Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറാങ് ഉട്ടാനുകൾക്കുണ്ടായത് വൻ ദുരന്തം; ആ 260 കോടി രൂപ ആരു വിഴുങ്ങി?

Bornean Orangutan

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെയും ദ്വീപാണ് ബോർണിയോ. ഇന്തൊനീഷ്യയ്ക്കും മലേഷ്യയ്ക്കും ബ്രൂണെയ്ക്കുമുണ്ട് ഈ ദ്വീപിൽ അവകാശം. എന്നാൽ മൂന്നു കൂട്ടരും ഒരുമിച്ചു പ്രവർത്തിച്ചിട്ടും ഈ ട്രോപ്പിക്കൽ വനത്തിലെ ഒരു കൂട്ടം ജന്തുക്കൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ലോകത്തിൽ സുമാത്ര–ബോർണിയോ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒറാങ്ഉട്ടാൻ ആൾക്കുരങ്ങുകളാണ് മനുഷ്യന്റെ പ്രവൃത്തികളാൽ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനകം ബോർണിയോ കാടുകളിലെ ഒറാങ്ഉട്ടാനുകളുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. 

മുൻകാലങ്ങളിൽ നിന്നു മാറി ഏറ്റവും കൃത്യമായ രീതിയിൽ ഇതാദ്യമായി നടത്തിയ കണക്കെടുപ്പിലൂടെയായിരുന്നു പരിസ്ഥിതി വിഗദ്ധർ ഈ നിഗമനത്തിലെത്തിയത്. ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷന്‍ ഓഫ് നേച്ചറിന്റെ ‘റെഡ് ബുക്കിൽ’ വംശനാശത്തിനു തൊട്ടുമുൻപായുള്ള ‘അതീവഗുരുതര ഭീഷണി നേരിടുന്ന’ ജീവികളുടെ വിഭാഗത്തിൽ അടുത്തിടെ ഒറാങ് ഉട്ടാനുകളെ ഉൾപ്പെടുത്തിയിരുന്നു. ഓരോ വർഷവും 150 മുതൽ 260 കോടി രൂപ വരെയാണ് ഈ ആൾക്കുരങ്ങുകളുടെ ഉൾപ്പെടെ സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ കൈമാറുന്നത്. പക്ഷേ അവയൊന്നും കൃത്യമായി ചെലവഴിച്ചില്ലെന്നാണ് പുതിയ കണക്കെടുപ്പ് നൽകുന്ന സൂചനകൾ. ഈ പണം എന്തിനുപയോഗിച്ചെന്ന ഉത്തരവും ഇനി ഇന്തൊനീഷ്യയും മലേഷ്യയും നൽകേണ്ടി വരും. 

Bornean Orangutans

രാജ്യാന്തര തലത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ സംഘമാണ് കണക്കെടുപ്പു നടത്തിയത്. ഗ്രൗണ്ട് ലെവലിൽ മാത്രമല്ല ഹെലികോപ്ടർ ഉപയോഗിച്ചും സർവേ സംഘടിപ്പിച്ചു. കാട്ടിൽ താമസിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മുൻകാലങ്ങളിൽ ആകാശത്തു നിന്നും താഴെ നിന്നും ഒറാങ് ഉട്ടാനുകളുടെ വാസസ്ഥലങ്ങൾ കണ്ടെത്തിയായിരുന്നു കണക്കെടുപ്പ്. അതുപ്രകാരമാകട്ടെ ബോർണിയൻ ഒറാങ് ഉട്ടാനുകളുടെ എണ്ണം കൂടുകയാണെന്നു വരെ റിപ്പോർട്ടുണ്ടായി. അതിനെയെല്ലാം തകിടം മറിക്കുന്നതായി പുതിയ കണ്ടെത്തൽ. 

കാലാവസ്ഥാ വ്യതിയാനവും കൃഷിക്കു  വേണ്ടി കാട് വെട്ടിത്തെളിക്കുന്നതുമെല്ലാം ഒറാങ് ഉട്ടാനുകളുടെ സ്വാഭാവിക വാസസ്ഥാനം നഷ്ടമാക്കുന്നുണ്ട്. ഇതാണ് എണ്ണം കുറയാനുള്ള പ്രധാന കാരണം. വൻതോതിൽ, കൃത്യമായി സംരക്ഷിക്കപ്പെട്ട കാടിന്റെ ഒരു ‘നെറ്റ്‌വർക്ക്’ തന്നെ ആവശ്യമുണ്ട് ഒറാങ് ഉട്ടാനുകൾക്ക് ജീവിക്കാൻ. എന്നാൽ കാട്ടിൽ എണ്ണപ്പന കൃഷി വൻതോതിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത്തരത്തിൽ ഇടവിട്ടുള്ള കാടുകളായി ബോർണിയോ മാറുന്നതും പ്രശ്നമായി. നിലവിൽ എണ്ണപ്പനക്കൃഷിക്കായി വെട്ടിത്തെളിക്കാൻ സർക്കാർ അടയാളപ്പെടുത്തിയിട്ടിരിക്കുന്ന ബോർണിയോ കാടുകളിലെ ഒരു ഭാഗത്ത് കുറഞ്ഞത് 10,000 ഒറാങ് ഉട്ടാനുകളെങ്കിലുമുണ്ട്. പദ്ധതി നടപ്പാക്കിയാൽ ഇവയിൽ ഭൂരിപക്ഷവും വാസസ്ഥാനം നഷ്ടപ്പെട്ട് ചത്തൊടുങ്ങും. 

Bornean Orangutan

ഭക്ഷണത്തിനായി മനുഷ്യൻ വേട്ടയാടി കൊല്ലുന്നതും മറ്റു മൃഗങ്ങൾക്കുള്ള കെണിയിൽ പെടുന്നതുമെല്ലാം ഇവയുടെ നാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിവർഷം ബോർണിയോയിൽ മാത്രം 2500ഓളം ഒറാങ് ഉട്ടാനുകൾ കൊല്ലപ്പെടുന്നുണ്ടെന്നും സയന്റിഫിക് റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  പുതിയ കണക്കനുസരിച്ച് ഒറാങ് ഉട്ടാനുകളുടെ കൃത്യമായ എണ്ണമില്ല. മറിച്ച് 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് എത്രയെണ്ണം നിലവിലുണ്ടെന്നാണ് പരിശോധിച്ചത്. 1997–2002 കാലയളവിൽ ഇത് 15 എണ്ണമായിരുന്നു. എന്നാൽ 2009–2015 സമയത്താകട്ടെ 100 ചതുരശ്ര കിലോമീറ്ററിൽ പത്തെണ്ണം എന്ന നിലയിൽ ഒറാങ്ഉട്ടാനുകൾ കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇതുവരെയുണ്ടായിരുന്ന രീതികളിൽ നിന്നെല്ലാം മാറി പുതിയ സംരക്ഷണമാതൃക രൂപപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ ആവശ്യം. നിലവിൽ അപകടത്തിൽപ്പെടുന്ന ഒറാങ് ഉട്ടാനുകളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അത് പക്ഷേ രോഗത്തിന്റെ ലക്ഷണങ്ങൾക്കു മാത്രമുള്ള ചികിത്സയാണെന്നും  പ്രശ്നത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ശാശ്വതപരിഹാരമാണ് വേണ്ടതെന്നും വിദഗ്ധർ നിർദേശിക്കുന്നു.

Read more articles in Green Heroes