Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിവെള്ള ക്ഷാമം രൂക്ഷമായ ഗ്രാമത്തില്‍ 27 വര്‍ഷം കൊണ്ട് കുളം കുഴിച്ച "മാഞ്ചി"; ഞെട്ടിക്കും ഈ ഒറ്റയാൾ പോരാട്ടം

 Shyam Lal

തന്‍റെ ഗ്രാമവാസികള്‍ക്കു വേണ്ടി 22 വര്‍ഷം കൊണ്ട് മല തുരന്ന് റോഡ് നിര്‍മ്മിച്ച ആളാണ് ദശരഥ് മാഞ്ചി. മറ്റാരുടെയും സഹായം കൂടാതെ മാഞ്ചി ചെയ്ത ഈ പ്രവര്‍ത്തിയെ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സ്റ്റാംപ് പുറത്തിറക്കുകയുണ്ടായി. മാഞ്ചിയെ പോലെ തന്നെ തന്‍റെ ഗ്രാമത്തിനു വേണ്ടി ഒരു കുളം കുഴിച്ച വ്യക്തിയാണ് ഛത്തീസ്ഗഢിലെ ശ്യാം ലാല്‍ ബഗന്‍

ഗ്രാമത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ശ്യാംലാലിനെ കുളം കുഴിക്കാന്‍ പ്രേരിപ്പിച്ചത്.  15 വയസുള്ളപ്പോഴാണ് ശ്യാംലാല്‍ കുളം കുഴിക്കാന്‍ തുടങ്ങിയത്. നിലവില്‍ 42 വയസ്സുള്ള ശ്യാലാല്‍ ഇപ്പോഴും കുളം വലുതാക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കുളം കുഴിക്കാന്‍ തുടങ്ങി 12 വര്‍ഷത്തിനു ശേഷമാണ് ഉറവ കണ്ടുതുടങ്ങിയത്. ഇപ്പോൾ വര്‍ഷം മുഴുവൻ വെള്ളം ലഭിക്കുന്ന സ്ഥിതിയാണ്.

എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വെള്ളം ഗ്രാമീണര്‍ക്ക് മുഴുവന്‍ തികയുന്നില്ല. അതുകൊണ്ട് തന്നെ കുളം വലുതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശ്യാംലാല്‍ തുടരുകയാണ്. മറ്റാരുടെയും സഹായം ശ്യാംലാലിന് ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല. യാതൊരു വിധത്തിലുള്ള യന്ത്രങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുമില്ല. ഒരേക്കറോളം വരുന്ന സ്ഥലത്ത് നീണ്ടുപരന്നു കിടക്കുന്ന ഈ കുളത്തിന് 15 അടിയോളം താഴ്ചയുമുണ്ട്. വനാതിർത്തിക്കു സമീപത്തായാണ് ശ്യംലാൽ കുളം കുഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രാമവാസികൾ മാത്രമല്ല കുടിവെള്ള ക്ഷാമം രൂക്ഷമായ വനപ്രദേശങ്ങളിലെ വന്യമൃഗങ്ങളും വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കുളത്തെയാണ്.

തന്‍റെ നിത്യചിലവിനായുള്ള ജോലികള്‍ ചെയ്തു കഴിഞ്ഞ് ബാക്കിയുള്ള സമയമാണ് ശ്യാംലാല്‍ കുളത്തിന്‍റെ നിര്‍മ്മാണത്തിനായി മാറ്റി വയ്ക്കുന്നത്.തന്റെ ജീവിതത്തിലെ ഒരു ദിവസം പോലും ശ്യാംലാല്‍ കുളത്തിന്‍റെ നിര്‍മ്മാണത്തിനായി മാറ്റിവയ്ക്കാതിരുന്നിട്ടില്ല. ഛത്തീസ്ഗഢിലെ കൊറിയാ ജില്ലയിലെ സാജ പഹാഡ് ആണ് ശ്യംലാലിന്റെ  ഗ്രാമം. ഈ മണ്ഡലത്തിലെ എംഎൽഎ ശ്യംലാലിന്റെ സേവനത്തെ മാനിച്ച് 10,000 രൂപ പാരിതോഷികമായി നൽകിയിട്ടുണ്ട്.