Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീപിടിച്ച ശരീരവുമായി ഓടുന്ന ആനക്കുട്ടിയും അമ്മയും ; നൊമ്പരപ്പെടുത്തുന്ന ചിത്രത്തിനു പിന്നിൽ

Elephants Image Credit: Biplab Hazra | Sanctuary Nature Foundation

പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നു പകര്‍ത്തിയ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്. 

അമച്വര്‍ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്‌ലബ് ഹസ്റയാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. നരകം ഇവിടെയാണ് എന്നാണ് ഈ ചിത്രത്തിനു ബിപ്‌ലബ് നല്‍കിയ തലക്കെട്ട്. ചിത്രം കാണുന്നവര്‍ക്കു മനസില്‍ തോന്നുന്ന കാര്യം തന്നെയാണ്  ബിപ്‌ലബ് തലക്കെട്ടാക്കിയതെന്നു തീര്‍ച്ച. പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍ ഇപ്പോഴും നടക്കുന്ന ക്രൂരതയാണിതെന്നും ചിത്രം ചൂണ്ടിക്കാട്ടി ബിപ്‌ലബ് ഹസ്റ വ്യക്തമാക്കുന്നു. 

കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളിൽ പെട്രോള്‍ നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയാണു ചെയ്യുക. ആനകള്‍ നാട്ടിലിറങ്ങുന്നതു തടയാനെന്ന പേരിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്. വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്‌ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പടെ ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവച്ചത്. ഈ ക്രൂരതയ്ക്കെതിരെ കടുത്ത നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം.

ആനകൾ കാടിറങ്ങുന്നതിനു പിന്നിൽ

ഒറ്റയ്ക്ക് ഇറങ്ങുന്നതിനുപകരം പ്രതിസന്ധി നേരിടാൻ സംഘടിച്ചു പുറത്തിറങ്ങുന്ന രീതിയിൽ കാട്ടനകളുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനം വന്നതായി നിഗമനം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കാട്ടിൽ കൂടുതൽ പ്രിയപ്പെട്ട തീറ്റ ആവശ്യത്തിനനുസരിച്ചു ലഭിക്കാത്ത സാഹചര്യം മറികടക്കാനും റിസ്ക് ഏറ്റെടുക്കാനും പ്രകൃതി ഉണ്ടാക്കുന്ന സ്വാഭാവികമായ മാറ്റമാണ് ഈ സ്വഭാവ വ്യതിയാനമെന്നാണ് വിലയിരുത്തൽ. 

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഈ മാറ്റത്തെക്കുറിച്ച് പഠനം നടന്നിട്ടുണ്ട്. പലവിധത്തിൽ നാട്ടിലിറങ്ങുന്ന ആനകൾ ഒന്നേ‍ാ, രണ്ടേ‍ാദിവസം ഭീതിപരത്തി പിന്നീട് സ്വന്തം കേന്ദ്രത്തിലേയ്ക്ക് മടങ്ങുകയാണു പതിവെങ്കിലും മുതിർന്ന ആനയുടെ നേതൃത്വത്തിൽ മൂന്നും അഞ്ചും ആനകളുടെ സംഘം ദീർഘമായി യാത്രചെയ്യുന്ന സ്ഥിതിയാണ് ഇപ്പേ‍ാൾ കാണുന്നത്. 

ആനകൾ കൂട്ടമായി കാടുകൾ മാറുന്നത് സാധാരണമാണ്. ശക്തനായ ആനയുടെ നേതൃത്വത്തിൽ ചെറുപ്രായക്കാരാണ് കൂടുതലും സംഘടിച്ചു പുറത്തിറങ്ങുന്നത്. പലപ്പേ‍ാഴും ഇവയ്ക്കു ദിശതെറ്റുകയും ചെയ്യും. തുടർച്ചയായ വരൾച്ചയുടെ അടിസ്ഥാനത്തിൽ പല സംവിധാനങ്ങളിലൂടെ വെള്ളം എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മുളകളുടെ നാശം ഉൾപ്പെടെ വനത്തിൽ ഭക്ഷ്യവസ്തുക്കൾക്കു ക്ഷാമം അനുഭവപ്പെടുന്നതായി ഗവേഷകർ പറഞ്ഞു. ആവാസകേന്ദ്രങ്ങൾ പലയിടത്തും തരിശായികെ‍ാണ്ടിരിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേ‍ായമ്പത്തൂരിലെ എട്ടിമടതെ‍ാട്ട് പാലക്കാട്ടെ കല്ലടിക്കേ‍ാട് വരെയുള്ള ചെങ്കുത്തായ കുന്നുകളും ചേ‍ാലവന പ്രദേശവും പലതും മെ‍ാട്ടയടിച്ച സ്ഥിതിയിലായത് ഇതിന് ഉദാഹരണമാണ്. ഉൾക്കാടുവിട്ട് ഇവിടങ്ങളിൽ തീറ്റതേടിയെത്തുന്ന ആനകൾ അതുകിട്ടാതാകുമ്പേ‍ാൾ നാട്ടിലെ വാഴകൾ ഉൾപ്പെടെയുള്ളവ കഴിക്കാനായി ഇറങ്ങും. ഒറ്റയ്ക്ക് ഇറങ്ങിയ ആനകൾക്കുണ്ടായ അപകടങ്ങളും സംഘടിതമായി തീറ്റതേടുക എന്ന സ്വഭാവം ഉരുത്തിരിയാൻ കാരണമായെന്നാണ് നിരീക്ഷണം.