Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമിംഗല ‘ബോംബ്’ പൊട്ടിത്തെറിക്കുമോ?

stranded whales in Newzealand

ഗോൾഡൻ ബേയിലെ ഫെയർവെൽ സ്പിറ്റിൽ ചിതറിക്കിടക്കുന്ന നൂറുകണക്കിനു പൈലറ്റ് തിമിംഗലങ്ങളുടെ ശവശരീരങ്ങൾ എങ്ങനെ നീക്കണമെന്ന ആശങ്കയിലാണ് അധികൃതർ. അഴുകിയ മൃതശരീരങ്ങൾ മർദ്ദം വർദ്ധിച്ച് പൊട്ടിത്തെറിക്കുമെന്നതിനാൽ തൽക്കാലത്തേക്ക് ബീച്ച് അടച്ചുപൂട്ടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതലാണ് തിമിംഗലങ്ങൾ വൻതോതിൽ കരക്കടിഞ്ഞു തുടങ്ങിയത്. 416 തിമിംഗലങ്ങളാണ് ആദ്യ ദിവസം തീരത്തടിഞ്ഞത്.

stranded whale in Newzealand

ശനിയാഴ്ച തീരത്തടിഞ്ഞ ഇരുന്നൂറോളം തിമിംഗലങ്ങളെ തിരികെ കടലിലെത്തിക്കാൻ സാധിച്ചിരുന്നു. എന്നാൽ തീരം വിട്ടുപോകാത്തതിനാൽ അവ വീണ്ടും ആഴം കുറഞ്ഞ തീരത്തു കുടുങ്ങിയേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തിമിംഗലങ്ങളുടെ നാവിക പാതയിൽ പതിവായി കെണിയാകുന്നതാണു ന്യൂസീലൻഡിലെ ഫെയർവെൽ സ്പിറ്റ് കടലോരം.

stranded whale in Newzealand

രണ്ടു ദിവസങ്ങളിലായി എഴുന്നൂറോളം തിമിംഗലങ്ങൾ തീരത്തടിഞ്ഞപ്പോൾ തന്നെ ആരോഗ്യ സുരക്ഷയെ കരുതി പൊതുജനങ്ങൾക്ക് ബീച്ചിൽ പ്രവേശനം നിഷേധിച്ചിരുന്നു. അഴുകിയ തിമിംഗലങ്ങളുടെ മൃതശരീരങ്ങൾ വീർത്ത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മുൻകരുതൽ. മുന്നൂറോളം തിമിംഗലങ്ങളുടെ മൃതദേഹങ്ങൾ തീരത്തു നിന്നും നീക്കം ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു.

whales were stranded on the New Zealand beach

അവശേഷിക്കുന്ന തിമിംഗലങ്ങളുടെ ശവശരീരങ്ങൾ കൂടി നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ആറുമീറ്റർ നീളവും രണ്ടു ടണ്ണോളം ഭാരവും വരുന്ന ശവശരീരങ്ങൾ നീക്കം ചെയ്യുകയെന്നത് ശ്രമകരമായ ദൗത്യമാണ്. തിമിംഗലങ്ങളുടെ ശരീരം നീക്കം ചെയ്യുന്ന ജീവനക്കാർ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വായു കുത്തിവിട്ടിട്ടാണ് അവയെ ട്രക്കിലേക്കു മാറ്റുന്നത്. ജനവാസമില്ലാത്ത ഒറ്റപ്പെട്ട മേഖലയിലാണ് ഈ തിമിംഗലങ്ങളുടെ ശവശരീരം നിക്ഷേപിക്കുന്നത്. അവിടെ മൃതദേഹങ്ങൾ സ്വാഭാവികമായ അഴുകലിന് വിധേയമാകുമെന്നാണ് അധികൃതരുടെ നിഗമനം.

dead-whale
Your Rating: