Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ്ക്കൾക്കു ഡേ കെയർ, ബോർഡിങ്

george's-own-petshop

നായ് വളർത്തലിനോട് അനുബന്ധിച്ചുള്ള പുതിയ സംരംഭസാധ്യതകൾ കണ്ടെത്തുന്ന ചെറുപ്പക്കാരൻ

ജോർജിന്റെ നായ് ആയി ജനിച്ചാൽ മതിയായിരുന്നു എന്നു കളി പറയുന്ന നാട്ടുകാരും കൂട്ടുകാരുമുണ്ടെന്ന് പാലാ പൂഞ്ഞാറിലുള്ള വരാച്ചേരിൽ ജോർജ് ജോസഫ് പറയുമ്പോൾ അതിൽ കാര്യമുണ്ട്. നായ്ക്കളോടുള്ള ജോർജിന്റെ ആത്മബന്ധവും അവയ്ക്കുവേണ്ടി ഒരുക്കുന്ന സുഖസൗകര്യങ്ങളുമാണ് നാട്ടുകാരെയും കൂട്ടുകാരെയും വിസ്മയിപ്പിക്കുന്നത്.

പതിന്നാലാം വയസ്സിൽ ഒരു ജർമൻ ഷെപ്പേർഡിനെ സ്വന്തമാക്കിയാണ് ജോർജ് നായ്ക്കളോടു ചങ്ങാത്തം കൂടുന്നത്. ആദ്യ പ്രസവത്തിൽ ജർമന് ആറു കുഞ്ഞുങ്ങൾ. മൂന്നു പെൺകുഞ്ഞുങ്ങളെ വീട്ടിൽ നിർത്തി ആണുങ്ങളെ വിറ്റു. കൂടുതൽ ആവശ്യക്കാരും നല്ല വിലയും ആയതോടെ നായ വളർത്തൽ നല്ലനിലയിലുള്ള സംരംഭമാക്കി വളർത്താം എന്നുറച്ചു. പൂച്ചകളെയും സംരംഭത്തിലുൾപ്പെടുത്തി. ബ്രീഡിങ് ശാസ്ത്രീയമായി പഠിച്ചു.

മികച്ച ഡോഗ് ഫുഡ് വാങ്ങണമെങ്കിൽ എറണാകുളം വരെ പോകണമായിരുന്നു. അതിനും ആവശ്യക്കാരേറെയുണ്ടെന്നു കണ്ടതോടെ അഞ്ചുവർഷം മുമ്പ് തൊടുപുഴയിലും കോട്ടയത്തും ഓറഞ്ച് പെറ്റ് കെയർ എന്ന പേരിൽ കട തുടങ്ങി.

കെന്നലിനോട് അനുബന്ധിച്ച് ഡേ കെയർ, ബോർഡിങ് സൗകര്യങ്ങളൊരുക്കി. നായ്ക്കളോട് അത്രയേറെ സ്നേഹമുള്ളവരാണ് ദൂരയാത്ര പോകുന്ന സന്ദർഭങ്ങളിൽ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് ജോർജ് പറയുന്നു. ഒന്നോ രണ്ടോ ദിവസത്തെ ഏകാന്തത ഓമനമൃഗങ്ങളെ വൈകാരികമായി ബാധിക്കും. തന്റെ നായയെ ഒരു വർഷത്തിലേറെയായി ജോർജിന്റെ ബോർഡിങ്ങിലാക്കി വിശേത്തു പോയിരിക്കുന്ന ഒരാളുണ്ട്. നായയുടെ പത്തിരിട്ടി വില ബോർഡിങ് ഫീസായി അയാൾ തന്നു കഴിഞ്ഞു. മിക്കവാറും ദിവസങ്ങളിൽ വിളിച്ച് നായയുടെ ക്ഷേമം തിരക്കും.

പുതിയ ജനുസുകൾ ധാരാളമുണ്ടെങ്കിലും ലാബിനും ജർമൻ ഷെപ്പേർഡിനും തന്നെയാണ് ഡിമാൻഡ്. കുട്ടികളും യുവാക്കളുമാണ് ആവശ്യക്കാരിലേറെയും. പഗിനെ ഇഷ്ടപ്പെടുന്നതേറെയും പെൺകുട്ടികൾ.

മൂന്നോ നാലോ നായ്ക്കളെ വീട്ടിൽ വളർത്തി വീട്ടമ്മമാർക്ക് ആദായകരമായി ചെയ്യാവുന്ന സംരംഭമാണിതെന്ന് ജോർജ് ഓർമിപ്പിക്കുന്നു. ഇങ്ങനെ വളർത്താനേൽപ്പിച്ച് കുഞ്ഞുങ്ങളെ തിരികെ വാങ്ങി മറ്റ് പലർക്കും കൂടി വരുമാനമാർഗം ഒരുക്കുന്നു ഈ ചെറുപ്പക്കാരൻ. ഫോൺ : 9446200541