Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരയാൽ മരങ്ങളുടെ അമ്മ....

Saalumarada Thimmakka

കർണാടകയിലെ ഒരു ഗ്രാമത്തിലാണ് 103 വയസുള്ള തിമ്മക്ക എന്ന സാലുമരാട തിമ്മക്കയുടെ ജീവിതം. മറ്റേതൊരു സ്ത്രീകളേയും പോലെ തിമ്മക്കയും മുൻപ് സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തിമ്മക്ക ഒരു സാധാരണ വീട്ടമ്മയല്ല. കർണാടകയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തകയാണവർ. ഗ്രാമവാസികൾ തന്നെയാണ് തിമ്മക്കയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ മാനിച്ച് അവർക്ക് 'സാലുമരാട' തിമ്മക്ക എന്ന പേരു നൽകി ആദരിച്ചത്. 'സാലുമരാട' എന്നാൽ കന്നട ഭാഷയിൽ 'നിരനിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് അർത്ഥം. ഒന്നും രണ്ടുമല്ല 384 അരയാൽ മരങ്ങളാണ് തിമ്മക്ക 5 കിലോമീറ്റർ ചുറ്റളവിൽ ഗ്രാമത്തിലെ റോഡിനിരുവശവും വച്ചു പിടിപ്പിച്ചത്. ബാംഗ്ലൂരിൽ നിന്നും 80 കിലോമീറ്റർ മാറിയാണ് തിമ്മക്കയുടെ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കർണാടകയിലെ രാമനഗർ ജില്ലയിലെ ഹുളികൽ എന്ന ഗ്രാമത്തിലാണു തിമ്മക്ക ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത തിമ്മക്ക ചെയ്യാത്ത ജോലികളില്ല. കാലിവളർത്തുകാരനായ ബെകൽ ചിക്കയ്യയാണ് തിമ്മക്കയെ വിവാഹം ചെയ്തത്. കല്യാണം കഴിഞ്ഞ് 25 വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികൾ ആ വിഷമം മറക്കാനാണ് അരയാൽ തൈകൾ വച്ചുപിടിപ്പിച്ചത്. സ്വന്തം മക്കളെപ്പോലെ അവർ ഇരുവരും ചേർന്ന് ഈ തൈകളെ വളർത്തി. ദിവസവും കിലോമീറ്ററുകളോളം ബക്കറ്റുമായി നടന്ന് അരയാലിൻ തൈകൾക്ക് വെള്ളമൊഴിച്ചു. എല്ലാത്തിനും തിമ്മക്കയുടെ ഒപ്പം നിന്ന ഭർത്താവ് 91ൽ മരിച്ചു. ഭർത്താവിൻറെ അകാല വിയോഗത്തിലും തളരാതെ തിമ്മക്ക തൻറെ പ്രവർത്തനങ്ങൾ തുടർന്നു. പിന്നീട് ഒരു മകനെ ദത്തെടുത്തു. തിമ്മക്കയുടെ പ്രവർത്തനങ്ങൾക്കു കൂട്ടായി ഇപ്പോൾ മകൻ ഉമേഷുമുണ്ട്.

Saalumarada Thimmakka

1996ൽ നാഷണൽ സിറ്റിസൺ അവാർഡ് ലഭിച്ചതോടെയാണ് തിമ്മക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീടങ്ങോട്ട് കർണാടക കൽപവല്ലി അവാർഡ്, വിശ്വാത്മാ അവർഡ്, നാദോജ അവാർഡ് തുടങ്ങി അവാർഡുകളുടെ ഒരു നീണ്ട നിരതന്നെ തിമ്മക്കയെ തേടിയെത്തി. സ്വന്തം ഗ്രാമത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിലും തിമ്മക്ക പ്രധാന പങ്കുവഹിച്ചു. ഇവരുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ മാനിച്ച് യുഎസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയ്ക്ക് തിമ്മക്കയു‌ടെ പേരു നൽകി ആദരിച്ചിരുന്നു. ഗ്രാമത്തിൽ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കണമെന്നതാണ് തിമ്മക്കയുടെ ഇപ്പോഴത്തെ ആഗ്രഹം.

അവർഡുകളും പ്രശസ്തിപത്രങ്ങളും പൊന്നാടകളും കൊണ്ടു നിറഞ്ഞ വീട്ടിൽ ഇപ്പോഴും ഈ അമ്മ പട്ടിണികൾക്കു നടുവിലാണെന്നതാണു മറ്റൊരു യാഥാർത്ഥ്യം. അവാർഡുകളും പ്രശസ്തിപത്രവും കഴിച്ചു വിശപ്പടക്കാനാവില്ലല്ലോ? എങ്കിലും ഈ അമ്മ ജീവിക്കുന്നു തൻറെ അരയാൽ മരങ്ങൾക്കായി....

Your Rating: