Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 വർഷത്തിനു ശേഷം ഗവേഷകരെ കുഴക്കി അന്‍റാര്‍ട്ടിക്കില്‍ വീണ്ടും ആ വലിയ ദ്വാരം ; ഞെട്ടിക്കുന്ന റിപ്പോർട്ട്

Giant hole reopens in Antarctic Aerial view of the polynya in the Southern Ocean. Image Credit: JAN LIESER, ACE CRC, AUSTRALIA

അന്‍റാര്‍ട്ടിക്കിലെ മഞ്ഞു പാളികളില്‍ ഈ ആഗോളതാപനം രൂക്ഷമായിരിക്കുന്ന കാലയളവിൽ വിള്ളലുകള്‍ സാധാരണമാണ്. എന്നാല്‍ ഗവേഷകരെ കുഴക്കുന്ന വെഡ്ഡല്‍ പോലിനിയ എന്ന ദ്വാരത്തിന്‍റെ കാര്യം ഇതില്‍ നിന്നേറെ വ്യത്യസ്തമാണ്. അന്‍റാര്‍ട്ടക്കിന്‍റെ തെക്കു ഭാഗത്തേക്കു നീങ്ങി മധ്യഭാഗത്തിനും സമുദ്രത്തിനും ഇടയിലായാണ് ഈ ദ്വാരം സ്ഥിതി ചെയ്യുന്നത്. ആഗോളതാപനത്തിന്‍റെ ആഘാതം ഈ പ്രദേശത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല ഇതേ ദ്വാരം സമാനമായ വലിപ്പത്തില്‍ 1970കളിലും കണ്ടെത്തിയിരുന്നു. പിന്നീടിത് മഞ്ഞുപാളികൾ വന്നുമൂടി അപ്രത്യക്ഷമായി. 

40 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോള്‍ വീണ്ടും ഈ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേനല്‍ക്കാലത്തു പോലും ചൂടേല്‍ക്കാത്ത ഈ മേഖലയില്‍ എങ്ങനെ മഞ്ഞു പാളികൾ പൂര്‍ണ്ണമായും അപ്രത്യക്ഷമായി സമുദ്രം എങ്ങനെ പുറത്തു കാണപ്പെടുന്നുവെന്നതാണ് ഗവേഷകരെ കുഴക്കുന്ന ചോദ്യം. ആരോ തുളച്ച ദ്വാരം പോലെയാണ് ഈ പ്രദേശം കാണപ്പെടുന്നത്. അന്‍റാര്‍ട്ടിക്കില്‍ വേനല്‍ക്കാലമായതിനാല്‍ ഇങ്ങനെ സംഭവിച്ചതാണെന്ന വാദവും നിലനില്‍ക്കുന്നതല്ല. കാരണം സമുദ്രത്തില്‍ നിന്നും ഏതാണ്ട് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതിനിടയിലുള്ള മഞ്ഞു പാളികള്‍ക്ക് ഒരു കോട്ടവും തട്ടാതിരിക്കെ നടുവില്‍ മാത്രം ദ്വാരം രൂപപ്പെടുന്നത് ഋതുഭേദം മൂലമല്ലെന്ന് ഗവേഷകര്‍ തറപ്പിച്ചു പറയുന്നു.

Giant hole reopens in Antarctic Sea ice and clouds blanket the Weddell Sea around Antarctica in this satellite image from September 25, 2017. The dark area marked by the star is the polynya. UNIVERSITY OF BREMEN

സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഈ ദ്വാരം ഗവേഷകര്‍ കണ്ടെത്തിയത്. ഇങ്ങോട്ടെത്തി ഗവേഷണം നടത്തുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഈ ദ്വാരത്തിന്‍റെ ചിത്രമൊഴികെ മറ്റു വിവരങ്ങളൊന്നും ഗവേഷകര്‍ക്കിതുരെ ലഭിച്ചിട്ടുമില്ല. ഒരിക്കൽ‍ ഈ പ്രദേശത്തേക്കെത്താനായാല്‍ ഈ രഹസ്യത്തിന്‍റെ ചുരുളഴിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

‌31000 ചതുരശ്ര കിലോമീറ്ററാണ് ഈ ദ്വാരത്തിന്‍റെ ഏകദേശ വലിപ്പമായി ഗവേഷകര്‍ കണക്കാക്കുന്നത്. ഇത് നെതര്‍ലന്‍ഡിന്‍റെ രണ്ടിരട്ടിയും അയര്‍ലണ്ടിന്‍റെ ഏകദേശ വലിപ്പവുമാണ്. കഴിഞ്ഞ വര്‍ഷത്തെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഇതേ മേഖലയില്‍ സമുദ്രം വെളിയില്‍ വരുന്നതിന്‍റെ നേരിയ സാധ്യതകള്‍ കാട്ടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശൈത്യകാലമായതോടെ മാര്‍ച്ചു മാസത്തില്‍ ഇത് പൂര്‍ണ്ണമായും അപ്രത്യക്ഷമായി. പിന്നീട് സെപ്റ്റംബര്‍ ആദ്യവാരത്തോടെ ഈ മേഖലയില്‍ മഞ്ഞിനു പകരം സമുദ്രം വേഗത്തില്‍ പടരുന്നതു പോലെ കാണപ്പെടുകയായിരുന്നു.