ADVERTISEMENT

രണ്ടു മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പെൻഗ്വിൻ ചിത്രം. എന്താണിപ്പോൾ ഇതിന്റെ പ്രത്യേകതയെന്നു സംശയം തോന്നിയാൽ എങ്ങനെയാണ് പെൻഗ്വിനുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവിചാരം എന്നു ചിന്തിക്കേണ്ടി വരും. കറുപ്പും വെളുപ്പുമുള്ള തൂവൽക്കുപ്പായമിട്ട നടക്കുന്ന പക്ഷികൾ. എന്നാൽ നമ്മുടെ കഥാനായകനായ പെൻഗ്വിന് ഈ നിറമല്ല. സ്വർണ വർണമാണ്.

തെക്കൻ അറ്റ്‌ലാന്‌റിക് സമുദ്രത്തിലെ സൗത്ത് ജോർജിയ ദ്വീപിൽ നിന്ന് ഈ പെൻഗ്വിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ബെൽജിയൻ വന്യജീവി ഫൊട്ടോഗ്രഫറായ വെസ് ആഡംസാണ്. തെക്കൻ അറ്റ്‌ലാന്‌റിക് സമുദ്രത്തിലും അന്‌റാർട്ടിക് മേഖലയിലും രണ്ടുമാസമായി പര്യടനം നടത്തി വന്ന ആഡംസ് സൗത്ത് ജോർജിയൻ തീരത്തും ഇതിനിടെ എത്തിച്ചേരുകയായിരുന്നു. തന്റെ കപ്പലിൽ നിന്നു ദ്വീപിലേക്കു നോക്കിയ ആഡംസിനെ വരവേറ്റത് സൗത്ത് ജോർജിയയിലെ അപാരമായ ജൈവസമ്പത്താണ്. തീരത്തിലും ചുറ്റുമുള്ള വെള്ളത്തിലും പുളച്ചുമറിയുന്ന വമ്പൻ കടൽനായകൾ. അവയ്‌ക്കൊപ്പം തന്നെ കറുപ്പും വെളുപ്പും നിറത്തിൽ കോട്ടും സ്യൂട്ടുമിട്ട മാനേജർമാരെപ്പോലെ പതിനായിരക്കണക്കിന് പെൻഗ്വിനുകൾ. അതിനിടയിലതാ ഒരാൾ. ബ്രസീലിന്‌റെ ഫുട്‌ബോൾ ജേഴ്‌സി പോലെ നല്ല മഞ്ഞനിറമുള്ള ഒരു സുന്ദരൻ പെൻഗ്വിൻ.

കിങ് പെൻഗ്വിൻ എന്ന വിഭാഗത്തിൽ പെട്ട ആ മഞ്ഞക്കുപ്പായക്കാരൻ ആഡംസിനും സംഘത്തിനും അഭിമുഖമായി നീന്തി. പിന്നീട് വെള്ളത്തിലെ കളി മതിയാക്കി തീരത്തെത്തി തന്റെ സംഘാംഗങ്ങൾക്കൊപ്പം നടന്നുകയറി. ഇതിനിടയിൽ ആഡംസ് ആയിരക്കണക്കിന് ചിത്രങ്ങൾ എടുത്തിരുന്നു. ഈ ചിത്രങ്ങളിൽ ചിലത് പിന്നീട് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പലജീവിവർഗങ്ങളിലും കണ്ടു വരുന്ന ആൽബിനോ എന്ന പ്രതിഭാസമാകാം പെൻഗ്വിന്റെ മഞ്ഞനിറത്തിനു പിന്നിലെന്നാണ് ആദ്യം ആഡംസ് വിചാരിച്ചത്. എന്നാൽ പിന്നീട് വിദഗ്ധരോടുള്ള ആശയവിനിമയത്തിൽ കുറച്ചുകൂടി വ്യത്യസ്തമായ അവസ്ഥയാണ് ഇതെന്ന് അറിഞ്ഞു. ല്യൂസിസം എന്നാണത്രേ ഈ അവസ്ഥയ്ക്കു പേര്. ശരീരത്തിലെ പിഗ്മെന്‌റായ മെലാനിൻ വേണ്ട രീതിയിലും കുറഞ്ഞ അളവിലാകുന്നതാണ് ഇതിനു കാരണമാകുന്നത്. കാര്യം നമുക്ക് ഇതൊരു കൗതുകവാർത്തയാണ്, പെൻഗ്വിൻ ശ്രദ്ധേയനുമായി. എന്നാൽ ആ പെൻഗ്വിന് ഇതു മൂലം കഷ്ടതകളേ ഉണ്ടാകുകയുള്ളുവെന്ന് വിദഗ്ധർ പറയുന്നു.

rare yellow and white bird discovered among king penguins in Atlantic
Image Credit: Yves Adams/ Instagram

മെലാനിൻ കുറവ് നിറത്തെ മാത്രമല്ല തൂവലുകളുടെ ശക്തിയേയും ബാധിക്കും. സ്വർണപ്പെൻഗ്വിന്‌റെ തൂവലുകൾ മറ്റുള്ളവയെ അപേക്ഷിച്ച് കരുത്തില്ലാത്തതാണ്. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ നീന്താൻ തൂവലുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റുള്ള പെൻഗ്വിനുകളെപ്പോലെ കാര്യക്ഷമമായി നീന്തൽ നടത്താൻ സ്വർണപ്പെൻഗ്വിനു കഴിയില്ല. അവൻ പെട്ടെന്നു ക്ഷീണിതനാകും.  ഇരപിടിക്കുന്ന കാര്യത്തിലും മഞ്ഞനിറം പെൻഗ്വിനു വിനയാകും. വളരെ ശ്രദ്ധയോടെ കടൽജലത്തിലെത്തുന്ന മീനുകളെ വേട്ടയാടിപ്പിടിക്കുകയാണ് പെൻഗ്വിൻ ചെയ്യുന്നത്.  നിമിഷങ്ങൾ മാത്രമെടുക്കുന്ന വേട്ട. കറുപ്പും വെളുപ്പും നിറമുള്ള രൂപം മീനുകളിൽ നിന്ന് പെൻഗ്വിനുകൾക്ക് മറവൊരുക്കുകയും വേട്ട സുഗമമാക്കുകയും ചെയ്യും. എന്നാൽ മഞ്ഞക്കുപ്പായത്തിന് ആ കഴിവില്ല.മീനുകൾ പെട്ടെന്നു തന്നെ വേട്ടക്കാരന്‌റെ സാന്നിധ്യം തിരിച്ചറിയുകയും രക്ഷപ്പെടുകയും ചെയ്യും. 

കോളനികളായി താമസിക്കുന്ന ജീവികളാണ് പെൻഗ്വിൻ. അവ തങ്ങളുടെ കൂട്ടത്തെ തിരിച്ചറിയുന്നത് ആകാരപരമായ സവിശേഷതകൾ നോക്കിയും. ഇങ്ങനെയുള്ളപ്പോൾ വ്യത്യസ്തനായ മഞ്ഞപ്പെൻഗ്വിനെ മറ്റുള്ളവർ അധികം അടുപ്പിക്കാൻ സാധ്യതയില്ല. ഇതേ കാരണം കൊണ്ട് തന്നെ ഇണയെ ലഭിക്കാനും സാധ്യത കുറവ്. മൊത്തത്തിൽ കഷ്ടതകൾ നിറഞ്ഞ ജീവിതമാണ് സ്വർണപ്പെൻഗ്വിന്‌റേതെന്നു ചുരുക്കം. തെക്കേ അമേരിക്കൻ വൻകരയ്ക്കു തെക്കായി ബ്രിട്ടന്‌റെ അധീനതയിലുള്ള സൗത്ത് ജോർജിയ ദ്വീപുകൾ അന്‌റാർട്ടിക്കിലേക്കുള്ള കവാടമാണ്. ഫാക്ക്‌ലാൻഡ് ദ്വീപുകൾക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളിൽ മനുഷ്യവാസം തീരെ കുറവാണ്. വെറും 30 പേർ മാത്രമാണ് ഇവിടെ വസിക്കുന്നത്. ഇവരിലധികവും ബ്രിട്ടിഷ് പര്യവേക്ഷകരാണ്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു പ്രകൃതികേന്ദ്രമാണ് ദ്വീപുകൾ. മനുഷ്യവാസം കുറവെങ്കിലും ജൈവവൈവിധ്യം വളരെ വിപുലമാണ് ഇവിടെ.

3 കോടി പക്ഷികൾ ദ്വീപിനെ വീടാക്കിയവരാണ്. ഇതിൽ 70 ലക്ഷം പെൻഗ്വിനുകളും രണ്ടര ലക്ഷം ആൽബട്രോസ് കടൽപ്പക്ഷികളും ഉൾപ്പെടും. ഇവിടെ പ്രധാനമായുള്ള പെൻഗ്വിനുകൾ രണ്ടു വിഭാഗങ്ങളിൽ പെട്ടവയാണ്. മാക്കറോണി എന്ന വിഭാഗവും കിങ് പെൻഗ്വിൻ എന്ന മറ്റൊരു വിഭാഗവും. കിങ് പെൻഗ്വിനുകൾ മാത്രം അഞ്ചുലക്ഷത്തോളമുണ്ട് ഇവിടെ. ഒന്നരയടിയോളം പൊക്കത്തിൽ വളരുന്ന ഇവയ്ക്ക് 16 കിലോ വരെ ഭാരം വയ്ക്കും. നാലു തൂവൽക്കോട്ടുകൾ ഇവയ്ക്കുണ്ട്. ഇവയുടെ പുറം കോട്ട് എണ്ണമയമുള്ളതും വെള്ളത്തെ ചെറുക്കുന്നതുമാണ്. സാധാരണ രീതിയിൽ വെള്ളയും കറുപ്പും ഇടകലർന്ന നിറത്തിൽ കണ്ടെത്തുന്ന ഇവയുടെ തലയിൽ മഞ്ഞ നിറത്തിൽ കലകളുമുണ്ട്. ഇതാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം.

കോളനികളായി ജീവിക്കുന്ന ഇവയുടെ പ്രജനവും ഇവിടങ്ങളിൽ തന്നെ.മൂന്നു വർഷത്തിൽ രണ്ടു കുട്ടികൾ എന്ന കണക്കിനാണു പ്രജനനം. മാക്കറോണിയും കിങ്ങും കൂടാതെ ചിൻസ്ട്രാപ്, ജെന്‌റൂ തുടങ്ങിയ പെൻഗ്വിനുകളെയും ഇവിടെ കാണാം.  ഇവ കൂടാതെ എലിഫന്‌റ് സീലുകൾ, അന്‌റാർട്ടിക് ഫർ സീലുകൾ തുടങ്ങിയ നീർനായകളും സൗത്ത് ജോർജിയ ദ്വീപുകളുടെ തീരങ്ങൾ തങ്ങളുടെ താവളമാക്കിയിട്ടുണ്ട്.

ഇവയുടെ എല്ലാം പ്രജനന മേഖല എന്ന നിലയ്ക്ക് വലിയ സ്ഥാനമാണ് ലോക ജൈവഭൂപടത്തിൽ ദ്വീപുകൾക്കുള്ളത്. ഇതെല്ലാം അടുത്തറിയാൻ അവസരമുള്ളതിനാൽ ഇങ്ങോട്ടേക്ക് വിനോദസഞ്ചാരികളും ധാരാളമായെത്തുന്നുണ്ട്. തെക്കേ അമേരിക്കയിൽ നിന്നും ഫാക്ക്‌ലാൻഡ് ദ്വീപുകളിൽ നിന്നും സൗത്ത് ജോർജിയയിലേക്ക് വിനോദ സഞ്ചാര-പഠന കപ്പൽ യാത്രകൾ പല കമ്പനികളും നടത്തുന്നുണ്ട്. ഈ ദ്വീപുകളിലെ ജീവികൾക്ക് മനുഷ്യരുമായി സഹവാസം കുറവായതിനാൽ മനുഷ്യരെ തീരെപ്പേടിയില്ല. അതിനാൽ തന്നെ അടുത്തു പോയി കാണാനും സമയം ചെലവിടാനുമൊക്കെ ഇവ അനുവദിക്കും.

English Summary: 'Strange pale penguin': rare yellow and white bird discovered among king penguins in Atlantic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com