Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുനായ്ക്കൾ തുരത്തി, കൂറ്റൻ മുതലയുടെ വായിൽ അകപ്പെട്ടു; അത്ഭുതകരം ഈ രക്ഷപെടൽ

 Impala's lucky escape from huge crocodile

മുതലയുടെ വായില്‍ നിന്നു രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുതല പിടികൂടിയ ശേഷം ഇരയ്ക്ക് ജീവനും കൊണ്ടു രക്ഷപെടാന്‍ സാധിച്ചാലും മുതല വായിലാക്കിയ ശരീരഭാഗം അതിനു നഷ്ടമായിരിക്കുമെന്നുറപ്പ്. എന്നാല്‍ മുതലയുടെ വായില്‍ അകപ്പെട്ട ശേഷവും വലിയ തട്ട് കേടില്ലാതെ രക്ഷപെടാന്‍ ഒരു മാനിന് സാധിച്ചു. ആഫ്രിക്കയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇമ്പാല ഇനത്തില്‍ പെട്ട മാനിനാണ് മുതലയുടെ വായില്‍ നിന്നു ജീവന്‍ തിരിച്ചു കിട്ടിയത്.

നമീബിയയിലെ എത്തോഷ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. കാട്ടു നായ്ക്കള്‍ തുരത്തിയതിനെ തുടര്‍ന്നാണ് അവിടെ നിന്നും കഷ്ടിച്ചു രക്ഷപെട്ട മാന്‍ തടാകക്കരയിലെത്തിയത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ എരിതീയില്‍ നിന്നു വറചട്ടിയിലേക്കായിരുന്നു മാനിന്റെ ചാട്ടം. തടാകക്കരയിലെത്തിയ മാനിന്റെ കാലില്‍ തന്നെ മുതല പിടികൂടി. മാനിനെ മറിച്ചിട്ട് ശരീരത്തില്‍ ആഴത്തില്‍ പല്ലമര്‍ത്തിയതോടെ രക്ഷപെടാന്‍ കഴിയാത്ത വിധത്തില്‍ മാന്‍ പെട്ടുപോയി.

മാനിനെ മുതല തിന്നുന്നത് കാണാന്‍ ഇതോടെ ഇതിനെല്ലാം സാക്ഷ്യം വഹിക്കുകയായിരുന്ന സഞ്ചാരികളും തയ്യാറായി. എന്നാല്‍ കണ്ടു നിന്നവരെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു പിന്നീടു സംഭവിച്ചത്. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്‍ സംഭവിക്കുന്നത് സത്യമാണോ യെന്നറിയാന്‍ ക്യമറയില്‍ നിന്നു മുഖമുയര്‍ത്തി നോക്കിയെന്നു പോലും സമ്മതിക്കുന്നു.

മാനിന്റെ ശരീരത്തില്‍ നിന്നുള്ള പിടി മുതലെ പെട്ടെന്നു വിടുകയായിരുന്നു. മുതല അബദ്ധത്തില്‍ പിടിവിട്ടതല്ലെന്നു വിഡിയോയില്‍ വ്യക്തമാണ്. പിടി വിടുന്നതിനൊപ്പം മുതല തിരികെ തടാകത്തിലേക്കിറങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് മുതല മാനിനെ പോകാന്‍ അനുവദിച്ചതെന്നു മാത്രം വ്യക്തമല്ല. പെട്ടെന്നു വെളിപാടുണ്ടായതു പോലെയാണ് മുതല പെരുമാറിയതെന്ന് കാഴ്ചക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വിഡിയോ കാണുന്നവര്‍ക്കും അതു മനസിലാകും. എന്തായാലും ഇമ്പാല ഭാഗ്യം കൊണ്ടു മാത്രമാണ് നായ്ക്കളുടേയും മുതലയുടേയും പിടിയിൽ നിന്നു രക്ഷപെട്ടതെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.