ADVERTISEMENT

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയിലെ സമുദ്രനിരപ്പ് വർധിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ വന്‍കരകളില്‍ സ്ഥിതി ചെയ്യുന്ന ജലയാശയങ്ങളുടെ കാര്യത്തില്‍ ഈ പ്രതിഭാസങ്ങളുണ്ടാക്കുന്ന മാറ്റം നേര്‍ വിപരീതമാണ്. അതായത് ലോകത്തെ മിക്ക തടാകങ്ങളും വറ്റിക്കൊണ്ടിരിക്കുകയാണ്. വർധിക്കുന്ന ചൂട് മൂലം വറ്റി വരളുന്നതാണ് ഒരു കാരണമെങ്കില്‍, പല ജലാശയങ്ങള്‍ക്കും തങ്ങളുടെ സ്രോതസ്സുകളാണ് മഞ്ഞുപാളികള്‍ ചൂട് മൂലം ഉരുകി തീര്‍ന്നതാണ് മരണശയ്യയിലേക്കെത്താന്‍ കാരണം.

ലോകത്തിലെ ഏറ്റവും വലിയ തടാകം എന്നറിയപ്പെടുന്ന കാസ്പിയന്‍ കടലിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. പ്രധാനമായും ശുദ്ധജലസ്രോതസ്സുകളാല്‍ നിറയ്ക്കപ്പെടുന്ന കാസ്പിയന്‍ കടല്‍ ലോകത്തിലെ ആകെ തടാകങ്ങളിലെ വെള്ളത്തിന്‍റെ അളവെടുത്താല്‍, അതില്‍ 40 ശതമാനം ജലവും ഉള്‍ക്കൊള്ളുന്ന ജലാശയമാണ്. അതേസമയം കാസ്പിയന്‍ കടലിന്‍റെ വലുപ്പവും ജലത്തിന്‍റെ അളവും അതിനെ ആഗോളതാപനത്തിന്‍റെ ആഘാതത്തില്‍ നിന്ന് രക്ഷിക്കാന്‍ പര്യാപ്തമാകുന്നില്ല. ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴേക്കും കാസ്പിയന്‍ കടലിലെ ജലത്തിന്‍റെ അളവ്  9 മുതല്‍ 18 മീറ്റര്‍ വരെയായി കുറയും എന്നാണു കണക്കാക്കുന്നത്.

റഷ്യ, ഇറാന്‍, അസര്‍ബായിജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായാണ് കാസ്പിയന്‍ കടല്‍ സ്ഥിതി ചെയ്യുന്നത്. ആഗോളതാപനം ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ മുകളില്‍ സൂചിപ്പിച്ച വിധം കാസ്പിയന്‍ കടലിലെ ജലത്തിന്‍റെ അളവു കുറയും. അങ്ങനെ സംഭവിച്ചാല്‍ കാസ്പിയന്‍ കടലിന്‍റെ വിസ്തൃതിയില്‍ 34 ശതമാനത്തോളം കുറവ് വരും. വടക്കന്‍ കാസ്പിയന്‍ മേഖല ഏതാണ്ട് പൂര്‍ണമായി വറ്റി വരളും. തെക്ക് കിഴക്കന്‍ മേഖലയിലെ ജലത്തിന്റെ അളവിലും ഗണ്യമായ കുറവ് വരും.

