Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം കടൽപ്പശുക്കളെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കുമോ?

Walruses

പസഫിക്കിലെ കടലാനകളെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ട്രംപ് ഭരണ കൂടം  നിരസിച്ചത് അടുത്തിടെയാണ്. വാള്‍റസ് അഥവാ കടലാനകള്‍ എന്നു വിളിക്കുന്ന ഈ ജീവികള്‍ക്ക് വിധിച്ച വധശിക്ഷ എന്നാണ് അമേരിക്കയുടെ ഈ തീരുമാനത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. കടലാനകള്‍ മഞ്ഞില്ലാത്ത മേഖലയിലെ ജീവിതവുമായി പൊരുത്തപ്പെടും എന്ന അശാസ്ത്രീയമായ നിഗമനമാണ് ഈ നീക്കത്തിനു പിന്നില്‍.

ഒരു ജീവിയെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അവ ഉള്‍പ്പെടുന്ന ജൈവവ്യവസ്ഥ സംരക്ഷിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.ആര്‍ട്ടിക്കിലെയും അന്‍റാര്‍ട്ടിക്കിലെയും പസഫിക്കിലെയും മഞ്ഞു നിറഞ്ഞ മേഖലയാണ് കടല്‍പ്പശുക്കളുടെ പ്രധാന ആവാസകേന്ദ്രം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഈ മേഖലിയില്‍ വ്യാപകമായ മഞ്ഞുരുക്കത്തിനു കാരണമാവുകയാണ്.  ഈ മേഖലയിലെ ജീവികളുടെ അതിജീവനത്തിന് ഇത് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Walruses

അതേസമയം ആഗോളതാപനം തന്നെ കെട്ടുകഥയാണെന്നതാണ് നിലവില അമേരിക്കന്‍ ഭരണ കൂടത്തിന്‍റെ നിലപാട്. ആഗോളതാപനത്തിന്‍റെ പേരില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് അംഗീകരിച്ച് കടലാനകളെ സംരക്ഷിത പട്ടികയില്‍ ഉൾപ്പെടുത്തിയാല്‍ അമേരിക്കയ്ക്ക് അത് സ്വന്തം നിലപാടുകളെ തന്നെ തള്ളിപ്പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കും. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ അധീനതയിലുള്ള പ്രദേശത്തെ കടലാനകളെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തണമന്ന ആവശ്യം ഭരണകൂടം തള്ളിക്കളഞ്ഞത്.

2011 ബറാക് ഒബാമ പ്രസിഡന്റായിരിക്കെ യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് വാള്‍റസുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അതു നീണ്ടു പോയി. ഈ നീക്കമുള്‍പ്പെടെ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഗവര്‍മെന്റിന്‍റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംരക്ഷണം നല്‍കിയില്ലെങ്കില്‍ ആഗോളതാപനം രൂക്ഷമാകുന്ന മുറയ്ക്ക് രണ്ടായിരത്തി അറുപതോടെ കടലാനകള്‍ക്ക് പൂര്‍ണ്ണമായും വംശനാശം സംഭവിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നത്.