Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴവിൽ ചിറകിൽ

വിലാസിനി വിലാസിനി

പറക്കുന്ന പൂക്കൾ പോലെ പൂമ്പാറ്റകൾ. വർണവൈവിദ്യം മാത്രമല്ല ശലഭങ്ങൾക്കുള്ളത്. പിന്നെയോ... പൂമ്പാറ്റകളുടെ സുന്ദര ലോകത്തിലൂടെ ഒരു യാത്ര.

വളരെ പണ്ട്, ഏഴു കടലിനുമപ്പുറത്തൊരു മരതക ദ്വീപിൽ... പാൻസിയും പോപ്പിയും ഹെയ്‌സൽ പുഷ്‌പങ്ങളും വിരിഞ്ഞുനിൽക്കുന്ന ഒരു മലഞ്ചെരുവിൽ ആ താഴ്‌വരയുടെ മനോഹാരിത കണ്ട് സ്വർഗവാസികളായ കുറെ മാലാഖമാരെത്തി. മഞ്ഞും സൂര്യരശ്‌മികളും മരങ്ങളുടെ ഹരിതാഭയും കിളിമൊഴികളും അരുവികളും കൊണ്ട് സ്വർഗതുല്യമായ ആ താഴ്‌വര കാൺകെ ‘ഭൂമിയിലും ഒരു സ്വർഗമോ’ എന്നു മാലാഖമാർ സംശയിച്ചു!

വെള്ളിനീലി വെള്ളിനീലി

പൂക്കളുടെ നിഷ്‌കളങ്ക സൗന്ദര്യത്തിൽ മയങ്ങിപ്പോയ മാലാഖമാർക്ക് അവിടം വിട്ടുപോകാൻ മനസ്സുവന്നില്ല... എങ്കിലും അവർ ഒരു കാര്യം ശ്രദ്ധിച്ചു. പൂക്കൾക്കെല്ലാം ഒരു നേർത്ത വിഷാദമില്ലേ? വിഷാദത്തിന്റെ കാരണം തിരക്കിയ മാലാഖമാരോട്, പറവകളെപ്പോലെ പറക്കാനാവുന്നില്ലല്ലോയെന്ന സങ്കടമായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്....

ചുട്ടിമയൂരി ചുട്ടിമയൂരി

നാടായ നാടെല്ലാം ചുറ്റിക്കാണാനും അതിരുകളില്ലാത്ത ആകാശത്ത് ആഹ്ലാദത്തോടെ പറന്നുനടക്കാനുമുള്ള ആഗ്രഹം ഭൂമിയമ്മയെ അറിയിച്ചിരുന്നുവെങ്കിലും, ഈ ഭൂമിയിൽ ഓരോ ജീവിക്കും അതിന്റേതായ ധർമമുണ്ട്, അതിൽനിന്നു വ്യതിചലിക്കുന്നതു ശരിയല്ല എന്നു സ്‌നേഹപൂർവം ഉപദേശിക്കുകയായിരുന്നു ഭൂമിയമ്മ. ചിറകു മുളച്ചാൽ അവ തന്നെ വിട്ടു ദൂരേക്കു പറന്നുപോകുമല്ലോയെന്ന വിഷമമായിരുന്നു ഭൂമിയമ്മയ്‌ക്ക്...

പൂക്കളുടെ വിഷാദം മാറ്റാൻ മറ്റൊരു വഴിയും കാണാതെ മാലാഖമാർ ഭൂമിയെ സമീപിച്ചു പൂക്കളുടെ ആഗ്രഹം വീണ്ടുമറിയിച്ചു. പൂക്കളുടെ വിഷാദത്തിൽ ഉള്ളുനൊന്തിരുന്ന ഭൂമിയമ്മ, മാലാഖമാരുടെ ആത്മാർത്ഥമായ അപേക്ഷകൂടിയായപ്പോൾ പാതിമനസ്സോടെയാണെങ്കിലും സമ്മതം മൂളി.

ഭൂപടശലഭം ഭൂപടശലഭം

സന്തുഷ്‌ടരായ മാലാഖമാർ സ്വർഗത്തിലേക്കു പറന്നു. മഴവില്ലിന്റെ ഏഴു വർണങ്ങളും കുറുക്കിയെടുത്തു മൃദുവായ പട്ടുനൂലുണ്ടാക്കി. ഈ പട്ടുനൂലുകൾകൊണ്ടു മനോജ്‌ഞമായ പട്ടുതുണികൾ നെയ്‌തെടുത്തു പൂക്കൾക്കു ചിറകുകൾ നൽകി! തങ്ങളെപ്പോലെ ഭംഗിയായി പറക്കാനും പഠിപ്പിച്ചു... അങ്ങനെയണത്രെ ഭൂമിയിൽ ചിത്രശലഭങ്ങളുണ്ടായത്.

കഥയവിടെ നിൽക്കട്ടെ,

വീണ്ടുമിതാ ഒരു പൂമ്പാറ്റക്കാലം എത്തിയിരിക്കുന്നു! ജീവയോഗ്യമല്ലാത്തവിധം മനുഷ്യർ ഭൂമിയെ മാറ്റിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇത്രയും ശലഭവൈവിധ്യം ഇനിയും നിലനിൽക്കുന്നു എന്നതുതന്നെ അത്ഭുതം.

വിലാസിനി വിലാസിനി

എത്രയിനം ചിത്രശലഭങ്ങൾ! കണ്ണുകൾക്കൊപ്പം ഹൃദയവും തുറന്നുവച്ചാൽ ഈ ശലഭരാജികളുടെ വർണമേളത്തിൽ വിസ്‌മയിച്ചുപോകാത്തവർ ആരാണ്? പരാഗണം പോലുള്ള പ്രകൃതിധർമങ്ങൾ ചെയ്‌തുകൊണ്ട് മറ്റു ജീവികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന ഈ കുഞ്ഞുമാലാഖമാരെ അറിയാതിരിക്കുന്നതു ശരിയാണോ? പീലിയഴകുമായി പൂക്കളിൽനിന്നു പൂക്കളിലേക്കു പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരിയെ... കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടിയെ...ദേശാടന വിസ്‌മയം തീർക്കുന്ന ആൽബട്രോസിനെ... അങ്ങനെ ഈ ചാരുതയ്ക്ക് എത്രയെത്ര പേരുകൾ.

നാടോടി നാടോടി

പൂമ്പാറ്റപ്പൂങ്കാവനം

ഇലമുങ്ങി ഇലമുങ്ങി

ശലഭങ്ങളെത്തേടി നമ്മൾ പോകുംപോലെ ശലഭങ്ങൾ നമ്മെത്തേടിയെത്താൻ വിദ്യാലയത്തിലോ വീട്ടിലോ ഒരു ശലഭോദ്യാനമുണ്ടാക്കിയാലോ? (നിലവിലുള്ള ഉദ്യാനം ശലഭസൗഹൃദ ഉദ്യാനമാക്കിമാറ്റിയാലും മതി) നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്‌ഥലം കണ്ടെത്തി പൂമ്പാറ്റകളെ ആകർഷിക്കുന്നയിനം പൂക്കളുണ്ടാകുന്ന ചെടികൾ നട്ടുപിടിപ്പിക്കണം...

 തീച്ചിറകൻ തീച്ചിറകൻ

കൊങ്ങിണി (അരിപ്പൂവ്), കോസ്‌മോസ്, കൃഷ്‌ണകിരീടം, തെച്ചി, ബന്തി, വാടാമുല്ല, ചെമ്പരത്തി, പെന്റാസ്, ഗോൾഡ്‌ സ്‌പോട്ട്, കരവീരം... തുടങ്ങിയ പൂക്കളിൽ പൂമ്പാറ്റകൾ നിത്യസന്ദർശകരായെത്തും. ചിത്രശലഭ ഫൊട്ടോഗ്രഫിക്കും ഇവ പ്രയോജനം ചെയ്യും. ഇനി ലാർവയുടെ ഭക്ഷണസസ്യങ്ങൾ (Larval Host Plants) നട്ടുപിടിപ്പിക്കുകയോ നിലനിർത്തുകയോ ചെയ്‌താൽ ശലഭത്തിന്റെ ജീവിതചക്രത്തിലെ എല്ലാ ദശകളെയും നിരീക്ഷിക്കാനുമാകും.

വെള്ളിലതോഴി വെള്ളിലതോഴി

ലാർവാ ഭക്ഷണസസ്യമാണെങ്കിലോ... വിവിധയിനം നാരകങ്ങൾ, കറിവേപ്പില, പാണൽ, അരളി, ഈശ്വരമുല്ല, വെള്ളില, മുള, നീർമാതളം, കണിക്കൊന്ന, വിവിധയിനം തകരകൾ, കറുവ, മുള്ളിലം, പാർവതിച്ചെടി, പുൽവർഗസസ്യങ്ങൾ... അങ്ങനെ പോകുന്നു. ചുറ്റും വേലികെട്ടി സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ അധ്വാനം പാഴിലാവും..

ശലഭക്കാഴ്ച

 മഞ്ഞ ചിത്രശലഭം

ശലഭങ്ങളെ നിരീക്ഷിക്കുന്നതും ഇവയുടെ പേരുകളും ചിത്രങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തിവയ്ക്കുന്നതും മികച്ചൊരു ഹോബിയാണ്. കൂട്ടുകാർക്കും അത്തരമൊരു സൗന്ദര്യനിരീക്ഷണം ശീലമാക്കാം. പ്രകൃതിയുടെ വിസ്മയങ്ങൾ ആസ്വദിക്കാം. ഇതിനായി ഒരു ബുക്ക് കരുതിക്കോളൂ.

ഗരുഡശലഭം

 ഗരുഡശലഭം ഗരുഡശലഭം

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഗരുഡശലഭമാണ് (Southern Bird Wing) ഇവ തെക്കെ ഇന്ത്യയിൽ മാത്രമേ കണ്ടുവരുന്നുള്ളൂ. ഇതിന്റെ ലാർവയുടെ ഭക്ഷണസസ്യം ഗരുഡക്കൊടി (ഈശ്വരമൂലി) ആണ്. ഇതിന്റെ ചിറകളവ് 140 മില്ലിമീറ്റർ മുതൽ 190 മില്ലിമീറ്റർ വരെയാണ്.

ദേശങ്ങൾ താണ്ടി...

നാരകശലഭം നാരകശലഭം

പൂമ്പാറ്റകളിലും ദേശാടകരുണ്ടെന്നറിയാമല്ലോ. ഇതിൽ പ്രമുഖർ മൊണാർക്ക് ശലഭമാണ്. വടക്കെ അമേരിക്കയിലെ കാനഡയിൽനിന്നു തെക്കെ അമേരിക്കയിലെ മെക്‌സിക്കോയിലേക്ക് ഇവ താണ്ടുന്ന ദൂരം 3200 കിലോമീറ്റർ ആണ്! ചിത്രിത (Painted lady) എന്ന വിഭാഗം ചിത്രശലഭവും അതിവേഗ ദേശാടനക്കാരാണ്. നമ്മുടെ നാട്ടിലും കുറെയിനങ്ങൾ ദേശാടകരായുണ്ട്. അതിൽ പ്രമുഖർ ആൽബട്രോസ് ആണ്.

chemkomali ചെങ്കോമാളി

ഇലക്കൂടാരം

തൊടിയിലിറങ്ങി കാച്ചിലിന്റെ ഇല നിരീക്ഷിച്ചു നോക്കൂ... ഭംഗിയായി വെട്ടിനിർത്തിയ ഒരു കുഞ്ഞു ഇലക്കൂടാരം നിങ്ങൾക്കു കണ്ടെത്താനാവും. ഇത് ഇലമുങ്ങി (Water snow flat) ലാർവ (ശലഭപ്പുഴു) യുടേതാണ്. പുഴുക്കളെ ശത്രുക്കളിൽനിന്നു രക്ഷപ്പെടുത്താനുള്ള പ്രകൃതിയുടെ കരവിരുതു നോക്കൂ...

ബട്ടർഫ്ലൈ

albatross albatross

‘ബട്ടർഫ്ലൈ’ (Butterfly) എന്നാണല്ലോ പൂമ്പാറ്റകൾക്ക് ഇംഗ്ലിഷിൽ പറയുക. ബ്രിംസ്‌റ്റോൺ എന്നയിനം പൂമ്പാറ്റകളാണീ പേരിനു പിന്നിൽ. തെക്കൻ യൂറോപ്പിൽ കാലി മേച്ചുനടന്നവർക്കു വസന്തകാലത്ത് ഇളംമഞ്ഞ നിറത്തിലുള്ള ബ്രിംസ്‌റ്റോൺ പൂമ്പാറ്റകളുടെ പറക്കൽ വെണ്ണ (ബട്ടർ) പറക്കുന്നതുപോലെ തോന്നി. അങ്ങനെയാണ് പൂമ്പാറ്റകൾക്കു ‘ബട്ടർഫ്ലൈ’ എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു.