ADVERTISEMENT

മക്കളോട്  അമ്മമാർക്കുള്ള സ്നേഹത്തിന് അതിരുകളില്ല, അത് എല്ലാ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഇപ്പോഴിതാ ജനനത്തോടെ ജീവൻ നഷ്ടപ്പെട്ട കുഞ്ഞിന്റെ ശരീരം ഉപേക്ഷിച്ചു പോകാനാവാതെ വേദനയോടെ നീന്തുന്ന ഒരു അമ്മ ഡോൾഫിന്റെ ദൃശ്യങ്ങളാണ് നൊമ്പര കാഴ്ചയാകുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡോൾഫിൻ ഡിസ്കവറി സെന്ററിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ക്രാക്കർ എന്നു പേരുള്ള ഡോൾഫിനാണ് കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ജനിച്ചപ്പോൾത്തന്നെ കുഞ്ഞ് ജീവനറ്റ നിലയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ ശേഷവും കുഞ്ഞിന്റെ ജഡം ഉപേക്ഷിക്കാതെഅതിനൊപ്പം സമയം ചിലവിടുന്ന ഡോൾഫിനെ ദൃശ്യങ്ങളിൽ കാണാം. ഡോൾഫിൻ ഡിസ്കവറി സെന്ററിലെ സന്നദ്ധപ്രവർത്തകനായ അലൻ സിം എന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

കുഞ്ഞിന്റെ ജഡം വെള്ളത്തിലേക്ക് താഴ്ന്നു പോകുമ്പോഴൊക്കെ തന്റെ മുഖം കൊണ്ട് വെള്ളത്തിന്റെ ഉപരിതലത്തിൽ താങ്ങിനിർത്താൻ ശ്രമിക്കുകയാണ് ക്രാക്കർ. ജഡം വീണ്ടും വെള്ളത്തിനടിയിലേക്ക് പോകുമ്പോൾ അതിനൊപ്പം താഴേക്ക് നീങ്ങുന്ന ഡോൾഫിൻ തിരികെ കുഞ്ഞിന്റെ ശരീരവുമായാവും മുകളിലേക്കെത്തുക. കുഞ്ഞിനെ നഷ്ടമായാൽ ഡോൾഫിനുകൾ സാധാരണ ഇതേ രീതിയിലാണ് വിഷമം പങ്കുവയ്ക്കുന്നതെന്ന് ഡോൾഫിൻ സെന്റർ വ്യക്തമാക്കി. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട് ഏതാനും ദിവസങ്ങൾ ഈ രീതി തുടരും. ഇതിനിടെ ആരെങ്കിലും കുഞ്ഞിന്റെ ജഡത്തെ സമീപിച്ചാൽ അമ്മ ഡോൾഫിൻ ജഡം സംരക്ഷിക്കാനെന്നവണ്ണം അത് വലിച്ചു വെള്ളത്തിനടിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും.

ഇതേ രീതിയിൽ സങ്കടപ്പെടുന്ന ഡോൾഫിനുകളെ കണ്ടാൽ പരമാവധി അവയിൽ നിന്നും അകലം പാലിക്കണമെന്ന നിർദേശവും സെന്റർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ക്രാക്കറിന്റെ  നാലാമത്തെ കുഞ്ഞാണിത്. എന്നാൽ ഇവയിൽ കുക്കി, അൻസാക്ക് എന്നീ രണ്ട് കുഞ്ഞുങ്ങൾ മാത്രമാണ് ജീവനോടെ ഉള്ളത്. മൂന്നാമത്തെ കുഞ്ഞ് ഒരു വയസ്സ് പ്രായമുള്ളപ്പോൾ  മീൻവലയിൽ കുരുങ്ങി ചത്തിരുന്നു. ബോട്ടിൽനോസ് ഇനത്തിൽപെട്ട ഡോൾഫിനാണ് ക്രാക്കർ.

English SSummary: This Dolphin Didn't Want To Let Go Of Her Young Calf After It Died During Childbirth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com