ADVERTISEMENT

രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടായ പ്രകൃതി ക്ഷോഭങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. അടുത്തിടെ നടന്ന ക്ലൈമറ്റ് അഡാപ്റ്റേഷന്‍ ഉച്ചകോടിയില്‍ ഈ നൂറ്റാണ്ടില്‍ ഇതുവരെയുണ്ടായ.പ്രകൃതി ക്ഷോഭങ്ങള്‍ സൃഷ്ടിച്ച നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് നടത്തുകയുണ്ടായി. ജര്‍മന്‍കാലാവസ്ഥാ ഏജന്‍സി ഈ ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ആള്‍നാശവും സാമ്പത്തിക നാഷ്ടങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം വിവരിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ കൊടുങ്കാറ്റ്, വരള്‍ച്ച, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, പേമാരി തുടങ്ങിയ എല്ലാ പ്രകൃതി ക്ഷോഭങ്ങളും സൃഷ്ടിച്ച നാശനഷ്ടങ്ങൾ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തം ഈ നൂറ്റാണ്ടില്‍ ഏതാണ്ട് 2.56 ലക്ഷം കോടി ഡോളറിന്‍റെ നഷ്ടം ലോക സാമ്പത്തിക മേഖലയ്ക്കുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ഈ ആഘാതങ്ങളുടെ ഭാരം ഏറ്റവുമധികം ഏറ്റ് വാങ്ങേണ്ടി വന്നത് വികസ്വര അവികസിത രാജ്യങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2000 ആണ്ടിന് ശേഷമുണ്ടായ 11000 ല്‍ അധികം പ്രകൃതി ക്ഷോഭങ്ങളാണ് ഈ കണക്കുകള്‍ തയാറാക്കാനായി പഠന വിധേമാക്കിയത്. ഈ പ്രകൃതി ക്ഷോഭങ്ങളിലാണ് ഏതാണ്ട് 480000 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കിയത്. ഹെയ്തി, മ്യാന്‍മര്‍, പ്യൂട്ടോറിക്കോ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിക്കപ്പെട്ടതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

പാരിസ് ഉച്ചകോടിയും ധനസഹായവും

കാലാവസ്ഥാ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന നാശനഷ്ടങ്ങള്‍ മുന്നില്‍ കണ്ടാണ് 2015 ലെ പാരിസ് ഉച്ചകോടി വികസിത രാജ്യങ്ങള്‍ എല്ലാ വര്‍ഷവും 100 ബില്യണ്‍ ഡോളര്‍ വീതം ധനസഹായം സജ്ജമാക്കണമെന്ന ധാരണയിലെത്തിയത്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ വരവോടെ അമേരിക്ക ഈ തീരുമാനത്തെ എതിര്‍ത്തു. തുടര്‍ന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ പല രാജ്യങ്ങളും ഈ തീരുമാനത്തിനെതിരായ നിലപാടെടുത്തു. ഈ പ്രതിസന്ധികള്‍ മൂലം ഇതുവരെ വികസ്വര അവികസിത രാജ്യങ്ങള്‍ക്ക് വേണ്ടി ലഭിച്ചിട്ടുള്ളത് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ സാമ്പത്തിക സഹായങ്ങളാണെന്നും കണക്കുകള്‍ പറയുന്നു.

ജര്‍മ്മന്‍ വാച്ച് എന്ന കാലാവസ്ഥാ ഏജന്‍സി പുറത്തിറക്കിയ കാലാവസ്ഥാ പഠനമായ ഗ്ലോബല്‍ക്ലൈമറ്റ് ഇന്‍റക്സില്‍ ഓരോ വര്‍ഷത്തെയും പ്രകൃതി ക്ഷോഭങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങൾ വിവരിക്കുന്നുണ്ട്. ഒടുവില്‍ 2019 ല്‍ ലോകവ്യാപകമായുണ്ടായ നാശനഷ്ടങ്ങളും എങ്ങനെ കിഴക്കന്‍ ആഫ്രിക്കയിലും, ഏഷ്യയിലും, കരീബിയനിലും ഉള്ള വികസ്വര രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക സാമൂഹിക ആഘാതമുണ്ടാക്കിയെന്ന് കണക്കുകളിലൂടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2050ല്‍ വേണ്ടത് 500 ബില്യണ്‍ ഡോളര്‍

ഏറ്റവും ചുരുങ്ങിയത് 70 ബില്യണ്‍ ഡോളറെങ്കിലും ഓരോ വര്‍ഷവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് ആവശ്യമാണ്. ഇപ്പോള്‍ ലഭ്യമാകുന്നത് പരമാവധി 30 ബില്യണ്‍ ഡോളറാണ്. കൂടാതെ ഓരോ വര്‍ഷവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങള്‍ വർധിച്ച് വരികയാണെന്നും ഇതോടൊപ്പം ചിലവുകളും വർധിക്കുന്നുവെന്നും ഐക്യരാഷ്ട്രസംഘടന ഏജൻസിയായ UNEPപറയുന്നു. ഇവര്‍ കണക്കുകൂട്ടുന്നതനുസരിച്ച് 2030 ആകുമ്പോഴേക്കും വര്‍ഷം തോറും 300 ബില്യണ്‍ ഡോളറും, 2050 ആകുമ്പോഴേക്കും 500 ബില്യണ്‍ ഡോളറും ആകും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങളെ നേരിടാന്‍ വികസ്വര രാജ്യങ്ങൾക്ക് ലഭ്യമാക്കേണ്ടി വരുന്നത്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച രാജ്യങ്ങളിലൂടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ എട്ടും ശരാശരിയില്‍ താഴെയോ, വളരെ കുറഞ്ഞതോ ആയ വ്യക്തിവരുമാനമുള്ള രാജ്യങ്ങളാണ്. ദരിദ്ര രാജ്യങ്ങളെയാണ് ഇത്തരം പ്രകൃതി ക്ഷോഭങ്ങള്‍ ഏറ്റവുമധികം ബാധിക്കുകയെന്ന് ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍റക്സ് തയാറാക്കിയ ലേഖകരില്‍ ഒരാളായ വെറാ ക്യൂന്‍സെല്‍ പറയുന്നു. പ്രകൃതി ക്ഷോഭങ്ങളില്‍നിന്ന് കര കയറാനുള്ള സാമ്പത്തിക ശേഷിയോ, ആരോഗ്യസംവിധാനങ്ങളോ, ഭക്ഷ്യലഭ്യതയോ ഒന്നും ഈ രാജ്യങ്ങള്‍ക്കില്ലാത്തതാണ് ഇതിനു കാരണമെന്നും വെറാ ക്യൂന്‍സല്‍ ചൂണ്ടിക്കാട്ടുന്നു. നെതര്‍ലന്‍ഡിലാണ് ഇത്തവണ വെര്‍ച്വല്‍ ക്ലൈമറ്റ് അഡാപ്റ്റേഷന്‍ ഉച്ചകോടി നടന്നത്. 

English Summary: 480,000 killed by extreme weather this century: Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com