ADVERTISEMENT

കൊറോണ വൈറസ് പകർച്ചവ്യാധി നമ്മുടെ തലമുറയ്ക്ക് ഏറ്റവും കഠിനവും ഭീതിജനകവുമായ വെല്ലുവിളിയാണ്. എന്നിരുന്നാലും, മഹാമാരിയെത്തുടർന്ന് ഉണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ, ‘കാർബൺ കുറയ്ക്കൽ’ (low carbon measures) നടപടികളും ശക്തമായ സുസ്ഥിരതയും ഉൾക്കൊള്ളുന്ന വീണ്ടെടുക്കൽ പ്രക്രിയകൾ പിന്തുടരാനുള്ള സവിശേഷമായ അവസരവും അതു നമുക്ക് നൽകി. ഹരിത പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് കോവിഡ് കാലഘട്ടം ലോകത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. അതിനാൽ ഈ വർഷത്തെ ഭൗമദിനാഘോഷത്തിന് പ്രസക്തിയേറെയാണ്.

ഒരു ദശകത്തിലേറെയായി, യുഎൻ പരിസ്ഥിതി സംഘം ഒരു “എമിഷൻസ് ഗ്യാപ് റിപ്പോർട്ട്” (Emissions gap report) തയാറാക്കുന്നുണ്ട്. ഇത് 2030 ഓടെ ഉണ്ടാകേണ്ട ഹരിതഗൃഹ വാതക (Greenhouse gas emissions) ഉദ്‌വമനത്തിന്റെ അളവും അതിന്റെ ഇപ്പോഴത്തെ അളവും താരതമ്യം ചെയ്യുന്നുണ്ട്. 2020 ലെ റിപ്പോർട്ട് അനുസരിച്ച്, മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ നേരിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഭൂമി ഇപ്പോഴും 3 ഡിഗ്രിയിലധികം താപനില ഉയർച്ചയിലേക്കാണ് നീങ്ങുന്നത്. അതാവട്ടെ പാരിസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന 1.5 ഡിഗ്രി പരിധിക്കു മുകളിലുമാണ്. വാസ്തവത്തിൽ പാരിസ്ഥിതിക പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൊറോണ വൈറസ് എന്നിവ പരസ്പരം നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ്-19 പോലുള്ള നൂതന പകർച്ചവ്യാധി– ജന്തുജാല രോഗങ്ങളുടെ ആവിർഭാവത്തിന് ആഗോളതാപനം കാരണമായതായി വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. അതായത് കോവിഡ് ഭൂമിയുടെ ഭീകരമായ പാരിസ്ഥിതിക മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാമെല്ലാം ഗൗരവമായും അടിയന്തരമായും പ്രവർത്തിക്കണം എന്നുള്ള ആഹ്വാനമാണ് ഈ വസ്തുത.

കാലാവസ്ഥാ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും കാര്യത്തിൽ ഒരു മാതൃകയായും ആഗോള പ്രശ്‌നങ്ങൾക്കുള്ള പരിഹാര ദാതാവായും പ്രവർത്തിക്കാൻ ഇസ്രയേലിന് ആകുമെന്നുറപ്പുണ്ട്. വരണ്ട, ജലദൗർലഭ്യമുള്ള ഭൂപ്രകൃതിയും അതേസമയം രാജ്യത്തിന്റെ സംരംഭകത്വ സാമർഥ്യവും പ്രശ്നപരിഹാര മനോഭാവവും ഒത്തുചേർന്നപ്പോൾ ഇസ്രയേൽ പരിസ്ഥിതി നവീകരണ രംഗത്ത് വിദഗ്ധരായി. ഇസ്രയേലിൽ വികസിപ്പിച്ചെടുത്ത ഡ്രിപ് ഇറിഗേഷൻ,  പ്രതിരോധശേഷിയും ഉറപ്പുമുള്ള വിത്തുകളുടെ വികസനം എന്നിവ ലോകപ്രശസ്ത സാങ്കേതികവിദ്യകളാണ്. ലോകത്തിലെ സുസ്ഥിരതയുടെ ഏറ്റവും പുതിയ പ്രവണതകളിലൊന്നായ മൃഗ പ്രോട്ടീൻ (animal protein) മാറ്റിസ്ഥാപിക്കൽ സാങ്കേതികതയിൽ ഇസ്രയേൽ മുൻപന്തിയിൽത്തന്നെ. നൂതന ഇസ്രയേലി കമ്പനികൾ ‘ലാബ് നിർമിത’ മാംസം വിജയകരമായി ഉൽ‌പാദിപ്പിച്ചു, മികച്ച നിലവാരമുള്ള മാംസത്തിൽനിന്ന് ഈ നിർമിത മാംസം വേർതിരിച്ചറിയാൻ കഴിയില്ല. മാത്രമല്ല ഒരു ലാബിൽ മൃഗകോശങ്ങളിൽനിന്ന് യഥാർഥ മാംസം പോലും വളർത്തിയെടുത്തിട്ടുണ്ട്.

