Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദ്വീപിനേയും അവിടുത്തെ ജീവജാലങ്ങളേയും ഇല്ലാതാക്കിയത് ഈ പാമ്പുകൾ

Brown Tree Snake

പാമ്പുകൾക്ക് ഒരു വനം തന്നെ ഇല്ലാതാക്കാൻ കഴിയുമോ? അതിനുത്തരമാണ് പസഫിക് ഐലൻഡിലെ ഗുവാം ദ്വീപ്. ഗുവാം എന്നത് ജപ്പാനും ഓസ്ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ്. അമേരിക്കയുടെ ഭാഗമായ ഈ ദ്വീപ് അത്യപൂര്‍വ്വമായ ഒരു ഭീഷണി നേരിടുകയാണിന്ന് .ഒരു വനം മാത്രമല്ല ഇവിടുത്തെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും തന്നെ തകർത്തുകളഞ്ഞു ഒരുകൂട്ടം പാമ്പുകൾ. ഒരു പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് മുഴുവന്‍ ഭീഷണിയാകാന്‍ കഴിഞ്ഞ ഏക ജീവി എന്ന ഖ്യാതി കൂടിയുണ്ട് ഈ ജീവികൾക്ക് .1940കളിൽ എങ്ങനെയോ ഈ ദ്വീപിലെത്തപ്പെട്ട ബ്രൗൺ ട്രീ സ്നേക്ക് അഥവാ തവിട്ടു നിറമുള്ള മരപ്പാമ്പുകളാണ് ഈകാട്ടിലെ വില്ലൻമാർ. ഭൂരിഭാഗം സമയവും മരത്തിൽ തന്നെ ചിലവഴിക്കുന്ന ഇവയുടെ പ്രധാന ഇരകൾ പക്ഷികളായിരുന്നു. അതുകൊണ്ടുതന്നെ നാമാവശേഷമായവരുടെ കൂട്ടത്തിൽ പക്ഷികളാണ് മുൻപന്തിയിൽ.

ഗുവാം സ്വദേശിയല്ല മറിച്ച് വിദേശത്തു നിന്നെത്തിയതാണ് ഈ പാമ്പുകള്‍ . വ്യാപകമായി പെറ്റുപെരുകിയ ഇവയ്ക്ക് കാര്യമായ ശത്രുക്കള്‍ ഈ ദ്വീപിലില്ല. അതുകൊണ്ടു തന്നെ അംഗസംഖ്യ വന്‍തോതില്‍ വർധിക്കാന്‍ ഈ അനുകൂല സാഹചര്യം കാരണമായി. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെെങ്കിലും കഴിച്ചുകൊണ്ടിരിക്കണം ഈ പാമ്പുകൾക്ക്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങൾക്കകം അകത്താക്കും.

പപുവാന്യൂഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ ബോട്ടിലേ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്. ഇപ്പോൾ ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. ആ നിലയ്ക്കാണ്  ഇവിടെ ഇവയുടെ വളർച്ച.

ഏകദേശം 146 വിഭാഗങ്ങളിൽ പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപ്. എന്നാൽ പാമ്പുകൾ ദ്വീപിൽ പെരുകിയതോടെ അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പല പക്ഷിവർഗങ്ങളും ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കപ്പെട്ടു. ഇപ്പോൾ ഏതാണ്ട് പന്ത്രണ്ടോളം പക്ഷി വിഭാഗങ്ങൾ മാത്രമാണ് ഈ വനത്തിൽ അവശേഷിക്കുന്നത്. അവയിൽത്തന്നെ പലതും കടുത്ത വംശനാശ ഭീഷണിയിലാണ്. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. പക്ഷികളെ തിന്നുന്നതിനൊപ്പം മുട്ടയും ഇവ അകത്താക്കുന്നതാണ് ജീവികളുടെ വംശനാശത്തിലേക്കു നയിച്ചത് ഈ വനത്തിൽ പാമ്പുകളില്ലാത്ത ഒരുമരം പോലും അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പക്ഷികൾക്ക് വിശ്രമിക്കാനോ കൂടൊരുക്കാനോ മുട്ടയിടാനോ പോലും സാധിക്കില്ല എന്നതാണ് എടുത്തു പറയേണ്ടകാര്യം. ഏതെങ്കിലും പക്ഷികൾ മുട്ടയിട്ടാൽ തന്നെ പാമ്പുകൾ അവിടെയെത്തി അതെല്ലാം അകത്താക്കും.

പക്ഷികളുടെ എണ്ണത്തിലുണ്ടായ ഈ അഭാവം വനത്തിന്റെ സംന്തുലനാവസ്ഥയെ തന്നെ തകിടംമറിച്ചു. പക്ഷികളായിരുന്നു മരങ്ങളിൽ നിന്നും ചെടികളിൽ നിന്നുമുള്ള കായ്കനികൾ ഭക്ഷിച്ച ശേഷം വനപ്രദേശങ്ങളിൽ പലഭാഗത്തും എത്തിച്ചിരുന്നത്. ദ്വീപിലെ പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങളുെടയെല്ലാം പ്രത്യുൽപാദനം നടക്കുന്നത് ഈ പഴങ്ങള്‍ തിന്നുന്ന കിളികള്‍ വിസര്‍ജ്ജിക്കുന്ന വിത്തുകളിലൂടെയാണ്. ഇങ്ങനെയല്ലാതെ ഈ മരങ്ങളുടെ തൈകള്‍ മുളയ്ക്കാറില്ല. ഈ പക്ഷികളെല്ലാം പാമ്പുകളുടെ ഭക്ഷണമായി തീര്‍ന്നതോടെ ഇവിടെയിപ്പോൾ വൃക്ഷങ്ങളും പുതിയതായി മുളയ്ക്കാറില്ല. 

പക്ഷികളെ മാത്രമല്ല ഇവിടുത്തെ ഇതര സസ്യജന്തുജാലങ്ങളേയും പാമ്പുകൾ ഉന്മൂലനം ചെയ്തു. സസ്തനികളും ഉരഗ വർഗങ്ങളുമുൾപ്പെടെ 596 വിഭാഗത്തിൽ പെട്ട ജീവികളുണ്ടായിരുന്നു ഈ വനത്തിൽ. ഇവയിൽ പലതും അന്യം നിന്നുപോയി. ബാക്കിയുള്ള ജീവജാലങ്ങൾ അതീവ വംശനാശഭീഷണി നേരിടുകയാണ്. ഇങ്ങനെ പോയാൽ അവയും ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാകാൻ അധികകാലം വേണ്ടിവരില്ലെന്നാണ് ഗവേഷകരുടെ നിഗമനം.

Brown tree snake

ഈ വനത്തിലെ പക്ഷികളും  സസ്യജന്തുജാലങ്ങളും മാത്രമല്ല വൻമരങ്ങൾ വരെ ഈ പാമ്പുകളുടെ ഭീഷണി നേരിടുകയാണ്.മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും മാത്രമല്ല അമേരിക്കന്‍ ഗവൺമെന്‍റിനും പ്രതിവര്‍ഷം ലക്ഷക്കണക്കിനു ഡോളറിന്‍റെ നഷ്ടം ഇവയുണ്ടാക്കുന്നുണ്ട്. ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതീകരണ സംവിധാനങ്ങള്‍ ഇടയ്ക്കിടെ തകരാറിലാക്കുന്നതു വഴിയാണിത്. ഏതായാലും പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്ന പാമ്പുകളെ 2018 ആകുമ്പോഴേക്കും ദ്വീപിൽ നിന്നു തുരത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനായി പല പദ്ധതികളും ആവിഷ്ക്കരിച്ചു കഴിഞ്ഞു. വിഷം നൽകി കൊന്ന എലികളെ മുകളിൽ നിന്നു വിതറിയായിരുന്നു തുടക്കം. ഈ എലികളെ ആഹാരമാക്കുന്ന പാമ്പുകൾ ഉടൻതന്നെ ചത്തു വീഴും. ഈ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കെണിയൊരുക്കിയും മറ്റും ഇത്രയധികം പാമ്പുകളെ പിടികൂടാൻ കഴിയാത്തതിനാലാണ് വേറിട്ട ഈ പരീക്ഷണത്തിനു മുതിർന്നത്. ഈ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. ഏതുവിധേനയും ആവാസവ്യവസ്ഥയെ തന്നെ തകിടം മറിച്ച പാമ്പുകളെ പടിക്കു പുറത്താക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കാനാണ് ഇവരുടെ ശ്രമം. അല്ലെങ്കിൽ ഈ ദ്വീപ് തന്നെ നാമാവശേഷമായിത്തീരും.

related stories