Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീവറുകള്‍ തിരികെ നല്‍കിയ നീര്‍ത്തടങ്ങള്‍

Beaver_dam_in_Algonquin_Park

അണക്കെട്ട് നിര്‍മ്മാണത്തിലെ കേമന്‍മാര്‍ ആരെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം. ബീവറുകള്‍ എന്ന്. യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യര്‍ നിര്‍മ്മിക്കുന്ന അണക്കെട്ടുകളേക്കാള്‍ ഉറപ്പേറിയവയാണ് പല്ലും നഖവും ഉപയോഗിച്ച് ഈ കുഞ്ഞന്‍മാര്‍ നിര്‍മ്മിക്കുന്നവ. ഒരു കാലത്ത് യൂറോപ്പില്‍ ധാരാളമായി കണ്ട് വന്നിരുന്ന ബീവറുകള്‍ പിന്നീട് നഗരവത്കരണത്തിന്‍റെ ആധിക്യത്തില്‍ അപ്രത്യക്ഷമായി. ഇന്ന് തിരിച്ച് വരവിന്‍റെ പാതയിലാണ് പലയിടങ്ങിളിലും ബീവറുകള്‍. ഇതോടെ പല അദ്ഭുതങ്ങള്‍ക്കും സാക്ഷിയാവുകയാണ് ഈ പ്രദേശങ്ങള്‍.

ബ്രിട്ടണിലെ വറ്റിത്തുടങ്ങിയ തടാകങ്ങളിലേക്ക് വെള്ളമെത്തിച്ചതായിരുന്ന ബീവറുകളുടെ നിര്‍ണ്ണായക നേട്ടങ്ങളിലൊന്ന്. സ്കോട്ട്ലന്‍ഡ് മേഖലയില്‍ നിന്ന് അപ്രത്യക്ഷമായ ബീവറുകള്‍ ഇവിടേക്ക് എങ്ങനെ തിരിച്ചെത്തിയെന്ന് അധികൃതര്‍ക്ക് ഇപ്പോഴും മനസ്സിലാക്കാനായില്ല. എന്നാല്‍ ഇവയെ പ്രദേശത്ത് വീണ്ടും കണ്ടെത്തി നാല് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരിക്കല്‍ നഷ്ടപ്പെട്ട ഈ മേഖലയിലെ പച്ചപ്പ് ഇവടേക്ക് തിരിച്ചെത്തിക്കാന്‍ ബീവറുകള്‍ക്ക് കഴിഞ്ഞു.

ബീവറുകൾ നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ മഴവെള്ളവും ചെറു അരുവികളിലെ വെള്ളവും തടഞ്ഞ് നിര്‍ത്തി പ്രദേശത്തെ ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിച്ചതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വരണ്ടു പോയ ചതുപ്പ് നിലങ്ങള്‍ വീണ്ടും നീര്‍ത്തടങ്ങളായി. ഒരിക്കല്‍ വനമേഖലായിരുന്ന പ്രദേശത്ത് വീണ്ടും ചെടികള്‍ തളിരിട്ടു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ബീവറുകളെ വേട്ടയാടിരുന്ന പ്രദേശവാസികള്‍ പോലും ഇന്ന് ബീവറുകളെ തിരിച്ച് വരവില്‍ സന്തുഷ്ടരാണ്.

Beaver_dam_on_Smilga

പ്രദേശത്തെ മാറ്റങ്ങള്‍ മനസ്സിലാക്കിയതോടെ ബീവറുകളെ സ്കോട്ടലന്‍ഡില്‍ നിന്ന് മാറ്റി പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കം അധികാരികളും മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നടപടിയെടുക്കുമെന്നും ഇവര്‍ പറയുന്നു. ഏതായാലും പ്രകൃതിയുടെ സ്വാഭാവികമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട ജൈവവ്യവസ്ഥ എങ്ങനെ തിരിച്ച് വരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് സ്കോട്‌ലന്‍ഡിലെ ബീവറുകള്‍ പണിത ഡാമുകള്‍.