ADVERTISEMENT

യുകെയിലെ സൗത്ത് വെയ്ൽസിൽ തിളങ്ങുന്ന വെള്ളി നിറത്തിലുള്ള കുറുക്കനെ കണ്ടെത്തി. കാർ പാർക്കിങ്ങിനു സമീപത്തു വച്ച് കോണർ മൈക്കിൾ എന്ന വ്യക്തിയാണ് രാത്രി ഏറെ വൈകിയ സമയത്ത് കുറുക്കനെ കണ്ടത്. അദ്ദേഹം പകർത്തിയ കുറുക്കന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

രാത്രി സമയത്ത് ഭക്ഷണം തേടിയാവാം കുറുക്കൻ നിരത്തിലേക്കിറങ്ങിയത് എന്നാണ് കരുതുന്നത്. മൈക്കിളിന്റെ കാർ തൊട്ടുമുന്നിലെത്തിയിട്ടും തെല്ലും ഭയക്കാതെ കുറുക്കൻ വഴിയിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ആദ്യകാഴ്ചയിൽ വളർത്തു നായയാണ് എന്നാണ് താൻ കരുതിയതെന്ന് മൈക്കിൾ പറയുന്നു. ഏറെ ഭംഗി തോന്നിയതോടെ അടുത്തെത്തി ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് അപൂർവ ഇനത്തിൽ പെട്ട മറ്റേതോ മൃഗമാണെന്ന് തിരിച്ചറിഞ്ഞത്.  ഉടൻതന്നെ അതിൻറെ ദൃശ്യങ്ങളും പകർത്തി.

വിശന്നുവലഞ്ഞ നിലയിലായിരുന്നു കുറുക്കനെന്നും മൈക്കിൾ വ്യക്തമാക്കി. ഇണക്കമുള്ളതാണെന്ന് മനസിലായതോടെ കൂടുതൽ അടുത്തുചെന്ന് വ്യക്തമായ ചിത്രങ്ങൾ പകർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് ഭയപ്പെടുമോ എന്ന ആശങ്ക മൂലമാണ് മൈക്കിൾ അതിനു മുതിരാഞ്ഞത്.

സാധാരണ കുറുക്കൻമാരിൽ നിന്നും രോമങ്ങളുടെ നിറത്തിൽ മാത്രമാണ് ഇവയ്ക്ക് വ്യത്യാസമുള്ളത്. കുറുക്കൻമാർ സാധാരണനിലയിൽ വളർത്തുമൃഗങ്ങളല്ലെങ്കിലും അപൂർവ ഇനത്തിൽ പെട്ട ഇവയെ ലഭിച്ചാൽ വളർത്താൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഏറെയാണ്. അതേ രീതിയിൽ സമീപപ്രദേശത്തുള്ള വീട്ടിൽ വളർത്തിയിരുന്ന രണ്ട് വെള്ളി കുറുക്കൻമാർ 2018 ലും ഈ വർഷം ജനുവരിയിലുമായി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അവയിൽ ഒന്നാവാം നിരത്തിലെത്തിയതെന്നാണ് നിഗമനം.  

അപൂർവ്വങ്ങളിൽ അപൂർവ്വമായതുകൊണ്ടുതന്നെ വെള്ളി നിറമുള്ള കുറുക്കൻമാരുടെ രോമത്തിന് വിപണിയിൽ വലിയ മൂല്യമാണുള്ളത്. പൂർണവളർച്ചയെത്തിയാൽ  അഞ്ചു മുതൽ ഏഴു കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് തല മുതൽ വാല് വരെ ഒരു മീറ്റർ നീളമുണ്ടാകും. വെള്ളി കുകുറുക്കൻമാരെ വീടുകളിൽ വളർത്താൻ താൽപര്യപ്പെടുന്നവർ ഏറെയാണെങ്കിലും അവയുടെ സവിശേഷതകളെക്കുറിച്ച് കൃത്യമായി പഠിച്ചശേഷം മാത്രമേ വീട്ടിൽ വളർത്താവൂ എന്ന നിർദ്ദേശമാണ് മൃഗസംരക്ഷണ സംഘടനകൾ   മുന്നോട്ടുവയ്ക്കുന്നത്.

English Summary: Rare silver fox spotted trotting across a road by an astonished driver in south Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com