Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കുഞ്ഞിനു തുണയായത് തെരുവുനായ്ക്കൾ; കണ്ണു നിറയ്ക്കും നായകളുടെ ഈ പ്രവൃത്തി

stray dogs

രക്ഷിതാക്കൾ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച ആറുമാസം പ്രായമായ പെൺകുഞ്ഞിനു കാവലായത് തെരുവുനായ്ക്കൾ. കൊൽക്കത്തയിലെ തിരക്കേറിയ ഹൗറ സ്റ്റേഷനിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. തിരക്കേറിയ സ്റ്റേഷനിൽ കിടത്തിയിരിക്കുകയായിരുന്നു പെൺകുഞ്ഞിനരികിലായി പാതിനിറച്ച ഒരു പാൽക്കുപ്പിയും കുറച്ചു ഡയപ്പറുകളും വച്ചിരുന്നു. പലപ്പോഴും കുഞ്ഞ് ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു.

നൂറുകണക്കിനാളുകൾ കുഞ്ഞിനു സമീപത്തുകൂടി കടന്നു പോയെങ്കിലും മനസാക്ഷി മരവിച്ച സമൂഹം കുട്ടിയെ തിരിഞ്ഞു നോക്കിയില്ല. അവിടെ കുഞ്ഞിന്റെ രക്ഷയ്ക്കെത്തിയത് സ്റ്റേഷനിലെ സ്ഥിരതാമസക്കാരായ ഒരുകൂട്ടം തെരുവുനായ്ക്കളാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യരേക്കാൾ നന്മയുള്ളവരാണ് തെരുവുനായ്ക്കളെന്ന് അവർ തെളിയിച്ചും. ഒന്നും രണ്ടുമല്ല നീണ്ട നാലു മണിക്കൂറോളമാണ് ഈ തെരുവുനായ്ക്കൾ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്.

തിരക്കൊഴിഞ്ഞ് സ്റ്റേഷൻ കാലിയായ ശേഷം റെയിൽവേ അധികൃതർ കുഞ്ഞിന്റെ അടുത്തെത്തുന്നതുവരെ ഭക്ഷണം പോലും കഴിക്കാൻ പോകാതെ തെരുവുനായ്ക്കൾ കുട്ടിക്കു കാവൻ നിന്നു. തിരക്കേറിയ തെരുവിൽ ഒരു മനുഷ്യൻ പോലും കുട്ടിയെ തിരിഞ്ഞുനോക്കാത്തിടത്താണ് നായ്ക്കളുടെ കണ്ണുനിറയിക്കുന്ന ഈ പ്രവൃത്തി. റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം കുട്ടിയെ ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക് കൈമാറി.

ഇതാദ്യമായല്ല തെരുവുനായ്ക്കൾ പിഞ്ചുകുഞ്ഞുങ്ങൾക്കു രക്ഷകരാകുന്നത്. കഴിഞ്ഞ നവംബറിൽ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ ചവറ്റുകൂനയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനും തുണയായത് തെരുവുനായ്ക്കളായിരുന്നു. കാക്കയും മറ്റു ജീവികളും ആക്രമിക്കാതെ പൊലീസുകാർ സ്ഥലത്തെത്തുന്നതുവരെ നാലു തെരുവുനായ്ക്കൾ കുഞ്ഞിനു ചുറ്റും കാവൽ നിൽക്കുകയായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നവർ ഈ വാർത്തയും കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ആക്രമ സ്വഭാവമുള്ളവർ മാത്രമല്ല അനുകമ്പയുള്ളവരുമുണ്ട് ഇവയുടെ ഗണത്തിലും.