Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടിൻറെ സ്വന്തം ഗ്രീൻ കലക്ടർ

kesavendrakumar

കരിപുരണ്ട മനസ്സുമായാണ് കേശവേന്ദ്രകുമാർ വയനാട് ചുരം കയറിയത്. ഹയർസെക്കൻഡറി ഡയറക്ടറായിരിക്കെ സമരത്തിന്റെ പേരിൽ അദ്ദേഹത്തിനു നേരെ ചിലർ വലിച്ചെറിഞ്ഞ കരിമഷി വേദനയായി മനസ്സിലുണ്ടായിരുന്നു. കരിപുരണ്ട ജീവിതങ്ങളുടെ നാടായ വയനാട്ടിൽ സുവർണസേവനചരിത്രം രേഖപ്പെടുത്തിയ കേശവേന്ദ്രകുമാർ കേരളത്തിന്റെ ‘ഗ്രീൻ കലക്ടറാണ്’. മാറുന്ന വയനാടൻ മണ്ണിനെയും മനുഷ്യനെയും തിരിച്ചുപിടിക്കാൻ ഈ ബിഹാറുകാരൻ നടത്തുന്ന ശ്രമങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെടുന്നു. ഓർമ മരമെന്ന ഒറ്റ പദ്ധതി മതി കേശവേന്ദ്രകുമാറിനെ വയനാടൻ മണ്ണും മനുഷ്യരും എന്നുമോർക്കാൻ. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയേറെ പദ്ധതികൾ നടപ്പാക്കിയ മറ്റൊരു കലക്ടറും വയനാട് ചരിത്രത്തിലില്ല.

∙ കേശവേന്ദ്രകുമാർ എന്ന പുസ്തകം

സ്വന്തമായി ഒന്നുമില്ലെങ്കിലും മക്കൾക്ക് ഒരു കുറവും വരുത്തില്ല. കടം വാങ്ങിയാലും മക്കളുടെ കാര്യം നടത്തിക്കൊടുക്കും. എന്നിട്ടും നന്നാവാത്ത മക്കളോട് കേശവേന്ദ്രകുമാറിന്റെ കഥ പറഞ്ഞു കൊടുക്കണം. ബിഹാറിലെ സീതാമർതി ജില്ലയിലെ ഏറ്റവും സാധാരണകുടുംബത്തിൽ ജനിച്ച കേശവേന്ദ്രകുമാറിന്റെ ജീവിതം പ്രതിസന്ധികളും പ്രയാസങ്ങളും ഉള്ളതായിരുന്നു .അച്ഛൻ ആയുർവേദ ചികിത്സകനാണ്. മൂന്ന് ആൺമക്കൾ. എല്ലാവർക്കും പഠിക്കാനും വിലസി നടക്കാനും വീട്ടിൽ വഴിയില്ല. പഠിക്കാൻ മിടുക്കനായ കേശവേന്ദ്രകുമാർ സ്വയം തീരുമാനിക്കുകയായിരുന്നു ജീവിതത്തിൽ തോൽക്കില്ല എന്ന്. പ്ലസ്ടുവിനു ശേഷം റെയിൽവേയുടെ കോഴ്സിനു ചേർന്നു. റെയിൽവേയിൽ ബുക്കിങ് ക്ലാർക്ക് ആയി ജോലി ചെയ്യുമ്പോഴും പഠിക്കാനുള്ള മോഹം ഉപേക്ഷിച്ചില്ല. ഇഗ്നോയിൽ പ്രൈവറ്റായി ബിരുദത്തിനു റജിസ്റ്റർ ചെയ്തു പഠിക്കാൻ തുടങ്ങി.

ജോലിയും ഒപ്പം പഠനവും പുരോഗമിക്കവെയാണ് സിവിൽ സർവീസ് എന്ന മോഹം ഉള്ളിൽ മുളപൊട്ടിയത്. വായനയുടെ വിശാലമായ ലോകം നൽകിയ കരുത്തും കഠിനാധ്വാനവും ചേർന്നപ്പോൾ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്റെ പേരിനൊപ്പം ഐഎഎസ് എന്ന മൂന്നക്ഷരവും എഴുതിച്ചേർത്തു. വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടിയയാളുടെ ഐഎഎസ്, പണിയെടുത്ത് പഠിച്ചവന്റെ ഐഎഎസ്, കണ്ണീരിനെയും ബുദ്ധിമുട്ടിനെയും തോൽപ്പിച്ചവന്റെ ഐഎഎസ്. ആ മൂന്നക്ഷരത്തിന് തിളക്കമേറെയാണ്.

∙ പച്ച മനുഷ്യൻ

പരിസ്ഥിതി സ്നേഹമെന്ന നാട്യം പറഞ്ഞ് നടക്കുന്നവരെ തട്ടി നടക്കാൻ കഴിയാത്ത വയനാട്ടിൽ കേശവേവേന്ദ്രകുമാറിന്റെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന കേശവേന്ദ്രകുമാറിനെ നമുക്കു കാണാൻ കഴിയില്ല. പക്ഷേ അദ്ദേഹം പരിസ്ഥിതിക്കായി നടപ്പാക്കുന്ന പദ്ധതികൾ കണ്ടാൽ സല്യൂട്ട് ചെയ്തു പോകും. ഒരു നല്ല ഗ്രീൻ സല്യൂട്ട്. കുന്നും മലകളുമെല്ലാം കോൺക്രീറ്റ് കാടുകളായി മാറുന്ന കാലത്താണ് കേശവേന്ദ്രകുമാർ ബഹുനില കെട്ടിടനിയന്ത്രണമെന്ന ഉത്തരവ് കൊണ്ടുവന്നത്. സർക്കാർ പോലും അമ്പരന്നു. എന്നാൽ കലക്ടറെന്ന പേരിലുള്ള അധികാരമുപയോഗിച്ച് നടപ്പാക്കിയ ആ ഉത്തരവിൽ നിന്ന് ഒരു തരിപോലും പിന്നാക്കം പോകാതെ അദ്ദേഹം നിന്നു. സമ്മർദം ചെലുത്തിയവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

‘ഞാൻ ഇന്നോ നാളെയോ ഈ വയനാട്ടിൽ നിന്നു പോകേണ്ടവനാണ്, എന്നാൽ വയനാട്ടുകാർക്ക് ഈ മണ്ണു വേണം, ഈ നൻമയോടെ തന്നെ’.എതിർത്തവർ പോലും ഒടുവിൽ അദ്ദേഹത്തിനൊപ്പം ചേർന്നു. ബഹുനില കെട്ടിടങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവ് എന്തിനാണ് ഇത്ര തിടുക്കത്തിലെടുത്തതെന്ന് കലക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ‘ആരു പറഞ്ഞു തിടുക്കത്തിലാണെന്ന് . ഞാൻ എട്ടുമാസത്തോളം നീണ്ട ശാസ്ത്രീയപഠനങ്ങൾക്കും നിയമവശങ്ങളുടെ പരിശോധനയ്ക്കും ശേഷമാണ് ഉത്തരവിറക്കിയത്. അതൊന്നും കൊട്ടിഘോഷിക്കേണ്ടെന്നു കരുതി ’.

∙ ഓർമമരം രാജ്യമാകെ പടരുമ്പോൾ

വോട്ടുചെയ്യുന്നവർക്കെല്ലാം മരം. ഈ ആശയം കേശവേന്ദ്രകുമാർ ആദ്യം പറഞ്ഞപ്പോൾ അതെങ്ങനെ നടക്കുമെന്നു കരുതി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യം വിജയിച്ചപ്പോൾ ഒപ്പം കലക്ടറുടെ ഓർമമരം പദ്ധതിയും വിജയിച്ചു. വോട്ടു ചെയ്തവർ ചൂണ്ടുവിരലിലെ മഷിയടയാളവുമായി അഭിമാനത്തോടെ ബൂത്തിൽ നിന്നിറങ്ങുമ്പോൾ മനസ്സു നിറയാൻ ഒരു മരത്തൈ കയ്യിലുണ്ടായിരുന്നു. നാടിനു തണലേകാൻ ജനാധിപത്യവും മരത്തൈകളും. ഓരോ തിരഞ്ഞെടുപ്പിനും ടൺ കണക്കിന് കടലാസുകൾ വേണം. ഇതിനായി എത്രയോ മരങ്ങൾ മുറിച്ചുമാറ്റപ്പെടുന്നു.

അതിന്റെ പ്രായശ്ചിത്തമായി വോട്ടർമാരെക്കൊണ്ട് മരവും നടീപ്പിക്കണമെന്ന ആശയം രാജ്യമാകെ വ്യാപിപ്പിക്കാനായി കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന് വയനാട്ടിൽ നിന്നു പദ്ധതി പോയിട്ടുണ്ട്. അത് നടപ്പായാൽ വയനാടിന്റെ തൈകൾക്കും ഞെളിഞ്ഞുനിൽക്കാം. ഞങ്ങളാണ് ആദ്യം ഇത് നടപ്പാക്കിയതെന്ന അഭിമാനത്തോടെ. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യജീവിസംഘർഷം-ഗോത്രജനതയുടെ മുന്നേറ്റം എന്നിവ മുൻനിർത്തി ഗ്രീൻവയനാട്-കൂൾ വയനാട് എന്ന പദ്ധതിയും കലക്ടർ നടപ്പാക്കിയിട്ടുണ്ട്.

കലക്ടറേറ്റിലെ കാവ്

വയനാട് കലക്ടറേറ്റിന്റെ പുറകിലും ഒരു കൊച്ച് കാവ് ഒരുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. വൈവിധ്യമാർന്ന മുളകൾ വച്ച് പിടിപ്പിച്ചും ചെറിയ തടാകങ്ങൾ ഒരുക്കിയും ഒരു ഗ്രീൻ കലക്ടറേറ്റ്.

