ADVERTISEMENT

മനുഷ്യരുടെ സഹവാസത്തില്‍ വളര്‍ന്ന ജീവികള്‍ക്ക് പിന്നീട് കാടിന്‍റെ സ്വാഭാവികതയിലേക്ക് തിരിച്ചു പോവുകയെന്നത് അത്ര എളുപ്പമല്ല. ചരിത്രാതീത കാലം മുതല്‍ക്കെ മനുഷ്യന്‍റെ സന്തത സഹചാരിയായി തീര്‍ന്ന നായ്ക്കളുടെ കാര്യം തന്നെ ഇതിന് ഉദാഹരണമാണ്. ഒരു കാലത്ത് വേട്ടയാടി നടന്ന പൂര്‍വികരുണ്ടായിരുന്ന ജീവികളാണ് എന്നതിന്‍റെ വിദൂര സൂചനകള്‍ പോലും ഇവയിലില്ല. എന്നാല്‍ ഇതുപോലെ ഇണങ്ങി ചേരാന്‍ കഴിയാത്ത ജീവികളും ഈ ലോകത്തുണ്ട്. പലരും ഇണക്കി വളര്‍ത്താന്‍ ശ്രമിച്ചിട്ടും പരജായപ്പെട്ട് പോയ ഇത്തരം ജീവികളില്‍ ഒന്നാണ് ചീറ്റകള്‍.

ചീറ്റകള്‍ ലോകത്തെ ഏറ്റവും വേഗമേറിയ കരയിലെ ജീവിയാണ്. അതുകൊണ്ട് തന്നെ വന്യത ഇവയുടെ സ്വാഭാവികമായ ജീവിത ശൈലിയാണ്. എങ്കിലും പലയിടങ്ങളിലും അപൂര്‍വമായെങ്കിലും ചീറ്റകള്‍ മനുഷ്യരോട് ഇടകലര്‍ന്ന് വളരുന്നുണ്ട്. ഇത്തരത്തില്‍ മനുഷ്യര്‍ക്കിടയില്‍ വളര്‍ന്ന സഹോദരന്‍മാരായ രണ്ട് ചീറ്റകളെ വനത്തില്‍ തിരികെയെത്തിച്ച് അവയുടെ അതിജീവനം ഉറപ്പാക്കിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി. ആസ്പിനാള്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഇതിന് നേതൃത്വം വഹിച്ചത്. 

സാബയും നെയ്റോയും

ഇംഗ്ലണ്ടിലെ ഒരു സ്വകാര്യ ഹോട്ടല്‍ റിസേര്‍വിലാണ് സാബ, നെയ്റോ എന്നീ പേരുകളുള്ള രണ്ട് ചീറ്റ കുട്ടികളും ജനിച്ചത്. 2017 ജൂലൈ 15 ന് ജനിച്ച ഇവയില്‍ സാബയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം പ്രത്യേകം ശ്രദ്ധനല്‍കേണ്ടത് ആവശ്യമായി വന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള സാബയെ ആസ്പെല്‍ ഫൗണ്ടേഷന്‍ തന്നെയാണ് പ്രത്യേക പരിചരണം നല്‍കി ഒരു വര്‍ഷത്തിലധികം പരിചരിച്ചത്. 2018 ഡിസംബറില്‍ രണ്ട് സഹോദരന്‍മാരും വീണ്ടും കണ്ടുമുട്ടി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. വൈകാതെ ഇരുവര്‍ക്കും ഇടയില്‍ ഗാഢമായ ബന്ധവും രൂപപ്പെട്ടു. 

ചീറ്റകള്‍ നേരിടുന്ന ജനിതക വ്യതിയാനം ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ള കാര്യമാണ്. ഈ പ്രതിസന്ധിക്ക് നേരിയ തോതിലെങ്കിലും പരിഹാരമാകാന്‍ സാബയുടെയും, നെയ്റോയുടെയും കാട്ടിലേയ്ക്കുള്ള വരവിലൂടെ കഴിയുമെന്ന് ആസ്പെല്‍ ഫൗണ്ടേഷന്‍ കണക്കുകൂട്ടി. ഇതോടെയാണ് ഈ ചീറ്റ സഹോദരന്‍മാരെ തിരികെ കാട്ടിലേക്കെത്തിക്കാനുള്ള ശ്രമം ഇവര്‍ തുടങ്ങിയത്.