ഇസ്രയേൽ ഒരു ആഗോള ജലശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ജല പുനരുപയോഗത്തിന്റെ ലോക റെക്കോർഡ് രാജ്യം സ്വന്തമാക്കി. രാജ്യത്തുണ്ടാകുന്ന മലിനജലത്തിന്റെ 90 ശതമാനവും കാർഷികാവശ്യങ്ങൾക്കു പുനരുപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും സവിശേഷമായ ദേശീയ ജല സംവിധാനങ്ങളിലൊന്നാണിത്. കുടിവെള്ളത്തിന്റെ 80 ശതമാനവും കടൽജലം ശുദ്ധീകരിച്ചെടുക്കുന്നതാണ്. വനവൽക്കരണ മേഖലയിലെ ഒരു നൂറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്ത് ഇസ്രയേലിനെ വരണ്ട പ്രദേശങ്ങളിലെ വനവൽക്കരണത്തിൽ മുൻനിരയിലാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ, വൻതോതിലുള്ള വൃക്ഷത്തൈ നടലിന്റെയും പാരിസ്ഥിതിക പരിഹാരങ്ങളുടെയും മൂല്യം വർധിക്കുമെന്നതിൽ സംശയമില്ല. 

ഇസ്രയേൽ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകളും പതിറ്റാണ്ടുകളുടെ പ്രായോഗിക അനുഭവവുമെല്ലാം കോവിഡ് മാഹാമാരിയുടെ കാലത്ത് ലോകത്തിനു സഹായകമാകും. ഇസ്രയേൽ അതിന്റെ രൂപീകരണത്തിന്റെ തുടക്കം മുതൽ നേരിട്ട പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യകൾക്ക് ഇപ്പോൾ ലോകത്തെ സഹായിക്കാൻ കഴിയും. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ നേരിടാനായി ഏതു രാജ്യവുമായും അനുഭവവും അറിവും പങ്കിടാൻ ഇസ്രയേൽ തയാറാണ്; നമുക്ക് ഒരു ഭൂമി മാത്രമേയുള്ളൂ, അത് പരിരക്ഷിക്കാൻ നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം.

ഭൂമിശാസ്ത്രത്തിലും സാമ്പത്തിക രംഗത്തും ജനസംഖ്യയിലുമുള്ള വ്യത്യാസവും സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്ത സാഹചര്യങ്ങളും നിലനിൽക്കുമ്പോൾത്തന്നെ ഇസ്രയേലും ഇന്ത്യയും തമ്മിൽ സമാനതകളുമുണ്ട്. രണ്ടു രാജ്യങ്ങളും ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിയുടെ കേന്ദ്രങ്ങളാണ്, അതേസമയം പുരാതന നാഗരികതകളിൽ വേരൂന്നിയ സാംസ്കാരികവും ബൗദ്ധികവുമായ പാരമ്പര്യവുമുണ്ട്; ജിയോസ്ട്രാറ്റജിക് ചുറ്റുപാടുകളെ വെല്ലുവിളിക്കുന്നതിൽ ഇവ രണ്ടും ഊർജസ്വലവും വിശാല ജനാധിപത്യങ്ങളുമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മുന്നേറ്റത്തിൽ രാജ്യാന്തര സമൂഹത്തിലെ ക്രിയാത്മക അംഗങ്ങളായി പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം ഭാവിയിലെ സഹകരണത്തിന് വലിയ സാധ്യതകളാണ് നൽകുന്നത്.

ജലപരിപാലന തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. കൃഷി, ജലവിഭവ പരിപാലനം എന്നിവയിലെ അറിവു പങ്കുവയ്ക്കാനും കഴിവുകൾ വികസിപ്പിക്കാനുമായി ഇതുവരെ 29 ‘മികവിന്റെ കേന്ദ്രങ്ങൾ’ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏഴ് ഡീസലൈനേഷൻ പ്ലാന്റുകൾ ഇന്ത്യയുടെ തീരമേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിലും വൈദ്യശാസ്ത്രത്തിലും സഹകരിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം പങ്കിടൽ, “ഹരിത ആരോഗ്യ സംരക്ഷണ” ത്തിന്റെ പിന്തുണ എന്നിവയും കരാറിൽ ഉൾപ്പെടുന്നു. കോവിഡ് മഹാമാരിയെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെ സംയുക്ത ശ്രമങ്ങൾക്കും ഈ സഹകരണം അടിവരയിടുന്നു.

സുരക്ഷ, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകൾക്കപ്പുറത്ത് ഡൽഹിയും ജറുസലമും തമ്മിലുള്ള ബന്ധം വിപുലമായി. കാലാവസ്ഥാ വ്യതിയാന പ്രശ്നത്തിലെ ഇസ്രയേൽ-ഇന്ത്യ സഹകരണം ഇരു രാജ്യങ്ങൾക്കും ശാസ്ത്ര-സാങ്കേതികം, ആരോഗ്യ സംരക്ഷണം, ബഹിരാകാശം, കൃഷി, ജലവിഭവ മാനേജ്മെന്റ് എന്നീ രംഗങ്ങളിലും ശക്തമായ സഹകരണം മുന്നോട്ടു കൊണ്ടുപോകാനുള്ള മികച്ച അവസരമായി. എല്ലാ മേഖലകളിലും ഒരു “ഹരിത ചിന്താ രീതി” (Green way of thinking) സ്വീകരിക്കുന്നത് കാലാവസ്ഥാ പുനഃസ്ഥാപനത്തിന് പ്രധാനമാണ്. കൂടാതെ, പ്രകൃതിയുമായി സമാധാനം സ്ഥാപിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾക്ക്  ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് നേതൃത്വം നൽകും.

(ജൊനാഥൻ സഡ‍്ക-ദക്ഷിണേന്ത്യയിലെ ഇസ്രയേൽ കോൺസല്‍ ജനറൽ)

English Summary: Earth Day 2021 Is Set to Galvanize Climate Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com