ഇല്ലാതാകുന്ന അതിജീവന സാധ്യതകള്‍

മൂന്നേ മുക്കാല്‍ ലക്ഷം ചതുരശ്ര കിലോമീറ്ററാണ് കാസ്പിയന്‍ കടലിന്‍റെ ചുറ്റളവ്. 1.2 ദശാംശം ഉപ്പിന്‍റെ അംശം കാണപ്പെടുന്നതിനാലാണ് കാസ്പിയന്‍ തടാകത്തെ കാസ്പിയന്‍ കടല്‍ എന്നു കൂടി വിശേഷിപ്പിക്കുന്നത്. കാസ്പിയന്‍ കടല്‍ ഉള്‍പ്പടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങള്‍ നേരിടുന്ന വരള്‍ച്ചാ ഭീഷണി പരിസ്ഥിതി പ്രശ്നം മാത്രമല്ല. കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഈ ജലാശയങ്ങള്‍. അതു കൊണ്ട് തന്നെ ഈ ജലാശയങ്ങളുടെ സംരക്ഷണത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഇത്തരം ജലാശയങ്ങള്‍ വറ്റാന്‍ തുടങ്ങുന്നതോടെ അസ്ഥിരതയിലാകുന്നത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വന്ന ജൈവവൈവിധ്യ മേഖലകളാണെന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഒരു ഒരു വലിയ കടല്‍ തന്നെ എങ്ങനെ വറ്റിവരണ്ട് മരുഭൂമിയകും എന്നുള്ളതിന് ഉദാഹരണമാണ് അറെൽ കടൽ. അറെൽ കടല്‍വറ്റി വരണ്ടതോടെ ഈ മേഖല എങ്ങനെ ചൂട് ആഗിരണം ചെയ്യുന്ന ഒരു താപമേഖലയായി മാറി എന്നത് ലോകത്തിന് തന്നെയുള്ള മുന്നറിയിപ്പാണ്. വറ്റിവരണ്ട മരുഭൂമിയായി മാറിയ ഈ പ്രദേശം ചുറ്റുമുള്ള മേഖലകളിലെ കൂടി താപനില കുത്തനെ ഉയര്‍ത്തുന്നതിനു കാരണമായി. സമാനമായ സ്ഥിതി കാസ്പിയന്‍ കടലിന്‍റെ കാര്യത്തിലും സംഭവിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

തങ്ങള്‍ ഇതുവരെ അതിജീവിനത്തിനായി ആശ്രയിച്ചിരുന്ന തടാകം വറ്റി വരളുമ്പോള്‍ അത് കാസ്പിയന്‍ തീരത്തെ ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. മത്സ്യബന്ധന തുറമുഖങ്ങളുള്‍പ്പടെ കരയായി മാറും. സമുദ്രം അകന്നു പോയ അറെൽ കടലിലെ അവസ്ഥ വൈകാതെ കാസ്പിയനിലും പ്രതീക്ഷിക്കാം. ഇത് വലിയൊരു സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിയിലേക്കു കൂടിയാണ്  കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുക. ഇത് കാസ്പിയനിലെ മാത്രം സ്ഥിതിയല്ല മറിച്ച് ലോകത്തെ വലുതും ചെറുതുമായ മറ്റ് ഉള്‍നാടന്‍ ജലാശയങ്ങള്‍ കൂടി നേരിടാൻ പോകുന്ന സ്ഥിതിയാണ്. 

കാസ്പിയനെ രക്ഷിക്കാന്‍ കഴിയുമോ

നിലവിലെ സാഹചര്യത്തില്‍ ഇനി കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും മറ്റും കുറവുണ്ടായാലും കാസ്പിയന്‍ കടലിന്‍റെ വരള്‍ച്ച തടയാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. വര്‍ഷം തോറും 7 സെന്‍റിമീറ്ററോളം കസ്പിയന് കടലിന്‍റെ ജലനിരപ്പില്‍ കുറവുണ്ടാകുന്നുണ്ട്. കാസ്പിയനില്‍ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്നില്ല എന്നതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ ബാഷ്പീകരണം ഉയരാനുള്ള സാധ്യതയും കാസ്പിയന്‍ കടലിന് തിരിച്ചടിയാണ്. കൂടാതെ മുഖ്യ ജലസ്രോതസ്സായ വോള്‍ഗാ നദിയിലെ നീരൊഴുക്കിലെ ഗണ്യമായ കുറവും കാസ്പിയന് പ്രതികൂലമാകും. എങ്കിലും കാസ്പിയനെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കുറവ് വരുത്തരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും അഭിപ്രായപ്പെടുന്നു. കൂടാതെ കാസ്പിയന്‍റെ സ്ഥിതി ഉദാഹരണമാക്കി ലോകത്തെ മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളെ രക്ഷിക്കാനുള്ള പരിപാടികള്‍ ലോക വ്യാപകമായ ആസൂത്രണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

English Summary: It May Be Too Late to Save The World's Largest Lake From Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com