ഒരു വര്‍ഷത്തോളെ നീണ്ട പുനരധിവാസം

ജനിച്ചപ്പോള്‍ മുതല്‍ മനുഷ്യരുടെ സഹായത്തോടെ വളര്‍ന്ന ചീറ്റകള്‍ക്ക് അത്ര എളുപ്പത്തില്‍ വനത്തില്‍ അതിജീവിക്കാന്‍ കഴിയില്ല. മറ്റ് ജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കഴിവും ഇര തേടാനുള്ള കഴിവും ഇവയില്‍ വളര്‍ത്തിയെടുക്കേണ്ടതായി വന്നു. 2020 ഫെബ്രുവരി 5 ന് ഇരുവരും ലണ്ടനോട് വിട പറഞ്ഞു. തുടര്‍ന്ന് സൗത്ത് ആഫ്രിക്കയിലെ ഒരു സ്വാകാര്യ വന്യജീവി പാര്‍ക്കില്‍ ഇവര്‍ സ്വതന്ത്രമായി വിഹരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഭക്ഷണം ഇവയ്ക്കെത്തിച്ച് നല്‍കി. പതിയെ വന്യജീവികളുടെ സ്വാഭാവികതയിലേക്കെത്തിയ ഈ ചീറ്റ സഹോദരന്‍മാര്‍  2020 ഓഗസ്റ്റില്‍ ആദ്യ വേട്ട നടത്തി. 

ഇതോടെ വനത്തില്‍ ഇവയ്ക്ക് അതിജീവിയ്ക്കാന്‍ കഴിയുമെന്ന ആദ്യ സൂചന ചീറ്റ സഹോദരന്‍മാര്‍ നല്‍കി. തുടര്‍ന്നും ഇവയെ നിരീക്ഷിച്ച് പോന്നു. അതേസമയം ഇവയ്ക്ക് ഭക്ഷണം നല്‍കുന്ന ഇടവേളകള്‍ വർധിപ്പിച്ചു. ഇതോടെ ഇവയുടെ വേട്ടയാടാനുള്ള ത്വരയും വർധിച്ചു. ഒടുവില്‍ കുടു വിഭാഗത്തില്‍ പെട്ട ഒരു വലിയ മാനിനെ വേട്ടയാടിയതോടെ ഗവേഷകര്‍ക്ക് ചീറ്റകളില്‍ പൂര്‍ണമായ വിശ്വാസം ജനിച്ചു. ഇതോടെ ഇവയെ സ്വകാര്യ റിസേര്‍വില്‍ നിന്ന് യഥാര്‍ത്ഥ വനത്തിലേക്ക് തുറന്നു വിട്ടു. 

ക്ഷമയോടെ പരിചരണം നല്‍കി കൃത്യമായി ആസൂത്രണം ചെയ്താല്‍ ഏതൊരു ജീവിയേയും അതിന്‍റെ സ്വാഭാവികതയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും എന്നതാണ് സാബയുടെയും നെയ്റോയുടെയും ജീവിതം തെളിയിക്കുന്നത്. ആസ്പെല്‍ ഫൗണ്ടേഷന് പുറമെ മറ്റ് പല സംഘടനകളും ഇത്തരത്തിലുള്ള ഉദ്യമങ്ങളില്‍ ഇന്ന് സജീവമാണ്. വനങ്ങളിലെ ജൈവവൈവിധ്യത്തിനും, ജനിതക വ്യതിയാനത്തിനുമെല്ലാം പരിഹാരമാകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.

English Summary: World-First Victory As Two Captive-Born Cheetah Brothers Are Successfully Rewilded In Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com