Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടകളിലൂടെ ഒഴുകിയെത്തിയത് കിലോക്കണക്കിന് സ്വർണവും വെള്ളിയും; ആർക്കുമറിയില്ല ഉറവിടം

Gold

സംഗതി സ്വിറ്റ്സ‌ർലൻഡ് ഒരു വമ്പൻ സമ്പന്നരാജ്യമൊക്കെയാണ്. എന്നു കരുതി ഓടയിലേക്കൊക്കെ ആരെങ്കിലും സ്വർണവും വെള്ളിയുമൊക്കെ ഒഴുക്കിക്കളയുമോ? ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ഡോളർ വില വരുന്ന സ്വർണവും വെള്ളിയുമാണ് വിവിധ ഓടകൾ വഴി രാജ്യത്തെ ജലശുദ്ധീകരണശാലകളിലേക്ക് ഒഴുകുയെത്തിയത്. എവിടെ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് അധികൃതർക്ക് ഇപ്പോഴും യാതൊരു പിടിയുമില്ല താനും. ഒരോ വർഷവും കിലോക്കണക്കിന് സ്വർണവും വെള്ളിയുമാണ് സ്വിറ്റ്സർലൻഡ് ‘ഫ്ലഷ്’ ചെയ്തു കളയുന്നതെന്നാണ് റിപ്പോർട്ട്. 

സ്വർണമോതിരമോ വളയോ മാലയോ ഒന്നുമല്ല വില പിടിച്ച ലോഹങ്ങളുടെ തരികളാണ് ഇത്തരത്തിൽ മലിനജല ശുദ്ധീകരണ കേന്ദ്രങ്ങളിലെത്തുന്നത്. അതിനാൽത്തന്നെ ഇനി മുതൽ‌ ഒഴുക്കിക്കളയും മുൻപ് തങ്ങളുടെ വീട്ടിലെ മലിനജലം പരിശോധിക്കേണ്ടെന്നും അധികൃതർ അറിയിപ്പു നൽകുന്നു. മൈക്രോ ഗ്രാം ചിലപ്പോഴൊക്കെ നാനോഗ്രാം അളവിലാണ് സ്വർണ–വെള്ളിത്തരികൾ എത്തുന്നത്. രാജ്യത്തെ ഓടകളിലൂടെ ഒഴുകിയെത്തിയ നിലയിൽ 3000 കിലോഗ്രാം വെള്ളിയും 43 കിലോഗ്രാം സ്വർണവുമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. ഇവയെല്ലാം ജലശുദ്ധീകരണ ശാലയിൽ വച്ച് വേർതിരിച്ചെടുക്കുകയും ചെയ്തു. 

മൊത്തം പലപ്പോഴായി ശേഖരിച്ച് ഒടുവിൽ തൂക്കി നോക്കിയപ്പോഴാണ് അധികൃതരും അന്തംവിട്ടുപോയത്. സ്വർണത്തിന്റെയും വെള്ളിയുടെയും ആകെ മൂല്യം നോക്കിയാൽ ഏകദേശം 31 ലക്ഷം ഡോളർ വരും! കണ്ണഞ്ചിപ്പിക്കുന്ന ഈ കണക്കുകേട്ട് ഓടകളിലേക്കിറങ്ങി അതിസാഹസത്തിനു മുതിരരുതെന്നും മുന്നറിയിപ്പുണ്ട്. കാരണം ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നാണ് സ്വർണത്തരികളെത്തുന്നത്. മാലയും വളയുമൊന്നുമല്ലാത്തതു കൊണ്ട് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ് ഇവയെന്നത് ഉറപ്പ്. വില കൂടിയ വാച്ചുകളുട നിർമാണ കേന്ദ്രങ്ങളെയും മരുന്ന്, രാസവസ്തു ഫാക്ടറികളെയുമാണ് ഇക്കാര്യത്തിൽ അധികൃതർ സംശയിക്കുന്നത്. 

Gold

സ്വിറ്റ്സർലൻഡിന്റെ പടിഞ്ഞാറ് ജൂറയുടെ പരിസരത്തു നിന്നാണ് ഏറ്റവുമധികം സ്വർണം ലഭിച്ചത്. അവിടെയാണ് ഏറ്റവുമധികം ആഡംബര വാച്ച് നിർമാതാക്കളുള്ളതും! രാജ്യത്തിനു തെക്ക് ടിചിനോ മേഖലയിൽ ഒട്ടേറെ സ്വർണശുദ്ധീകരണ ശാലകളുമുണ്ട്. അവിടെ നിന്നു മാത്രമേ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ ധാരണയുള്ളൂ. ബാക്കിയെല്ലാത്തിന്റെയും ഉറവിടം വെറും ഊഹം മാത്രം. 

Gold

മെഡിക്കൽ ഇമേജിങ്ങിന് ഉപയോഗിക്കുന്ന വില കൂടിയ ഗാഡോലിനിയം എന്ന ലോഹവും ഇത്തരത്തിൽ ഓടകൾ വഴി ഒഴുകിയെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്വാട്ടിക് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നേരത്തേ സ്വിസ് നഗരമായ ജനീവയിലെ ഒരു ബാങ്കിന്റെയും രണ്ട് റസ്റ്റന്റുകളുടെയും ശുചിമുറികളിൽ തടസം നേരിട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടത് ഒരു ലക്ഷത്തിലേറെ ഡോളർ മൂല്യം വരുന്ന അസാധു നോട്ടുകളായിരുന്നു!