Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂവലുകളില്ലാത്ത തത്തക്കുഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലെ താരം

Rhea the Parrot

ബഹുവർണങ്ങളിലുള്ള തൂവലുകളാണു പക്ഷികളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നത്. മഞ്ഞിൽ നിന്നും മഴയിൽ നിന്നും വെയിലിൽ നിന്നുമൊക്കെ ഇവർക്കു സംരക്ഷണം നൽകുന്നതും ഈ തൂവലുകളാണ്. ചുരുക്കി പറഞ്ഞാൽ പക്ഷികളുടെ വസ്ത്രങ്ങളാണു തൂവലുകള്‍ എന്നു പറയാം .അപ്പോള്‍ തൂവലില്ലാത്ത പക്ഷിയെ എന്തു വിളിക്കണം? അങ്ങെനെയൊരു പക്ഷിയുണ്ടാകുമോ എന്നാണു ചോദ്യമെങ്കിൽ തെറ്റി. പക്ഷികളിൽ ഏറ്റവും സൗന്ദര്യമുള്ള തത്തകളുടെ ഗണത്തിലാണ് തൂവലുകളില്ലാത്ത ഈ തത്തക്കുഞ്ഞുള്ളത്.

Rhea the Rescued Parrot

പക്ഷെ തൂവലില്ലാത്തതിനാല്‍ തനിക്കു സൗന്ദര്യമില്ലെന്നു പറഞ്ഞു വിഷമിച്ചിരിക്കുകയല്ല റിയ എന്ന ഈ മിടുക്കി തത്ത. ഇന്‍സ്റ്റഗ്രാമില്‍ മാത്രം റിയയെ പിന്തുടരുന്നത് ഒന്നര ലക്ഷത്തോളം ആരാധകരാണ്. തൂവലുകളില്ലെങ്കിലും ഓരോ ദിവസവും വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞാണ് റിയ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. റിയയ്ക്കായി ഫാഷന്‍ വസ്ത്രങ്ങളൊരുക്കി ചിത്രങ്ങളെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ അവ പോസ്റ്റു ചെയ്യുന്നതും റിയയെ എടുത്തു വളര്‍ത്തുന്ന ഇസബെല്ലയാണ്.

Rhea the Parrot

വൈറസ് ബാധയാണ് റിയയുടെ തൂവലുകള്‍ പൊഴിയാനുള്ള കാരണം. പിങ്ക് നിറത്തിലുള്ള തന്‍റെ ശരീരവും തലയേക്കാള്‍ വലിയ കൊക്കുമായി നിന്ന റിയയെ മാസങ്ങള്‍ക്ക് മുന്‍പാണ് ഇസബെല്ല ബോസ്റ്റണിലെ മൃഗാശുപത്രിയിൽ നിന്നു വളര്‍ത്താനായി ഏറ്റെടുക്കുന്നത്. തൂവലുകള്‍ ഇല്ലാത്തതിനാല്‍ താപനിലയിലെ വ്യത്യാസങ്ങള്‍ ബാധിക്കുന്നതാണു റിയ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം.

Rhea the Parrot

ഇതു മറികടക്കാന്‍ തത്തയുടെ രൂപത്തിനനുയോജ്യമായ കമ്പിളിപുതപ്പും മറ്റും ഇസബല്ല തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കും. ഇസബല്ല തയ്യാറാക്കുന്നതു കൂടാതെ തത്തയെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധി പേരാണ് റിയയ്ക്കു വേണ്ടി സ്വെറ്ററുകളും മറ്റും തയ്യാറാക്കി അയയ്ക്കുന്നത്. എന്തായാലും തൂവലുകളില്ലെങ്കിലും റിയ ഹാപ്പിയാണ് ഒപ്പം ഇസബെല്ലയും.

Your Rating: