ADVERTISEMENT

ഏതോ സയൻസ് ഫിക്ഷൻ കഥകളിലേതു പോലുള്ള രൂപം.ഒരു തീനാളത്തിന്റെ ആകൃതിയിൽ.മുറിച്ചാൽ അകത്ത് വെളുത്തതോ അല്ലെങ്കിൽ പർപ്പിൾ നിറത്തിലോ ഉള്ള ദശ.അതിൽ കടുകു വിതറിയതുപോലെയുള്ള അരികൾ.ഇതാണ് ഡ്രാഗൺഫ്രൂട്ട്...ലോകത്തിൽ ഇന്ന് ഒരുപാട് ആരാധകരുള്ള പഴവർഗം.

ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം ഈ പഴത്തിന്റെ പേര് ‘കമലം’ എന്നാക്കി മാറ്റിയതോടെ സമൂഹമാധ്യമങ്ങളിൽ ഡ്രാഗൺഫ്രൂട്ട് താരമായി.ഒട്ടേറെ ട്രോളുകളും തമാശകളും ഈ വിരുതന്റെ പേരിൽ പല അക്കൗണ്ടുകളിൽ നിന്നായി പുറത്തു വന്നു.

∙ചൈനക്കാരനല്ല

ആയിരക്കണക്കിനു വർഷങ്ങൾ മുൻപ്, ഈ ഭൂമിയിൽ തീ തുപ്പുന്ന ഡ്രാഗണുകൾ ഉണ്ടായിരുന്നത്രേ.അന്നത്തെ കാലത്തെ യോദ്ധാക്കൾ വീര്യം തെളിയിക്കണമെങ്കിൽ ഡ്രാഗണിനെ കൊല്ലണം.കുറേ നേരം യോദ്ധാക്കളോട് പോരാടിക്കഴിയുമ്പോൾ അവ തീ തുപ്പാൻ തുടങ്ങും.തീയൂതി തീയൂതി ഡ്രാഗണിന്റെ തീയുടെ സ്റ്റോക്ക് തീർന്നു കഴിയുമ്പോൾ അവസാനം അതിന്റെ വായിൽ നിന്ന് ഒരുഗ്രൻ പഴം തെറിക്കും. ആ പഴമാണ് നമ്മുടെ കഥാനായകനായ ഡ്രാഗൺഫ്രൂട്ട്.

കീഴ്പ്പെടുത്തിയ ഡ്രാഗണിന്റെ മാംസം യോദ്ധാക്കൾ ഭക്ഷിക്കും.എന്നിട്ട് അതിവിശിഷ്ടവും അപൂർവവുമായ ഈ പഴം ചക്രവർത്തിക്കു സമ്മാനിക്കും.പഴം കഴിക്കുന്ന ചക്രവർത്തി നവോന്മേഷവും ആരോഗ്യവും നേടും. തുടർന്ന് തനിക്ക് ഡ്രാഗൺഫ്രൂട്ട് എത്തിച്ചു തന്ന സൈനികർക്ക് സമ്മാനങ്ങളും ആശീർവാദവും കൊടുക്കുമെന്നാണ് ഐതിഹ്യം

ഡ്രാഗൺഫ്രൂട്ടുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളിൽ പ്രശസ്തമായ ഒന്നാണ് ഇത്.ഇടക്കാലത്ത് ഡ്രാഗൺഫ്രൂട്ടിന്റെ പ്രധാന ഉത്പാദകരായി വിയറ്റ്നാം മാറിയിരുന്നു.അങ്ങനെയാണ് ഈ കഥ വന്നത് എന്നു കരുതുന്നു.ആയിരക്കണക്കിനു വർഷം പഴയ കാര്യങ്ങളൊക്കെയാണ് പറയുന്നതെങ്കിലും കഥ പുറത്തിറങ്ങിയിട്ട് അധികം കാലമൊന്നുമായില്ലെന്നും പഴത്തിന് ഒരു ഏഷ്യൻ അഡ്രസുണ്ടാക്കാനുള്ള മാർക്കറ്റിങ് തന്ത്രമാണിതെന്നും അഭ്യൂഹമുണ്ട്.പേരു കേൾക്കുമ്പോൾ ചൈനക്കാരനാണ് ഡ്രാഗൺഫ്രൂട്ട് എന്നു തോന്നുമെങ്കിലും ആളിന്റെ ജന്മദേശം വേറെയാണ്.

∙പിതായ

തെക്കനമേരിക്ക, മധ്യ അമേരിക്ക,മെക്സിക്കോ എന്നീ മേഖലകളാണ് ഡ്രാഗൺഫ്രൂട്ടിന്റെ ജന്മദേശമായി പൊതുവെ കരുതപ്പെടുന്നത്.പിതായ അല്ലെങ്കിൽ പിതഹായ എന്നൊക്കെയാണ് ഇവിടെ ഇദ്ദേഹം അറിയപ്പെടുന്നത്.‘മുള്ളുകളുള്ള പഴം’ എന്നാണു സ്പാനിഷിൽ ഈ വാക്കിനർഥം.കള്ളിമുൾച്ചെടിയുടെ വിഭാഗത്തിൽ പെടുന്ന ഹൈലോസിറസ് എന്ന ചെടിയാണ് ഡ്രാഗൺഫ്രൂട്ടുകൾ നൽകുന്നത്.നാലു പ്രധാനപ്പെട്ട തരങ്ങളും നൂറിലധികം ഉപവിഭാഗങ്ങളുമായി ഇവ ഭൂമിയിലുണ്ട്.വവ്വാലുകളും മറ്റു ചില പ്രാണികളുമൊക്കെയാണ് ഡ്രാഗൺഫ്രൂട്ട് ചെടിയിൽ പരാഗണം നടത്തി പഴത്തിന്റെ സൃഷ്ടിക്കു വഴി വയ്ക്കുന്നത്.ചുവപ്പു നിറമല്ലാതെ മഞ്ഞ നിറമോടുകൂടിയുള്ള തൊലിയുള്ള മറ്റൊരു വകഭേദവും കാണാം.

മെക്സിക്കോയിൽ 14, 15 നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന ആസ്ടെക് രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട പഴമായിരുന്നത്രേ ഇത്. ഡ്രാഗൺഫ്രൂട്ട് പറിച്ചുകൊണ്ടുവരാനായി ചക്രവർത്തിമാരുടെ സേവകർ 500 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്തിരുന്നെന്നൊക്കെ ചരിത്ര രേഖകളിലുണ്ട്.

പിന്നീട് മെക്സിക്കോയിലെത്തിയ സ്പെയിൻകാരും മറ്റ് യൂറോപ്യൻമാരുമൊക്കെ ഇതിനെ ഭൂമിയുടെ പല മേഖലകളിൽ എത്തിച്ചെന്നാണ് വിശ്വാസം.ഫ്രഞ്ചുകാരാണ് പഴത്തെ വിയറ്റ്നാമിലെത്തിച്ചത്.വിയറ്റ്നാമിലെത്തിയ ഡ്രാഗൺ ഫ്രൂട്ടിനെ രാജ്യം ഇരുകൈകളും നീട്ടി ഏറ്റെടുത്തു.ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഡ്രാഗൺഫ്രൂട്ട് ഉത്പാദിപ്പിക്കുന്നത് വിയറ്റ്നാമാണ്.മുഴുവൻ രാജ്യാന്തര ഉത്പാദനത്തിന്റെ 70 ശതമാനം വരുന്നത് ഈ ഏഷ്യൻ രാജ്യത്തിൽനിന്നാണ്.2019ൽ വിയറ്റ്നാമിൽ 12 ലക്ഷം മെട്രിക് ടൺ ഡ്രാഗൺഫ്രൂട്ട് ഉത്പാദിപ്പിച്ചെന്നാണു കണക്ക്.ഏഷ്യൻ രാജ്യങ്ങളിൽ ഇതിനെ സ്ട്രോബറി പീയർ എന്നും വിളിക്കാറുണ്ട്.

