലായിയിരുന്നു. കൂട്ടത്തിൽ ഒരു കുഞ്ഞു സ്രാവിന്റെ തലയുടെ നടുവിലായി ഒരു കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇതു  കണ്ടാണ് മത്സ്യത്തൊഴിലാളികൾ ഞെട്ടിയത്. അതിന്റെ കുഞ്ഞു ചിറകുകളും രൂപം കൊണ്ടിരുന്നു. ഈ സ്രാവിൻ കുഞ്ഞിന് തൂവെള്ള നിറത്തിലാണ് കാണപ്പെട്ടത്. ഇതെല്ലാം തങ്ങളെ ഭയപ്പെടുത്തിയെന്നും മത്സ്യത്തൊഴിലാളികളിൽ ഒരാളായ ആൻഡി വ്യക്തമാക്കി.

സ്രാവിന്റെ വയറിനകത്ത് മൂന്ന് സ്രാവിൻ കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. ഇതിൽ ഒരെണ്ണത്തിന് മാത്രമാണ് പ്രത്യേകതയുണ്ടായിരുന്നത്. സൈക്ലോപ്യ എന്ന ജനിതക തകരാറുള്ള ജീവികളാണ് ഒറ്റക്കണ്ണുമായി ജനിക്കുക. സൈക്ലോപ്യ കൂടാതെ ഇതിന് ആൽബിനിസം കൂടി ഉണ്ടായിരുന്നു. ഇതാകാം സ്രാവിൻ കുഞ്ഞിന്റെ അപൂർവ ജനനത്തിനു പിന്നിലെന്നാണ് ഗവേഷകരുടെ നിഗമനം. കൂടുതൽ പരിശോധനകൾക്കായി സ്രാവിനെ സമുദ്ര ഗവേഷകർക്ക് കൈമാറി.

എന്താണ് ആല്‍ബിനിസം?

ഒരു ജീവിയുടെ ശരീരത്തിന്റെയും കണ്ണുകളുടേയും മുടിയുടേയുമെല്ലാം നിറം നിശ്ചയിക്കുന്നത് മെലാനിന്‍ എന്ന വര്‍ണവസ്തുവാണ്. മെലാനിന്റെ ഉൽപാദനം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ആല്‍ബിനിസം. ഇതിന്റെ ഫലമായി ജീവിയുടെ ശരീരമാകെ വെളുത്ത നിറമാകും. ഇത്തരം അവസ്ഥയിലുള്ളവരെ ആല്‍ബിനോകള്‍ എന്നു വിളിക്കും.

മാതാപിതാക്കളില്‍നിന്നു കൈമാറിവരുന്ന ജനിതകരോഗമാണ് ആല്‍ബിനിസം. മെലാനോസൈറ്റ് എന്ന കോശങ്ങളിലാണ് മെലാനിന്റെ ഉൽപാദനം നടക്കുന്നത്. ആല്‍ബിനോകളില്‍ മെലാനോസൈറ്റുകളുണ്ടെങ്കിലും അവ ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തനരഹിതമായിരിക്കും. വെളുത്ത നിറമുള്ള എല്ലാ മൃഗങ്ങളും ആല്‍ബിനോകള്‍ അല്ല. ആല്‍ബിനോ ബാധിച്ച മൃഗങ്ങളേയും അല്ലാത്തവയേയും കണ്ണില്‍ നോക്കി തിരിച്ചറിയാം. ഇവയുടെ കൃഷ്ണമണിയുടെ നിറം വിളറിയ ചുവപ്പോ പിങ്കോ ആയിരിക്കും. മീനുകളിലും പക്ഷികളിലും പ്രാണികളിലും ഉരഗങ്ങളിലുമെല്ലാം ആല്‍ബിനിസം കണ്ടുവരാറുണ്ട്. വെള്ള നിറത്തിലുള്ള തൂവലുകളും ചെതുമ്പലുകളുമൊക്കെയാണ് ഇവയുടെ പ്രത്യേകത.

English Summary: 'Cyclops' albino baby shark with one eye absolutely baffles fishermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com