ADVERTISEMENT

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും പരക്കെ മഴലഭിക്കും. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഇന്നലെയോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍മാറി. ഇന്നു മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മലയോരമേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയാണ് തുലാവര്‍ഷത്തിന്‍റെ പ്രത്യേകത.

ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതു ഈ കാലയളവിലാണ്. ഇത്തവണ അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്ര‍ഞരുടെ കണക്കുകൂട്ടല്‍.

2017 നവംബറില്‍ ഒാഖി ചുഴലിക്കാറ്റ് കേരള തീരത്ത് വലിയ പ്രശനം സൃഷ്ടിച്ചിരുന്നു, ഇത്തവണ കാലവര്‍ഷക്കാലത്ത് ഒന്‍പത് ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. കോഴിക്കോടും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 33 ശതമാനം അധികം. കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് സംസ്ഥാനത്ത് 27 ശതമാനം അധികം മഴ ലഭിച്ചു.

ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇതു തുടർന്നേക്കാം

മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നൽ കൂടുതൽ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിക്കാം. മിന്നലിൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമുണ്ടാകില്ല. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്‌. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്‌. കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 

 Northeast monsoon to commence in Kerala from October 28, confirms Met office

ഇടിമിന്നൽ– ജാഗ്രതാ നിർദേശം

∙മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കരുത്

∙ വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കാനും മാറ്റിക്കെട്ടാനും പോകരുത്

∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്

∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക.

∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

∙ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

∙ ഇടിമിന്നലുള്ള സമയത്ത്‌ കുളി ഒഴിവാക്കുക. പട്ടം പറത്തരുത്

∙ കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

∙ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കരുത്

∙ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.

∙ തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

∙ പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

∙ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

കുട്ടികളുടെ ശ്രദ്ധയ്ക്ക്

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ചയും കേൾവിയും നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം

English Summary: Northeast monsoon to commence in Kerala from October 28, confirms Met office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com