ADVERTISEMENT

ഒട്ടേറെ പ്രത്യേകതകളുള്ള തവളകളാണ് പാതാള തവളകൾ. ഇവയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളകൾ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ. പറഞ്ഞുവരുന്നത് 1200 ലക്ഷം വർഷം മുമ്പ് ഉണ്ടായതെന്നു കരുതപ്പെടുന്ന പാതാള തവളകളെക്കുറിച്ചാണ്. കേരളത്തിലേയും തമിഴ്നാട്ടിലേയയും പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന പാതാളത്തവളകൾ വര്ഷത്തിൽ ഒരിക്കൽ മാത്രമേ മണ്ണിന്റെ അടിയിൽ നിന്നും പുറത്തുവരികയുള്ളൂ. അതും പ്രജനനത്തിനായി മാത്രം. മൺസൂണിനു മുമ്പുള്ള മഴക്കാലത്താണ് ഇവ പുറത്തെത്തുന്നത്.

പുതുമഴയിൽ പുനർജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിന്റെ അടിയിൽ 1.5 മീറ്റർ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാള തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകർഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ആദ്യം തുടങ്ങുക. കരച്ചിൽ കേട്ടെത്തുന്ന പെൺതവള ആണിനേയും പുറത്ത് ചുമന്നുകൊണ്ട് തുരങ്കത്തിലൂടെ മണ്ണിനു മുകളിലേക്കു വരും.

ഉള്ളിൽ 2000 മുതൽ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളിൽ ആൺതവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞ് രൂപപ്പെടുന്ന വാൽമാക്രികൾ 110 ദിവസം കൊണ്ട് പൂർണ വളർച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിർത്താൻ ഇണയുമായി ഇവ പുറത്തു വരൂ.

'Mahabali frog' may be Kerala's official amphibian

ചിതലാണ് ഇവയുടെ പ്രധാന ആഹാരം. പാതാളത്തവളകളിലെ ആണിന് 5 സെൻറീമീറ്ററും പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ മൂന്നാമത്തെ സ്ഥാനക്കാരായ നാസികാബട്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നുള്ളത് ഗവേഷകരെ ഇപ്പോഴും വിസ്മയിപ്പിക്കുന്ന കാര്യമാണ്.

നാസികാ ബട്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാതാളത്തവളയെ മുൻപ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, തൃശ്ശൂര്‍, തമിഴ്‌നാട്ടിലെ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു. സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നര്‍ഥമുള്ള ബട്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളില്‍നിന്നാണ് നാസികാ ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്. ആഫ്രിക്കയുടേയും ഏഷ്യയുടേയും ഇടയിലുള്ള ദ്വീപായ സീഷെൽസിൽ കാണുന്ന സൂഗ്ലോസിടെ എന്ന തവളകളുമായി പാതാളത്തവളകൾക്ക് ബന്ധമുണ്ടെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസർ ഡോ. എസ്. ഡി ബിജുവും, ബെൽജിയന്‍ ജന്തുശാസ്ത്രജ്ഞനായ ഫ്രാങ്കി ബോസ്സ്യുറ്റും നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

‘പാതാള തവള’യ്ക്ക് ഔദ്യോഗിക പദവി

തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്ന പാതാള തവള അഥവാ ‘മഹാബലി തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടി.  വനം വകുപ്പിന്റെ ശുപാർശ വനം വന്യ ജീവി ഉപദേശക ബോർഡിന് ഉടൻ സമർപ്പിക്കും. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നും അറിയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവ വർഷത്തിൽ 364 ദിവസവും മണ്ണിനടിയിലാണ്. പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. 

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണു കേരളത്തിന്റെ തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തിനു തുടക്കം കുറിച്ചത്.  ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണു 2003ൽ ഇടുക്കിയിൽ ഈ തവളയെ കണ്ടെത്തിയത്.  അതിനു മുൻപു തന്നെ ഇതേക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു.ഊതി വീർപ്പിച്ച പോലെയാണ് ആകൃതി. ശരീരം ധൂമ്ര നിറത്തിലുള്ളതാണ്.

പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാൽ, ചിലയിടങ്ങളിൽ ‘പന്നി മൂക്കൻ തവള’ എന്നും പേരുണ്ട്. വെളുത്ത നിറമുള്ള കൂർത്ത മൂക്കാണ്. ദൃ‍‍ഡമായ കൈ കാലുകൾ മണ്ണു കുഴിച്ചു പോകാൻ സഹായിക്കുന്നു.  ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം. പശ്ചിമ ഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതു പോലെയാണു പ്രജനനവും ജീവിത രീതികളും.

English Summary: 'Mahabali frog' may be Kerala's official amphibian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com