ADVERTISEMENT

പുഴയിലെ മാലിന്യം കണ്ട് ഉള്ളുനീറിയ ശിൽപി എന്താണ് ചെയ്യുക?  സ്വന്തമായൊരു ബോട്ടു നിർമിച്ച് അതുമായി പുഴയിലേക്കിറങ്ങും. അതുതന്നെയാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സുബ്രൻ എന്ന ശിൽപിയും ചെയ്തത്.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഇരുവഞ്ഞിപ്പുഴ. എസ്.കെ.പൊറ്റെക്കാടിന്റെ നാടൻപ്രേമത്തിലും ഈ പുഴ ഒഴുകുന്നുണ്ട്. പുഴ പ്രസിദ്ധമാണെങ്കിലും പുഴയിലെ പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടുംകുറവില്ല. ഓടമണ്ണിൽ സുബ്രഹ്മണ്യനെന്ന സുബ്രൻ ചിത്രകാരനും ശിൽപിയും മാത്രമല്ല, നല്ലൊരു പരിസ്ഥിതിസ്നേഹി കൂടിയാണ്. പുഴയിലെ മാലിന്യയങ്ങൾ നീക്കാൻ ഒരു ബോട്ടു വാങ്ങിയാലോ എന്നാണ് സുബ്രൻ ആദ്യം ആലോചിച്ചത്. പക്ഷേ വിലന്വേഷിച്ചപ്പോൾ തന്റെ പോക്കറ്റു കീറുമെന്ന് ഉറപ്പായി.

വിട്ടുകൊടുക്കാൻ സുബ്രൻ തയാറായില്ല. സിമന്റും മണ്ണുമുപയോഗിച്ച് മോൾഡുണ്ടാക്കി. സുഹൃത്തുക്കളുടെ സഹായത്തോടെ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചു. അങ്ങനെ ഫൈബർ ബോട്ട് പിറന്നുവീണു. സുബ്രന്റെ ബോട്ടിന്റെ ചെവിയിൽ മൂന്നുവട്ടം ‘ജലകേളി’ എന്നു പേരും ചൊല്ലി വിളിച്ചു.

നാട്ടിലെ വിവിധ റിസോർട്ടുകളിലും പാർക്കുകളിലും മനോഹരശിൽപങ്ങൾ ഒരുക്കിയ ശിൽപിയാണ് സുബ്രൻ. മുക്കത്തിന്റെ ‘ശിൽപി’എന്നറിയപ്പെടുന്ന വയലിൽ വി.മൊയ്തീൻകോയ ഹാജിയുടെ ഛായാ ചിത്രം സ്ഥാപിക്കുന്നതിനായി ഇപ്പോൾ ഏറ്റവും ഒടുവിലായി റാന്തൽ വിളക്കുമായി നിൽക്കുന്ന സ്തൂപം നിർമിച്ചിട്ടുണ്ട്. മികച്ച ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് രണ്ട് തവണ ദേശീയ അവാ‍ർഡ് നേടിയ മുക്കം അനാഥശാലയുടെ സ്ഥാപകനാണ് മൊയ്തീൻകോയ ഹാജി. അദ്ദേഹത്തിന്റെ സ്മാരകമായി വഴിവിളക്കെന്ന  ആശയവുമായാണ് റാന്തൽ ശിൽപം നിർമിച്ചത്.സുബ്രന്റെ ഇഷ്ടപ്പെട്ട ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ഇത് സ്ഥാപിക്കുകയും ചെയ്തു.

മികച്ച ചിത്രകാരൻ കൂടിയായ സുബ്രൻ എം.എൻ.കാരശ്ശേരിയുടെ അനേകം പുസ്തകങ്ങളുടെ കവർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സുരാസുവിന്റെ സുരായനം പുസ്തകത്തിന്റെ കവർ ചിത്രവും സുബ്രനാണ്  തയാറാക്കിയത്. കേരളത്തിനകത്തും കർണാടകയിലുമായി കരിങ്കല്ലിലും കോൺക്രീറ്റിലും മരത്തടികളിലും നൂറിലേറെ ശിൽപങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. മരത്തടികളിൽ വൈവിധ്യങ്ങളാർന്ന ക്ലോക്കുകളും സുബ്രന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ഭാര്യ  പ്രേമിയും മക്കളായ ഗാർഷ്യയും ഇബിൻസുവും മരുമകൾ അർച്ചനയും സുബ്രന് ഒരു കൈ സഹായമായി എപ്പോഴും.

English Summary: The man who clears plastic waste from Mukkam Iruvazhinji Puzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com