∙ ഗോത്രജനതയ്ക്കു താങ്ങ്

അവധി ദിവസങ്ങളിൽ കലക്ടറെ ആദിവാസി കോളനികളിൽ കാണാം. ടീ ഷർട്ടും കാൻവാസ് ഷൂവുമൊക്കെ ധരിച്ച് കോളനികളുടെ ദുരിതങ്ങൾ കാണാനുള്ള യാത്രയിലായിരിക്കും.കോളനികൾ നേരിൽ സന്ദർശിക്കുന്ന കോളനി മിത്രം പരിപാടി വിജയകരമായി നടന്നുവരുന്നു. ഭവനനിർമാണത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേശവേന്ദ്രകുമാറിന്റെ നടപടികളും ശ്രദ്ധേയമായി. കോളനികളുമായി ബന്ധപ്പെട്ട ഹരിതവൽരണം. ആദിവാസി യുവാക്കൾക്ക് ഹോട്ടൽ മാനേജ്മെന്റ് പോലെയുള്ള വിഷയങ്ങളിൽ പരിശീലനം നൽകി ജോലിക്കു പ്രാപ്തരാക്കൽ തുടങ്ങി പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.

∙ കൂൾ കലക്ടർ

കാര്യങ്ങളിങ്ങനെയാണെങ്കിലും ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലാത്തയാളാണ് കേശവേന്ദ്രകുമാറെന്ന് സഹപ്രവർത്തകർ പറയുന്നു. എല്ലാം ഒരു ടീം വർക്കാണ്. ഉറക്കമൊഴിക്കാനും എത്ര നേരം ജോലി ചെയ്യാനും ക്യാപ്ടനെന്ന നിലയിൽ കേശവേന്ദ്രകുമാർ റെഡി. രണ്ടരവർഷമായിട്ടും അഴിമതിയോ മറ്റൊരു ആരോപണമോ കലക്ടറുടെ ഓഫിസിനെ കേന്ദ്രീകരിച്ചുണ്ടായില്ലെന്നത് നേട്ടമാണെന്നും സഹപ്രവർത്തകർ പറയുന്നു.

∙ കവിതകളുടെ ലോകം

മികച്ച വായനക്കാരനായ കേശവേന്ദ്രകുമാർ കവിയും ബ്ലോഗ് എഴുത്തുകാരനുമാണ്. ജോലി ചെയ്തു കിട്ടുന്നതിൽ നിന്നുള്ള വരുമാനവും പുസ്തകം വാങ്ങിക്കാൻ ചെലവാക്കി. അതെല്ലാമാണ് ഐഎഎസ് പഠനം സുഗമമാക്കിയത്. ഹിന്ദി മാഗസിനുകളിൽ ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചുവന്നിട്ടുമുണ്ട്. കവിതകളുടെയും പാട്ടിന്റെയും ലോകത്തും ജീവിതത്തിലും പ്രോത്സാഹനവുമായി ഭാര്യ അർച്ചനയും മകൾ അനുഭൂതിയും ഉണ്ട്.

∙ മലയാളത്തോട് പ്രിയം

മലയാളത്തോട് നിറഞ്ഞ സ്നേഹമാണ് കലക്ടർക്ക്. ഇംഗ്ലിഷിൽ എന്തെങ്കിലും ചോദിച്ചാലും മലയാളത്തിൽ മറുപടി പറയാനാണ് താൽപര്യം. കുടിക്കടസർട്ടിഫിക്കറ്റെന്നും തണ്ടപ്പേർ റജിസ്റ്ററെന്നുമൊക്കെയുള്ള കഠിന മലയാളം ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും അതുപോലെ തന്നെ പറയുന്നതു കാണുമ്പോൾ മലയാളികൾ പോലും അമ്പരക്കും.

∙ സ്വപ്നം കാണൂ, അതിരുകളില്ലാതെ

സ്വപ്നങ്ങളിൽ അത്യാഗ്രഹമാകാമെന്നാണ് യുവതലമുറയോട് കലക്ടർ നൽകുന്ന സന്ദേശം. എൻജിനീയർ ആകണമെന്നു മാത്രം സ്വപ്നം കാണേണ്ട, ഐഐടിയിൽ തന്നെ പഠിക്കുമെന്ന് സ്വപ്നം കാണണം. സാധാരണ വീട്ടിലെ കുട്ടികൾക്കും ഐഎഎസും ഐപിഎസുമൊക്കെ നടക്കും. കേശവേന്ദ്രകുമാർ തന്റെ ജീവിതം കൊണ്ട് അതു നമ്മുക്കു കാണിച്ചു തരുന്നു. പുതുതലമുറയ്ക്ക് ഉയരങ്ങളിലേക്ക് മുന്നേറാൻ വഴിവിളക്കാക്കാവുന്ന ജീവിതം കൊണ്ട്. 

Your Rating: