ADVERTISEMENT

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് എല്ലായിടത്തും ചർച്ചകൾ നടക്കുന്നതിനിടെ അസാധാരണമായ ചില കാലാവസ്ഥാ വാർത്തകളാണ് ആഗോളതലത്തിൽ പുറത്തുവരുന്നത്. ജനുവരി മാസത്തിൽ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാലവും  മഞ്ഞുവീഴ്ചയുമൊക്കെ അനുഭവപ്പെടാറുണ്ടെങ്കിലും അക്കൂട്ടത്തിൽ മധ്യേഷ്യൻ രാജ്യങ്ങളും ആഫ്രിക്കൻ മരുഭൂമികളും ഒന്നും ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പതിവുകളൊക്കെ തെറ്റിച്ചുകൊണ്ട് സഹാറാ മരുഭൂമിയിൽ മഞ്ഞു പുതച്ചു കൊണ്ടാണ് ഇത്തവണ ജനുവരി മാസത്തിന്റെ കടന്നുവരവ്. ഗൾഫ് രാജ്യങ്ങൾ പൊതുവേ ചൂടുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ടതാണെങ്കിലും ഇത്തവണ സൗദി അറേബ്യയിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസാണ്.

സഹാറ മരുഭൂമിയിലെ മണൽ കൂനകൾക്കു മുകളിൽ മഞ്ഞു വീണു കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൊട്ടോഗ്രാഫറായ കരീം ബൗഷെറ്റാറ്റാണ് മഞ്ഞുപുതച്ച സഹാറ മരുഭൂമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സഹാറാ മരുഭൂമി യുടെ അൾജീരിയൻ മേഖലയിൽ ബുധനാഴ്ച മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. 43 വർഷത്തിനിടെ ഇത് നാലാം തവണയാണ് അൾജീരിയൻ സഹാറയിൽ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.

സൗദി അറേബ്യയിലാകട്ടെ അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് താപനിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. അസീർ മേഖലയിലുള്ള മലനിരകളിലും മണലാരണ്യങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായതോടെ അപൂർവ കാഴ്ച കാണുന്നതിനായി നിരവധി ആളുകളും എത്തിയിരുന്നു. മഞ്ഞു കൂനകൾക്ക് നടുവിൽ നിൽക്കുന്ന ഒട്ടകങ്ങളുടെ ചിത്രങ്ങളാണ്  സൗദി അറേബ്യയിൽ നിന്നും പുറത്തു വരുന്നത്.

മരുഭൂമി പ്രദേശത്തേക്ക് വലിയതോതിൽ ശീതക്കാറ്റ് വീശിയടിച്ചതാവാം താപനില കുത്തനെ കുറയാനുള്ള  കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം കര പ്രദേശത്തുനിന്നും കലരുന്ന ഇർപ്പം തണുത്തുറഞ്ഞ് മഞ്ഞായി പതിക്കുകയാണ് ചെയ്യുന്നത്.

English Summary: Ice blankets the Sahara desert while snow falls in Saudi Arabia where temperature has dropped to -2C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com