വിയറ്റ്നാമും അമേരിക്കൻ രാജ്യങ്ങളും കൂടാതെ മലേഷ്യ, തായ്‌ലൻഡ്, തയ്‌വാൻ, ശ്രീലങ്ക,ചൈന, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപകമാണ്.നമ്മുടെ രാജ്യത്തെ കർഷകരും ഈ ഫലവർഗത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി.ഗുജറാത്തിലെ സൗരാഷ്ട്ര,നവ്സാരി,കച്ച് മേഖലകളിലൊക്കെ ഇതു നന്നായി കൃഷി ചെയ്യപ്പെടുന്നുണ്ട്.

∙സമ്പൂർണ ഗുണവാൻ

ഒട്ടേറെ ആന്റി ഓക്സിഡന്റ് തന്മാത്രകൾ ഡ്രാഗൺഫ്രൂട്ടിലുമുണ്ട്.കാൻസറിനെതിരെയും ചില ഹൃദ്രോഗങ്ങൾക്കെതിരെയുമൊക്കെ ഉത്തമമാണ് ഇത്. പ്രമേഹത്തിന്റെ തോത് കുറയ്ക്കാനും സഹായിക്കും.

ഒരു ഔൺസ് ഡ്രാഗൺഫ്രൂട്ടിൽ 102 കാലറിയും,2 ഗ്രാം കാർബോഹൈഡ്രേറ്റും,2 ഗ്രാം പ്രോട്ടീനും 13 ഗ്രാം പഞ്ചസാരയും,5 ഗ്രാം ഫൈബറുമുണ്ടെന്ന് പ്രശസ്ത മെഡിക്കൽ വെബ്സൈറ്റായ ‘വെബ് എംഡി’ റിപ്പോർട്ട് ചെയ്യുന്നു.വിറ്റാമിൻ എ,സി, കാൽസ്യം,മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്.ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയ്ക്ക് ഗുണകരമാണ് പഴം.എന്നാൽ ചുരുക്കം ചിലരിൽ പഴം അലർജിയുണ്ടാക്കിയതായും വെബ്സൈറ്റ് പറയുന്നു.

ഒട്ടേറെ പ്രശസ്തരായ ആളുകളുടെ മനസ്സു കീഴടക്കിയിട്ടുണ്ട് ഈ പഴം.പ്രശസ്ത ഫ്രഞ്ച് കവിയായ ആൻഡ്രേ ബേറ്റൺ ഡ്രാഗൺഫ്രൂട്ട് രുചിച്ച ശേഷം അതിനെ ചുവന്ന ഭൂമിയെന്നാണ് കാവ്യാത്മകമായി വിശേഷിപ്പിച്ചത്.ഡ്രാഗൺഫ്രൂട്ട് പോലുള്ള സവിശേഷമായ ഒരു പഴം ഉത്പാദിപ്പിക്കാൻ പ്രകൃതിക്കു കഴിഞ്ഞതിനെയോർത്ത് അദ്ദേഹം അദ്ഭുതം കൂറുകയും ചെയ്തു.

ഇന്ത്യയിൽ മലൈക്ക അറോറ,ശ്രദ്ധ കപൂർ തുടങ്ങിയ സെലിബ്രിറ്റികളും ഡ്രാഗൺഫ്രൂട്ടിന്റെ ആരാധികമാരാണ്.പഴത്തിന്റെ ചിത്രങ്ങളും മറ്റും മലൈക്ക ഇൻസ്റ്റഗ്രാമിൽ നേരത്തെ പങ്കുവച്ചിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com